
സംയമനം പാലിക്കണം: യുഎഇ
ദുബൈ: പ്രകൃതി,കായികം,വിനോദം,സാമൂഹിക ഇടപെടല്‍ എന്നിവ സമഞ്ജസമായി സമന്വയിപ്പിക്കുന്ന മുശ്രിഫ് നാഷണല്‍ പാര്‍ക്കില്‍ ‘മുശ്രിഫ് ഹബ്ബ്’ ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.ദുബൈയിലെ ഏറ്റവും വലുതും പ്രശസ്തവുമായ പാര്‍ക്കുകളിലൊന്നില്‍ സ്ഥിതി ചെയ്യുന്ന മുശ്രിഫ് ഹബ്ബ് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് സമ്മാനിക്കുന്നത്. ജനക്ഷേമവും സജീവമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിന് അനുസൃതമായി എമിറേറ്റിലുടനീളമുള്ള പൊതു പാര്‍ക്കുകള്‍ നവീകരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ബ്രഹത്തായ പദ്ധതിയുടെ ഭാഗമാണ് മുശ്രിഫ് ഹബ്ബെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
ദുബൈയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും നീളമേറിയ മൗണ്ടന്‍ ബൈക്ക് ട്രാക്ക്,പ്രത്യേക വൈദഗ്ധ്യ മേഖല,കഫേകള്‍,റെസ്റ്റാറന്റുകള്‍,വസ്ത്രം മാറുന്ന മുറികള്‍,ഷവറുകള്‍, ചാപ്പല്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ മുശ്രിഫ് ഹബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. 9.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൗണ്ടന്‍ ഹൈക്കിംഗ് പാത ഇവിടത്തെ സവിശേഷമായ സംരംഭമാണ്. ഇത് മധ്യ ദുബൈയിലെ തന്നെ ആദ്യത്തേതാണ്. സാധാരണ നടത്തക്കാര്‍ മുതല്‍ കൂടുതല്‍ നൂതന ഹൈക്കര്‍മാര്‍ വരെ വിവിധ നൈപുണ്യ തലങ്ങള്‍ക്ക് അനുയോജ്യമായ നടത്ത ട്രാക്ക് ഈ പാതയിലുണ്ട്. 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു മൗണ്ടന്‍ ബൈക്കിങ് ട്രാക്കും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇത് മൂന്ന് വര്‍ണാഭമായ ലെവലുകളായി തിരിച്ചിരിക്കുന്നു. തുടക്കക്കാര്‍ക്ക് പച്ച ട്രാക്കും ഇന്റര്‍മീഡിയറ്റ് റൈഡര്‍മാര്‍ക്ക് നീല ട്രാക്കും പ്രഫഷണല്‍ മൗണ്ടന്‍ ബൈക്കര്‍മാര്‍ക്ക് ചുവന്ന ട്രാക്കുമാണ് ഒരുക്കിയിട്ടുള്ളത്. മുശ്രിഫ് ഹബ്ബിന്റെ പ്രവര്‍ത്തന സമയം രാത്രി വരെ നീട്ടിയിട്ടുണ്ട്. വൈകുന്നേര സമയം കൂടുതല്‍ മനോഹരമാക്കാന്‍ ലൈറ്റിങ് സൗകര്യങ്ങള്‍ മുനിസിപ്പാലിറ്റി മെച്ചപ്പെടുത്തിയിരുന്നു.
സൈക്ലിംഗ്, ഓട്ടമത്സരങ്ങള്‍ തുടങ്ങിയ നിരവധി കായിക മത്സരങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. പ്രകൃതിദത്തമായ സാഹചര്യത്തില്‍ ഫിറ്റ്നസും വിനോദവും പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ഹബ്ബിന്റെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജന്‍സി സിഇഒ ബദര്‍ അന്‍വാഹി പറഞ്ഞു. ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയെ പിന്തുണയ്ക്കുകയും ജീവിക്കാനും സന്ദര്‍ശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും പ്രകൃതിയുമായുള്ള സമൂഹത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുകയുമാണ് മുശ്രിഫ് ഹബ്ബിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.