
ദുബൈയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രസ്റ്റണ്‍ പ്രോജക്റ്റിന് തറക്കല്ലിട്ടു
ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ കടരഹിത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ പ്രോജക്റ്റുകളിലൊന്നായ ‘കോണ്‍ഫിഡന്റ് പ്രസ്റ്റണി’ന് തറക്കല്ലിട്ടു. ദുബൈ ലിവാന്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ദുബൈ മാനേജിംഗ് ഡയറക്ടര്‍ രോഹിത് റോയ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. എമിറേറ്റില്‍ വളര്‍ന്നുവരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഈ പ്രോജക്റ്റിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. റോയ് സി.ജെ.യും ചടങ്ങില്‍ പങ്കെടുത്തു. ആഡംബരം, നവീനത, സാമൂഹിക മൂല്യങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ദുബൈയിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഡോ. റോയ് സി.ജെ. പറഞ്ഞു. ഗ്രൂപ്പിന്റെ മുന്‍ പദ്ധതിയായ കോണ്‍ഫിഡന്റ് ലാന്‍കാസ്റ്ററിന്റെ ശ്രദ്ധേയമായ വിജയത്തിന് ശേഷമാണ് പുതിയ പദ്ധതി. വിപണിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞ ലാന്‍കാസ്റ്റര്‍, നിശ്ചയിച്ച സമയത്തിന് മുമ്പായി, 2024 ജൂണില്‍ വെറും 11 മാസം കൊണ്ട് പൂര്‍ത്തിയാക്കി കൈമാറിയിരുന്നു. കോണ്‍ഫിഡന്റ് ലാന്‍കാസ്റ്ററിലെ ഉടമകള്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ ഗണ്യമായ നേട്ടം ലഭിച്ചു. കോണ്‍ഫിഡന്റ് ലാന്കാസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണം ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് വികസനത്തോടുള്ള ഞങ്ങളുടെ സമീപനത്തെ സാധൂകരിക്കുന്നതായി രോഹിത് റോയ് പറഞ്ഞു. ആഡംബരം, നവീനത, പരിസ്ഥിതി ബോധം എന്നിവ സംയോജിപ്പിച്ച് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തിലാണ് പുതിയ പദ്ധതി. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ 16 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.