
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
30 കി.മീറ്റര്‍ നീളമുള്ള നീലവരപ്പതാക്കാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തറക്കല്ലിട്ടത്
ദുബൈ: ദുബൈ മെട്രോയുടെ ആദ്യ ബ്ലൂ ലൈന്‍ പാതയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തറക്കല്ലിട്ടു. ദുബൈ ക്രീക്കിലൂടെ 1.3 കി.മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പാതയുടെ ആദ്യ സ്റ്റേഷന്റെ തറക്കല്ലിടല്‍ കര്‍മമാണ് ഭരണാധികാരി നിര്‍വഹിച്ചത്. അല്‍ ജദ്ദാഫ് (ഗ്രീന്‍ ലൈന്‍),അല്‍ റാഷിദിയ (റെഡ് ലൈന്‍),ഇന്റര്‍നാഷണല്‍ സിറ്റി 1 എന്നീ മൂന്ന് ഇന്റര്‍ചേഞ്ച് ഹബ്ബുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 44,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതും 350,000 യാത്രക്കാരെ പ്രതിദിനം ഉള്‍ക്കൊള്ളുന്നതുമായ ഏറ്റവും വലിയ ഭൂഗര്‍ഭ ഇന്റര്‍ചേഞ്ചും ഇതിലുണ്ട്. ‘ദുബൈ മെട്രോയുടെ ബ്ലൂ ലൈനിന്റെ ആദ്യ സ്റ്റേഷന് ഞാന്‍ തറക്കല്ലിട്ടു, ദുബൈയുടെ പ്രശസ്തമായ നഗര ലാന്റ് മാര്‍ക്കുകളില്‍ പുതിയ വാസ്തുവിദ്യാ ചിഹ്നമായി മാറാന്‍ പോകുന്ന ഒരു സ്റ്റേഷന്. മൊത്തം 56 ബില്യണ്‍ ദിര്‍ഹം നിക്ഷേപത്തോടെ ബ്ലൂ ലൈന്‍ 30 കിലോമീറ്റര്‍ നീണ്ടുകിടക്കും. ഇത് ദുബൈയുടെ റെയില്‍ ശൃംഖലയുടെ മൊത്തം നീളം 131 കിലോമീറ്ററും സ്റ്റേഷനുകളുടെ എണ്ണം 78ഉം ആയി ഉയര്‍ത്തും’ എന്ന ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ദുബൈ മെട്രോ 2.5 ബില്യണിലധികം യാത്രക്കാരെയാണ് വഹിച്ചത്. പ്രതിദിനം ശരാശരി 900,000 യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുന്നുണ്ട്. പുതിയ പാത എമിറേറ്റിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും സ്മാര്‍ട്ട് നഗര വികസനത്തിനും സുസ്ഥിര മൊബിലിറ്റിക്കുമുള്ള ദുബൈയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ‘ഞങ്ങള്‍ ദുബൈയെ വികസിപ്പിക്കുന്നത് തുടരുകയാണ്. ലോകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരം നിര്‍മിക്കുന്നത് ഞങ്ങള്‍ തുടരുന്നു’വെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും മിര്‍ദിഫ്,അല്‍ വര്‍ഖ, ഇന്റര്‍നാഷണല്‍ സിറ്റി 1,2,ദുബൈ സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി,റാസല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബൈ ക്രീക്ക് ഹാര്‍ബര്‍,ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നീ ഒമ്പത് പ്രധാന പ്രദേശങ്ങളെയും ബ്ലൂ ലൈന്‍ നേരിട്ട് ബന്ധിപ്പിക്കും. ദുബൈ ക്രീക്കിന് മുകളിലുള്ള ആദ്യ മെട്രോ പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
ബ്ലൂ ലൈനിന്റെ പൂര്‍ത്തീകരണം ദുബൈയുടെ റെയില്‍ ശേഷിയും കണക്ടിവിറ്റിയും ഗണ്യമായി വര്‍ധിപ്പിക്കും. 168 ട്രെയിനുകളായി സര്‍വീസ് വികസിപ്പിക്കും. ഇതില്‍ 157 മെട്രോയും 11 ട്രാം യൂണിറ്റുകളുമാണുണ്ടാവുക. സുസ്ഥിരവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ രൂപരേഖയാണ് തയാറാക്കിയിട്ടുള്ളത്. പ്ലാറ്റിനം ലെവല്‍ ഗ്രീന്‍ ബില്‍ഡിങ് സര്ട്ടിഫിക്കേഷന് നേടുന്ന ദുബൈയുടെ ആദ്യ മെട്രോ പദ്ധതിയാണ് ബ്ലൂ ലൈന്‍. സ്റ്റേഷനുകളില്‍ ബസ് ബേകള്‍,ടാക്സി സ്റ്റാന്റുകള്‍,ബൈക്ക്,ഇ സ്കൂട്ടര്‍ സോണുകള്‍,മറ്റു ആക്സസ് ചെയ്യാവുന്ന സൗകര്യങ്ങളും ഉള്‍പ്പെടുന്നു. എമാര്‍ സ്റ്റേഷന്റെ പ്രീമിയം മെറ്റീരിയലുകള്‍,പ്രകൃതിദത്ത ലൈറ്റിങ് ഡിസൈന്‍,സംയോജിത നഗര സ്ഥലനിര്മാണങ്ങള് എന്നിവ ഭാവിയിലേക്കുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങളോടുള്ള ദുബൈയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. ബ്ലൂ ലൈന്‍ മൊത്തം 30 കിലോമീറ്റര്‍ നീളത്തിലായിരിക്കും.15.5 കിലോമീറ്റര്‍ ഭൂഗര്‍ഭത്തിലും 14.5 കിലോമീറ്റര്‍ നിലത്തുനിന്ന് മുകളിലുമാണ്. ദുബൈ മെട്രോയുടെ റെഡ്,ഗ്രീന്‍ ലൈനുകള്‍ തമ്മിലുള്ള ഒരു പ്രധാന സംയോജന പോയിന്റാണ് പുതിയ ലൈന്‍.
2009 മുതല്‍ ദുബൈ മെട്രോയുടെ റെഡ്,ഗ്രീന്‍,റൂട്ട് 2020 ലൈനുകളും മെട്രോ ട്രാമും നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ ആണിക്കല്ലായി മാറിയിട്ടുണ്ട്. നിലവില്‍ പൊതുഗതാഗത ഉപയോഗത്തിന്റെ 60% ഇവയാണ്. ബ്ലൂ ലൈന്‍ 14 പുതിയ സ്റ്റേഷനുകള്‍ കൂടി ചേര്‍ക്കുന്നതോടെ, ഈ സംവിധാനം അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമായ നഗര ഗതാഗതത്തിനായുള്ള ഒരു ആഗോള മാനദണ്ഡമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും.