
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: എമിറേറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്കുന്ന വിവിധ മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) സംഘടിപ്പിച്ച മെഗാ ഈദ് ആഘോഷം വര്‍ണാഭമായി. കാറുകള്‍,സ്വര്‍ണ ബാറുകള്‍,റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍,500 ദിര്‍ഹമിന്റെ വൗച്ചറുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 5 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കായി സമ്മാനിച്ചത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അണിനിരന്ന രണ്ടുദിവസത്തെ ആഘോഷത്തില്‍ 42,000ല്‍ അധികം തൊഴിലാളികള്‍ പങ്കാളികളായി.
‘നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തില്‍ ദുബൈ അല്‍ഖൂസിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ജിഡിആര്‍എഫ്എ അസി.ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍,ദുബൈ വര്‍ക്ക് റെഗുലേഷന് സെക്ടര്‍ അസി.ഡയരക്ടര്‍ കേണല്‍ ഉമര്‍ മത്വര്‍ അല്‍ മുസൈന എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.
ഇന്ത്യ,പാകിസ്താന്,ബംഗ്ലാദേശ്,ഫിലിപ്പീന്‍സ്,ശ്രീലങ്ക,നേപ്പാള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഈദ് ആഘോഷത്തില്‍ പങ്കെടുത്തു. സംഗീതവും നൃത്ത പരിപാടികളും കൈനിറയെ സമ്മാനങ്ങളും സാംസ്കാരിക ആവിഷ്കാരങ്ങളുമെല്ലാം കോര്‍ത്തിണക്കി സംഘടിപ്പിച്ച പരിപാടി രാജ്യത്തെ പ്രവാസി തൊഴിലാളികളോടുള്ള യുഎഇയുടെ കരുതലിന്റെയും സഹകരണത്തിന്റെയും വേദിയായി മാറി. ദുബൈയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ സംഭാവനകള്‍ നല്കുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. നന്ദിയുടെയും ഉള്‍ക്കൊള്ളലിന്റെയും മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് ഈ ആഘോഷമെന്നും തൊഴിലാളികള്‍ക്ക് ഈദ് ആഘോഷിക്കാനും പരസ്പരം സൗഹൃദം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് പരിപാടിയെന്നും കേണല്‍ ഉമര്‍ മത്വര്‍ അല്‍ മുസൈന വ്യക്തമാക്കി. പരിപാടിയുടെ വിജയത്തിനായി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്റ് എമിറൈസേഷന്‍,ദുബൈ പൊലീസ്,ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ),ദുബൈ മുനിസിപ്പാലിറ്റി,സിവില്‍ ഡിഫന്‍സ്,ദുബൈ കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. ഒപ്പം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്,ദുബൈ ചാരിറ്റി അസോസിയേഷന്, ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റി,മായ് ദുബൈ,വീ വണ്‍, നബാദത്ത് അല്‍ എമിറേറ്റ്സ് വോളണ്ടിയര്‍ ടീം തുടങ്ങിയ മാനുഷിക സംഘടനകളും പരിപാടിക്ക് പിന്തുണ നല്കി. ബലിപെരുന്നാള്‍ ദിവസം രാവിലെ തൊഴിലാളികള്‍ക്കായി ഈദ് നിസ്കാരവും ഡയരക്ടറേറ്റ് സംഘടിപ്പിച്ചിരുന്നു.