
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ദുബൈ: റമസാന്‍, ഈദുല്‍ ഫിത്വര്‍ അവധി ദിവസങ്ങളില്‍ ദുബൈ പൊലീസ് 222 യാചകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 222 യാചകരില്‍ 33 പേരെയും ഈദുല്‍ ഫിത്വര്‍ സമയത്ത് പ്രത്യേകമായി പിടികൂടിയതായി ക്രിമിനല്‍ പ്രതിരോധ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ അദിദി റിപ്പോര്‍ട്ട് ചെയ്തു. പല യാചകരും റമസാനിന്റെയും ഉത്സവ സീസണുകളുടെയും ജീവകാരുണ്യ മനോഭാവത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും, പലപ്പോഴും കുട്ടികളെയും, വൈകല്യമുള്ളവരെയും ഉള്‍പ്പെടുത്തുകയോ, സഹതാപം നേടുന്നതിനായി മെഡിക്കല്‍ അവസ്ഥകള്‍ കെട്ടിച്ചമയ്ക്കുകയോ ചെയ്യുന്നതായി വഞ്ചനാപരമായ രീതികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കുട്ടികളുമായി യാചിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട നിരവധി കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഭിക്ഷാടന പോരാട്ടം’ എന്ന മുദ്രാവാക്യവുമായി കാമ്പയിന് ആരംഭിച്ചത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐഎസിഎഡി), അല്‍ അമീന് സര്‍വീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ്. യാചന തടയുക മാത്രമല്ല, തെരുവ്, ഓണ്‍ലൈന്‍ യാചനയുടെ അപകടങ്ങളെയും നിയമവിരുദ്ധതയെയും കുറിച്ച് പൊതുജന അവബോധം വളര്‍ത്തുക കൂടിയാണ് കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് ആന്റിബിഗിംഗ് വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖാമിസ് അഭിപ്രായപ്പെട്ടു.
വിദേശ പള്ളി നിര്‍മ്മാണത്തിനായുള്ള വ്യാജ ധനസമാഹരണവും കെട്ടിച്ചമച്ച മാനുഷിക അഭ്യര്‍ത്ഥനകളും കാമ്പയിന് ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചാരിറ്റബിള്‍ സംഘടനകള്‍ വഴി മാത്രം സംഭാവന നല്‍കണമെന്നും, സഹായങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ക്യാപ്റ്റന്‍ ഖാമിസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ ‘പൊലീസ് ഐ’ ഫീച്ചര്‍ ഉപയോഗിച്ച് 901 എന്ന നമ്പറില്‍ വിളിച്ചോ www.ecrime.ae എന്ന ഇക്രൈം പ്ലാറ്റ്ഫോം വഴി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇയില്‍ യാചന 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. യാചകരുടെ സംഘം പ്രവര്‍ത്തിപ്പിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷ യാചിക്കാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതോ കണ്ടെത്തിയാല്‍ ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും ലഭിക്കും. പെര്‍മിറ്റ് ഇല്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് 500,000 ദിര്‍ഹം പിഴ ചുമത്തും.