
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ദുബൈ: മെട്രോ യാത്രയില്‍ സമയം ലാഭിക്കാന്‍ ദുബൈ ആര്‍ടിഎ റെഡ് ലൈനില്‍ ഡയറക്ട് റൂട്ട് നടപ്പാക്കി. ഇത് നഗരത്തിലെ മെട്രോ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക് തിരക്ക് ലഘൂകരിക്കുന്നതിനും സഹായകമാവും. പുതുതായി ആരംഭിച്ച സേവനം സെന്റര്‍പോയിന്റ് സ്റ്റേഷനെ അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. ഇത് തിരക്കേറിയ രാവിലെയും വൈകുന്നേരവും യാത്രക്കാര്‍ക്ക് ഗുണകരമാവും. നിലവിലുള്ള രണ്ട് ഡയറക്ട് റൂട്ടുകളായ സെന്റര്‍പോയിന്റ് ടു എക്സ്പോ സിറ്റി ദുബൈ, സെന്റര്‍പോയിന്റ് ടു ലൈഫ് ഫാര്‍മസി സ്റ്റേഷന് എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്നു. ഇത് റെഡ് ലൈന്‍ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നു. ഇതോടെ ആര്‍ടിഎ ഇപ്പോള്‍ റെഡ് ലൈനില്‍ ആകെ മൂന്ന് റൂട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. മൂന്ന് റൂട്ടുകള്‍ നടപ്പാക്കിയതോടെ യാത്രക്കാര്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുകയും മറ്റുള്ള റൂട്ടുകളില്‍ തിരക്ക് കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. നേരത്തെ, സെന്റര്‍പോയിന്റ് സ്റ്റേഷനും എക്സ്പോ സിറ്റി സ്റ്റേഷനും ഇടയില്‍ ആര്‍ടിഎ നേരിട്ടുള്ള റൂട്ട് ഉണ്ടായിരുന്നു. എക്സ്പോ സിറ്റിയിലേക്കോ ലൈഫ് ഫാര്‍മസി സ്റ്റേഷനിലേക്കോ പോകുന്ന യാത്രക്കാര്‍ ഇനി ജബല്‍ അലി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ട്രെയിനുകള്‍ മാറേണ്ടതില്ല എന്നതാണ് ഈ റൂട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. പകരം, സെന്റര്‍ പോയിന്റില്‍ നിന്ന് നേരിട്ട് എല്ലാ റൂട്ടുകളിലേക്കും ട്രെയിന്‍ ലഭിക്കും. ഇത് മാറിക്കയറുന്ന സമയം ലാഭിക്കാനും തിരക്ക് കുറക്കാനും കഴിയും. റെഡ് ലൈനില്‍ യാത്ര ചെയ്യുന്നവര്‍
ആശയക്കുഴപ്പം ഒഴിവാക്കാന്‍, യാത്രക്കാര്‍ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് ശരിയായ സര്‍വീസില്‍ കയറുന്നുവെന്ന് ഉറപ്പാക്കാന്‍ സ്റ്റേഷനുകളിലെ തത്സമയ ഡിസ്പ്ലേ സ്ക്രീനുകള്‍ പരിശോധിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു. ആര്‍ടിഎയുടെ അഭിപ്രായത്തില്‍, നേരിട്ടുള്ള സേവനങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്ക് കുറയ്ക്കുകയും, യാത്രക്കാര്‍ക്കുള്ള മൊത്തത്തിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുകയും, മൊത്തം ട്രെയിന്‍ കിലോമീറ്ററുകള്‍ കുറച്ചുകൊണ്ട് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും, മെട്രോ ശൃംഖലയിലുടനീളം പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.