
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എയര്‍ ടാക്സി സര്‍വീസ് നടത്തും
ദുബൈ: അടുത്ത വര്‍ഷം ആകാശ യാത്രയ്ക്കായി ദുബൈ ആവിഷ്കരിച്ച എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം. ദുബൈ-അല്‍ ഐന്‍ റോഡിലുള്ള മാര്ഗാമിലെ ദുബൈ ജെറ്റ്മാന്‍ ഹെലിപാഡില്‍ നിന്ന് മാധ്യമ പ്രതിനിധികളുടെയും ജോബി ഏവിയേഷന്‍ ടീമിലെ മുതിര്‍ന്ന അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് എയര്‍ ടാക്സി പറന്നുയര്‍ന്നത്. മരുഭൂമിക്കു മുകളില്‍ നരേ ചൊവ്വേ സഞ്ചരിച്ച എയര്‍ ടാക്സി പിന്നീട് നിരവധി വളവുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ലാന്‍ഡ് ചെയ്തത്.
ജോബി ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത പറക്കും ടാക്സി ദുബൈയുടെ നഗരയാത്രാ ശൃംഖലയുടെ പ്രധാന നാഴികക്കല്ലായി മാറും. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എയര്‍ ടാക്സി സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണ തോതിലുള്ള എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമഗ്ര തയാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതെന്നും നവീന സൗകര്യങ്ങളുടെ ആഗോള കേന്ദ്രമായി മാറാനുള്ള ദുബൈയുടെ താല്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ‘ഈ നേട്ടം ദൂരങ്ങള്‍ കുറയ്ക്കുകയും ദുബൈയിലെ ജീവിത നിലവാരം വര്‍ധിപ്പിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കുകയും ചെയ്യുമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സുഗമവും വേഗമേറിയതും സുരക്ഷിതവുമായ യാത്ര ആഗ്രഹിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി ഏരിയല്‍ ടാക്സി പുതിയ പ്രീമിയം സേവനം അവതരിപ്പിക്കുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡയരക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് കാറില്‍ ഏകദേശം 45 മിനിറ്റാണ് സമയദൈര്‍ഘ്യം. എന്നാല്‍ വെറും 12 മിനിറ്റ് കൊണ്ട് എയര്‍ ടാക്സി പറന്നെത്തും. പൊതുഗതാഗത സംവിധാനങ്ങളുമായും ഇ സ്കൂട്ടറുകള്,സൈക്കിളുകള്‍ പോലുള്ള വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകളുമായും സംയോജനം ശക്തിപ്പെടുത്താനും നഗരത്തിലുടനീളം തടസമില്ലാത്ത മള്‍ട്ടിമോഡല്‍ യാത്ര മെച്ചപ്പെടുത്തി എല്ലാ യാത്രക്കാര്‍ക്കും സുഗമവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കാനും ഈ സേവനം സഹായിക്കുമെന്നും മതാര്‍ അല്‍ തായര്‍ പറഞ്ഞു. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ഓഫ് ആന്റ് ലാന്‍ഡിങ് (വിറ്റോള്) വിമാനത്തിന് ഒരു പൈലറ്റിനെയും നാലു യാത്രക്കാരെയും വഹിക്കാന്‍ കഴിയുമെന്ന് ജോബി ഏവിയേഷനിലെ എയര്‍ക്രാഫ്റ്റ് ഒഇഎം പ്രസിഡന്റ് ദിദിയര്‍ പാപഡോ പൗലോസ് പറഞ്ഞു.
ഇതിന് മണിക്കൂറില്‍ 320 കി.മീറ്റര്‍ വേഗതയില്‍ പറക്കാനും 450 കി.ഗ്രാം വരെ പേലോഡ് വഹിക്കാനും കഴിയും. സാധാരണ ഹെലികോപ്റ്ററിനേക്കാള്‍ 100 മടങ്ങ് നിശബ്ദമാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നടത്തിയ നിരവധി പരീക്ഷണങ്ങളില്‍ ഒന്നാണിതെന്നും അടുത്ത വര്‍ഷം ആരംഭിക്കുന്ന പാസഞ്ചര്‍ സര്‍വീസിന്റെ നിരവധി ഘട്ടങ്ങളുടെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോബിക്ക് പുറമേ,യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ അബുദാബിയിലെ പങ്കാളികളുമായി സഹകരിച്ച് യുഎഇ തലസ്ഥാനത്ത് മറ്റൊരു പറക്കും ടാക്സി സര്‍വീസും ആരംഭിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം തുടക്കത്തിലോ ഇത് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ജോബി ആപ്പ് വഴി യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പാപഡോപൗലോസ് പറഞ്ഞു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും മറീനയ്ക്കും ഇടയിലായിരിക്കും പ്രാരംഭ റൂട്ട്. ഭാവിയില്‍ ഡൗണ്ടൗണ് ദുബൈയിലേക്കും പാം ജുമൈറയിലേക്കും പദ്ധതി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രാനിരക്കില്‍ ധാരണയായിട്ടില്ലെങ്കിലും ഉബര്‍ നിരക്കുകള്ക്ക അനുസൃതമാകുമെന്നാണ് സൂചന. ഒന്നിലേറെ എയര്‍ ടാക്സികള്‍ സര്‍വീസ് നടത്താനാണ് ജോബിയുടെ പദ്ധതി. യുഎഇയിലുടനീളം പറക്കും ടാക്സി സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് മറ്റു എമിറേറ്റുകളുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരു ചിറകുകളിലുമായി ആകെ നാലു ബാറ്ററി പായ്ക്കുകളാണ് ഇതിനുള്ളത്. ആറ് പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളുമുണ്ട്. മൂന്ന് ഘട്ടങ്ങളിലൂടെയാണ് എയര്‍ ടാക്സികള്‍ പറക്കുന്നത്. ചാര്‍ജിങ് സിസ്റ്റത്തില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇവ രൂപകല്പന ചെയ്തിട്ടുള്ളത്. ഈ പറക്കും ടാക്സി അങ്ങേയറ്റം സുരക്ഷിതമാണെന്നും പാപഡോപൗലോസ് ഉറപ്പുനല്‍കി.