
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
യുറേഷ്യന്‍ സാമ്പത്തിക യൂണിയന് കൗണ്‍സിലില്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് പങ്കെടുത്തു
മിന്‍സ്ക്: യുഎഇയിലും യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളിലുമുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഈ രാജ്യങ്ങളുമായുള്ള യുഎഇയുടെ സൗഹൃദവും സഹകരണവും സജീവമായി തുടരുമെന്നും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ബെലാറസിലെ മിന്‍സ്കിലെ ‘സ്വാതന്ത്ര്യ കൊട്ടാരത്തില്‍’ ഇന്നലെ നടന്ന സുപ്രീം യുറേഷ്യന്‍ സാമ്പത്തിക യൂണിയന്(ഇഎഇയു) കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രതിനിധിയായാണ് ശൈഖ് ഖാലിദ് സാമ്പത്തിക കൗണ്‍സിലില്‍ പങ്കെടുക്കുന്നത്. സ്വകാര്യ മേഖലയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ കരാറുകളില്‍ യുഎഇ ഒപ്പുവച്ചിട്ടുണ്ട്. സംരംഭകരെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ആഗോളതലത്തിലേക്ക് വളര്‍ത്തുന്നതിന് ഈ കരാറുകള്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും ഇഎഇയു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം കഴിഞ്ഞ വര്‍ഷം 27 ശതമാനം വര്‍ധിച്ച് 29 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. മാത്രമല്ല, യുഎഇയും ഇഎഇയു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2021 മുതല്‍ നാലിരട്ടിയാണ് വര്‍ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക കൗണ്‍സിലില്‍ ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ അധ്യക്ഷനായി. ഇഎഇയു അംഗരാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരെയും സര്‍ക്കാര്‍ തലവന്മാരും പങ്കെടുത്തു. ഉസ്ബെക്കിസ്ഥാന്,ക്യൂബ,അസര്ബൈജാന്,തുര്‍ക്ക്മെനിസ്ഥാന്‍,മംഗോളിയ,സിംബാബ്വെ, മ്യാന്മര് എന്നിവയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പമാണ് യുഎഇയും വിശിഷ്ടാതിഥിയായി സാമ്പത്തിക കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.
കൗണ്‍സിലില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്ക്കും സര്‍ക്കാര്‍ മേധാവികള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ശൈഖ് ഖാലിദ് അറിയിച്ചു. ബെലാറസ് ആതിഥേയത്വം വഹിക്കുന്ന സുപ്രീം യുറേഷ്യന്‍ ഇക്കണോമിക് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇയെ ക്ഷണിച്ചതിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയോട് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നന്ദി അറിയിക്കുകയും ചെയ്തു.