
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
ദുബൈ: യുഎഇയിലെ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകള്‍ ഇനി ആപാര്‍ ഐഡികള്‍ നല്‍കേണ്ടതില്ലെന്ന് സിബിഎസ്ഇ. ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക തിരിച്ചറിയില്‍ രേഖയായി അപാര്‍ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്. ഇതോടെ ഇന്ത്യക്ക് പുറത്തുളള സ്കൂളുകളിലും ഇത് ബാധകമാകുമോയെന്നുളള ആശങ്ക വിദ്യാര്‍ഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു. അവസാന നിമിഷത്തെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ യുഎഇയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആധാര്‍ എടുത്തുവയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. യുഎഇയിലും മറ്റും ആധാര്‍ എടുക്കാനുളള സൗകര്യമില്ലാത്തതിനാല്‍ ആധാറെടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്ന് ആശങ്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ എല്‍ഒസി റജിസ്ട്രേഷന് അപാര്‍ ഐഡി ആവശ്യമില്ലെന്ന സിബിഎസ്ഇയുടെ പുതിയ സര്‍ക്കുലര്‍ ആശ്വാസമായിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വരെയാണ് എല്‍ഒസി റജിസ്ട്രേഷനുള്ള സമയം.
ആപാര്‍ ഐഡി ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ പേര്, പ്രായം, ജനനത്തീയതി, ഫോട്ടോ, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. യുഎഇയിലെ സ്കൂളുകളില്‍ പഠിക്കുന്ന മിക്കവാറും വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡില്ല. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വലിയ ആശങ്കയിലായത്. സിബിഎസ്ഇയുടെ പുതിയ അറിയിപ്പോടെ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. നാളെ മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ എല്‍ ഒ സി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്സ്) രജിസ്ട്രേഷന് ആരംഭിക്കുന്നത്.
https://www.gulf-chandrika.com/login-page