
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
ഐഐടിയില്‍ കൂടുതല്‍ വിദ്യാഭ്യാസ പദ്ധതികള്‍
അബുദാബി: യുഎഇയില്‍ കൂടുതല്‍ ഇന്ത്യന്‍ പാഠ്യപദ്ധതി സ്കൂളുകള്‍ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. എമിറേറ്റ്സിലുടനീളം ഇന്ത്യന്‍ സ്കൂളുകള്‍ക്ക് അബുദാബി വിദ്യാഭ്യാസ വകുപ്പ് നല്കുന്ന പിന്തുണയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അഡെക് ചെയര്‍പേഴ്സണ്‍ സാറ മുസല്ലയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്നലെ അബുദാബി ഡല്‍ഹി ഐഐടി കാമ്പസ് സന്ദര്‍ശിച്ചു. സ്റ്റെം വിദ്യാഭ്യാസം, ബാല്യകാല വിദ്യാഭ്യാസം, അധ്യാപക പരിശീലനം എന്നിവയില്‍ സഹകരണത്തിനുള്ള പുതിയ വഴികള്‍ തേടുന്നതിന് സാറാ മുസല്ലമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മന്ത്രി ഐഐടി ഡല്‍ഹി അബുദാബി കാമ്പസില്‍ പര്യടനം നടത്തി. അദ്ദേഹം ആദ്യത്തെ വിദേശ അടല്‍ ഇന്നൊവേഷന് സെന്ററും ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജത്തിലും സുസ്ഥിരതയിലും പിഎച്ച്.ഡി. പ്രോഗ്രാമും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് (മൂന്നാം യുജി സ്ട്രീം) മന്ത്രി ഉദ്ഘാടനം ചെയ്തു. ഐഐടി ഡല്‍ഹി അബുദാബിയിലെ വിദ്യാര്‍ത്ഥികളുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു. തുടര്‍ന്ന് മന്ത്രി ബിഎപിഎസ് ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ചു.
വൈവിധ്യത്തെ സ്വീകരിക്കുന്നതില്‍ ഇന്ത്യയുടെയും യുഎഇയുടെയും തുല്യ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. യുഎഇയില്‍ വിജയകരമായ പ്രവര്‍ത്തനത്തിന്റെ ഒരു വര്‍ഷം പിന്നിട്ട സിംബയോസിസ് സര്‍വകലാശാലയുടെ ദുബൈ കാമ്പസ് മന്ത്രി സന്ദര്‍ശിച്ചു. ഇന്ന് യുഎഇയിലെ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാറുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ദുബൈ കാമ്പസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുക്കും. തുടര്‍ന്ന് യുഎഇയിലെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും മറ്റ് ജിസിസി രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാരുമായി വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.