
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ശുദ്ധ സാഹിത്യത്തിന്റെ നീരുറവയായി ഉടലെടുത്ത് നിള പോലെ പരന്നൊഴുകിയ മഹാപ്രതിഭയായിരുന്നു എംടി വാസുദേവന്‍ നായരെന്ന് ചന്ദ്രിക മുന്‍ പത്രാധിപരും എഴുത്തുകാരനും വാഗ്മിയുമായ സിപി സൈതലവി അഭിപ്രായപ്പെട്ടു. ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന സാംസ്കാരിക സമ്മേളനത്തില്‍ എംടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. ജീവിതം പോലെ തന്നെന ആരോടും കലഹിക്കാത്ത,ആരെയും വേദനിപ്പിക്കാത്ത സംശുദ്ധമായ എഴുത്തായിരുന്നു എംടിയുടേത്. തന്റെ രചനകളിലത്രയും സ്നേഹവും സൗഹാര്‍ദവും പാരസ്പര്യവുമാണ് എംടി ചേരുവ ചേര്‍ത്തത്.
എംടിയെ പോലെ വ്യാപകമായി അനുസ്മരിക്കപ്പെട്ട എഴുത്തുകാര്‍ വേറെയില്ല. ഇത് എംടിയുടെ വ്യക്തിപ്രഭാവത്തിന്റെ അടയാളമാണ്. കൂടുതല്‍ സംസാരിക്കാതെ ചുണ്ടിലെത്തും മുമ്പേ തിരിച്ചുപോകുന്ന പുഞ്ചിരിയുമായാണ് ഒമ്പതു പതിറ്റാണ്ടുകാലം എംടി ജീവിച്ചത്. ഇങ്ങനെ മൗനിയായിരുന്നിട്ടും മലയാളി എംടിയെ ഇത്രമേല്‍ ആദരിച്ചത് അദ്ദേഹത്തിന്റെ സംശുദ്ധമായ സാഹിത്യസപര്യയ്ക്കുള്ള അംഗീകാരമാണ്. നിലപാടുള്ള എഴുത്തുകാരനായിരുന്നു എംടി. ഒരിക്കല്‍ പോലും അദ്ദേഹം ഒരു വിവാദത്തിനും നേതൃത്വം നല്‍കിയിട്ടില്ല. മാത്രമല്ല, ഒരു ഘട്ടത്തിലും അധികാര വര്‍ഗത്തെ പിന്തുണക്കാനോ ഭരണകൂടത്തിനു സ്തുതിപാടാനോ എംടി തുനിഞ്ഞിട്ടില്ല. അനിവാര്യ ഘട്ടത്തില്‍ മാത്രം അഭിപ്രായ പ്രകടനം നടത്തുന്ന,അത്യാവശ്യത്തിനു മാത്രം പ്രതികരിക്കുന്ന പ്രകൃതമായിരുന്നു എംടിക്ക്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലോ പ്രതികരണങ്ങളിലോ വിമര്‍ശനമുന്നയിക്കാന്‍ ആരും ധൈര്യപ്പെടാറുണ്ടായിരുന്നില്ല. എംടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കാന്‍ മലയാളി തയാറായിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള പല സാഹിത്യകാരന്മാരും പലപ്പോഴും വിവാദങ്ങളിലകപ്പെട്ടപ്പോള് എംടി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായാണ് സഞ്ചരിച്ചത്.
അധികാര കേന്ദ്രങ്ങള്‍ക്കെതിരെ സാംസ്കാരിക നായകന്മാര് നിസംഗരായി നിന്ന പലഘട്ടങ്ങളിലും എംടി നിലപാടുകള്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചിട്ടുണ്ട്. പല ജനകീയ സമരങ്ങള്‍ക്കും മമ്പില്‍ നായകനായി എംടി നിന്നു. ഗൗരി ലങ്കേഷ് കൊലപ്പെട്ട സന്ദര്‍ഭത്തില്‍ ‘ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ശിക്ഷ മരണമാണെങ്കില്‍ ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെ’ന്ന എംടിയുടെ പ്രഖ്യാപനം സാംസ്കാരിക മണ്ഡലത്തില്‍ പ്രകമ്പനം തീര്‍ക്കുന്നതായിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ച് സംസാരിച്ച എംടിയെ വളഞ്ഞിട്ട് വേട്ടയാടിയ സംഘ്പരിവാരത്തിന് മുമ്പിലും അദ്ദേഹം മുട്ടുമടക്കിയില്ല. തുഞ്ചന്‍ പറമ്പിനെതിരെ സംഘ്പരിപാര്‍ നടത്തിയ ഗൂഢനീക്കത്തെ മഹാപര്‍വതം പോലെ പ്രതിരോധിച്ചത് എംടിയായിരുന്നു. എംടിയുടെ അസാന്നിധ്യം നമ്മെ വേവലാതിപ്പെടുത്തുന്നുണ്ട്.
എംടി സംസാരിക്കണമെന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതി സമൂഹത്തിന്റെ സംക്ഷണ കവചമായി അതുനിലകൊള്ളും. എംടിയെ ഓര്‍ക്കാതെ മലയാളിക്ക് ഒരു നിമിഷം പോലും മുേേന്നാട്ടുപോകാനാവില്ല. വായനക്കാര്‍ മാത്രമല്ല,എഴുത്തുകാര്‍ പോലും എംടിയെ അല്ലാതെ മറ്റൊരാളെ ഇത്രയേറെ വായിച്ചിട്ടുണ്ടാകില്ലെന്നും സിപി സൈതലവി കൂട്ടിച്ചേര്‍ത്തു. അനുസ്മരണ സമ്മേളനത്തില്‍ ഐഐസി പ്രസിഡന്റ് ടി.ഹിദായത്തുല്ല അധ്യക്ഷനായി. യു.അബ്ദുല്ല ഫാറൂഖി,ശിഹാബുദ്ദീന് പൊയ്ത്തുംകടവ്,അബ്ദുറഹ്്മാന് മങ്ങാട് പ്രസംഗിച്ചു.