
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
കുട്ടികള്‍ക്ക് 'സോഷ്യല്‍ മീഡിയ വേണോ?' എന്നതായിരുന്നു വിഷയം
ഷാര്‍ജ: എക്സ്പോ സെന്ററില്‍ നടക്കുന്ന ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലില്‍ ‘കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വേണമോ?’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചിന്തനീയവും ആസ്വാദ്യകരവുമായി. കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങങ്ങളിലെ പോസിറ്റീവ്,നെഗറ്റീവ് വശങ്ങളെ കുറിച്ച് ആലോചിക്കാനും ആവശ്യകതയെക്കുറിച്ച് നിലപാട് അറിയിക്കുവാനുമുള്ള അവസരംകൂടിയായി സംവാദം മാറി. ലൈഫ് കോച്ചും ഫാമിലി കൗണ്‍സിലറും എഴുത്തുകാരിയുമായ ഹംസ യൂനുസാണ് സെഷന് നയിച്ചത്. 8 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്ത സംവാദത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. 12 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും അത് ആരോഗ്യം,സമയം,പഠനം തുടങ്ങിയവയ്ക്ക് ഹാനികരമാണെന്നും പലരും അഭിപ്രായപ്പെട്ടു.
അതേസമയം,ടീന്‍ ഏജിലുള്ള കുറച്ച് കുട്ടികള്‍ക്ക് യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകളുണ്ട്. അവരില്‍ ചിലര്‍ വീഡിയോസ് പങ്കുവെക്കുകയോ റീലുകള്‍ കാണുകയോ ചെയ്യുന്നവരാണ്. സൂക്ഷ്മതയോടെയും ആത്മനിയന്ത്രണത്തോടെയും ഉപയോഗിച്ചാല്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ അതിന്റെ ദോഷം ഉണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു.’ലൈക്കുകളും കമന്റുകളും നമ്മെ ദുഖിപ്പിക്കുന്നുണ്ടോ? അതിനെ അത്ര ഗൗരവമായി എടുക്കേണ്ട. അതിനുള്ള ഭയം വേണ്ട,’ എന്ന് ഹംസ യൂനുസ് പറഞ്ഞു. ‘സ്വയം മൂല്യനിര്‍ണയം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള അംഗീകാരത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ ആശ്രയിക്കരുതെന്നും ദിവസത്തില്‍ കുറച്ച് മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും ഇത് ഭാവിയില്‍ തൊഴില്‍ ജീവിതത്തിലും ആശയക്കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോകാനാവുമെന്നും ഹംസ യൂനുസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ നന്മകളും തിന്മകളും എന്തെല്ലാമെന്നും അവര്‍ വിശദീകരിച്ചു. കുട്ടികളെ തികച്ചും അതില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയില്ല. കാരണം ഇന്നത്തെ ജീവിതരീതിയായി അവ മാറിക്കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍, കുട്ടികളെ സുരക്ഷിതമായി അവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം. അപകടങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയക്ക് പുറത്ത് സമയം ചെലവഴിക്കാനുള്ള സൃഷ്ടിപരമായ നിര്‍ദേശങ്ങളും, കുടുംബവും സുഹൃത്തുക്കളുമായുള്ള സംവേദനത്തിലൂടെയായി അതിനുള്ള ആശ്രയം കുറയ്ക്കാനുള്ള മാര്‍ഗങ്ങളും സെഷനില്‍ പങ്കുവച്ചു. മെയ് 4 വരെ നടക്കുന്ന 16ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം പുസ്തകങ്ങളിലേക്ക് .ഊളിയിടുക എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ള 133 അതിഥികളും 22 രാജ്യങ്ങളില്‍ നിന്നുള്ള 122 അറബ്,അന്താരാഷ്ട്ര പ്രസാധക സംസ്ഥാനങ്ങളും കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.