
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ മൊത്തം ഉത്പാദന ശേഷി 3,860 മെഗാവാട്ട് ആയി വര്‍ധിച്ചു. ഫോട്ടോ വോള്‍ട്ടെയ്ക് (പിവി) സോളാര്‍ പാനലുകളും കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (സിഎസ്പി) സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് സോളാര്‍ പാര്‍ക്കിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചതെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ഈ വര്‍ഷം തുടക്കം മുതല്‍, സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തില്‍ നിന്ന് ‘ദേവ’ 800 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ത്തു. ഇത് മൊത്തം ഉത്പാദന ശേഷിയുടെ ഏകദേശം 21.5% ശുദ്ധമായ ഊര്‍ജത്തിന്റെ പങ്ക് എത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിര ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജത്തിന്റെ പ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈാഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനവും നിര്‍ദേശങ്ങളും തങ്ങളുടെ തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതികളും ഇതിന് പ്രചോദനമായെന്നും അല്‍ തായര്‍ പറഞ്ഞു. ഭരണാധികാരിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനും 2050 ഓടെ എമിറേറ്റിന്റെ ഊര്‍ജ ഉത്പാദന ശേഷിയുടെ 100% ശുദ്ധമായ സ്രോതസുകളില്‍ നിന്ന് നല്കാന് ലക്ഷ്യമിടുന്ന ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050ഉം ദുബൈ നെറ്റ്സീറോ കാര്‍ബണ്‍ എമിഷന്‍സ് സ്ട്രാറ്റജി 2050ഉം കൈവരിക്കുന്നതിനുമുള്ള തങ്ങളുടെ പ്രധാന പദ്ധതിയാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക്. 2030 ആകുമ്പോഴേക്കും, സോളാര്‍ പാര്‍ക്കിന്റെ ഉത്പാദന ശേഷി 7,260 മെഗാവാട്ടിലെത്തും. ദേവയുടെ ഊര്‍ജ മിശ്രിതത്തിന്റെ 34% ശുദ്ധമായ ഊര്‍ജമായിരിക്കും. ഇത് പ്രതിവര്‍ഷം ഏകദേശം എട്ട് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പിവി സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് 13 മെഗാവാട്ട് ശേഷിയുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ ആദ്യ ഘട്ടം 2013 ഒക്ടോബറില്‍ കമ്മീഷന് ചെയ്തതാണ്. 2017 മാര്‍ച്ചില്‍ 200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. ഇത് പിവി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ സ്വതന്ത്ര പവര്‍ പ്രൊഡ്യൂസര്‍ (ഐപിപി) മോഡലിനെ അടിസ്ഥാനമാക്കി മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സൗരോര്‍ജ പദ്ധതിയായിരുന്നു ഇത്.
പിവി സാങ്കേതിക വിദ്യ ഉപയോഗിച്ച് 800 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കിന്റെ മൂന്നാം ഘട്ടം 2020 നവംബറില്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സിംഗിള്‍ ആക്സിസ് സോളാര്‍ ട്രാക്കിങ് ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആദ്യത്തേതായിരുന്നു. 2023 ഡിസംബറില്‍ സിഎസ്പിയും പിവി പാനലുകളും സംയോജിപ്പിച്ച് 950 മെഗാവാട്ട് മൊത്തം ശേഷിയുള്ള സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു. ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിന് ഇത് മൂന്ന് ഹൈബ്രിഡ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. ഒരു പാരബോളിക് ബേസിന് കോംപ്ലക്സില്‍ നിന്ന് 600 മെഗാവാട്ട്,ഒരു സോളാര്‍ പവര്‍ ടവറില്‍ നിന്ന് 100 മെഗാവാട്ട്,സോളാര്‍ പാനലുകളില്‍ നിന്ന് 250മെഗാവാട്ട് എന്നീ രീതിയിലാണ് ഊര്‍ജോത്പാദനം നടന്നത്. ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് 900 മെഗാവാട്ട് ശേഷി ശേഷിയുള്ള അഞ്ചാം ഘട്ടം 2023 ജൂണില്‍ ഉദ്ഘാടനം ചെയ്തു.പിവി പാനലുകള്‍ ഉപയോഗിച്ച് 1,800 മഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
1,600 മെഗാവാട്ട് ശേഷിയുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ ഏഴാം ഘട്ടം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ദേവ അന്താരാഷ്ട്ര ഡെവലപ്പര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. 2,000 മെഗാവാട്ട് ആയി വികസിപ്പിക്കാവുന്ന ഈ ഘട്ടത്തില്‍ പിവി സോളാര്‍ പാനലുകളും 1,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവും ആറ് മണിക്കൂര്‍ ഉപയോഗിക്കും. ഇത് മണിക്കൂറില്‍ മൊത്തം 6,000 മെഗാവാട്ട് സംഭരണ ശേഷി നല്‍കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലസ് സ്റ്റോറേജ് പദ്ധതികളില്‍ ഒന്നായി ഇതിനെ മാറ്റുകയാണ് ദേവയുടെ ലക്ഷ്യം. ഐപിപി മോഡലിന് കീഴിലാണ് ഈ ഘട്ടം നടപ്പിലാക്കുന്നതെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.