
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
പത്തു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കും
ദുബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മെട്രോ ബ്ലൂ ലൈന്‍ ജനസാന്ദ്രത കൂടുതലുള്ള ഒമ്പത് ജില്ലകളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഇതിലൂടെ ഏകദേശം പത്ത് ലക്ഷം താമസക്കാര്‍ക്ക് നേരിട്ട് സേവനം നല്കുന്ന പരിവര്‍ത്തനാത്മക പൊതുഗതാഗത പുരോഗതിയാണ് ദുബൈ പ്രാപിക്കുക. ദുബൈ ക്രീക്ക് ഹാര്‍ബര്‍,ദുബൈ ഫെസ്റ്റിവല്‍ സിറ്റി,റാസല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ,ഇന്റര്‍നാഷണല്‍ സിറ്റി (1,2,3),ദുബൈ സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി,അല്‍ വര്‍ഖ,മിര്‍ദിഫ്,അല്‍ റാഷിദിയ എന്നീ ജില്ലകളെയാണ് ബ്ലൂലൈന്‍ ബന്ധിപ്പിക്കുന്നത്. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനും റോഡ് തിരക്ക് ലഘൂകരിക്കുന്നതിനും റസിഡന്‍ഷ്യല്‍,വാണിജ്യ,അക്കാദമിക് കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്നതിനും സഹായകമാകും. 14 സ്റ്റേഷനുകളോടെ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ദിഷ്ട പദ്ധതി.
ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെയും ദുബൈ ഇക്കണോമിക് അജണ്ട ഡി33ന്റെയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന സ്വപ്ന വികനമാണിത്. സാമ്പത്തികവും സാമൂഹികവുമായ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ ഗതാഗത സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതി ദുബൈയുടെ ’20 മിനിറ്റ് നഗരം’ എന്ന ദര്‍ശനത്തിനും പൂര്‍ണ പിന്തുണയേകും. ’20 മിനിറ്റ് നഗരം’ യാഥാര്‍ഥ്യമാകുന്നതോടെ അവിടത്തെ താമസക്കാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള 80% യാത്രയ്ക്കും ബ്ലൂലൈന്‍ ഉപകരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തറക്കല്ലിട്ട ഈ പദ്ധതിയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് നിര്‍മിക്കുന്നത്. എമാര്‍ പ്രോപ്പര്‍ട്ടീസ് എന്ന ഈ സ്റ്റേഷന്റെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 74 മീറ്റര്‍ ഉയരത്തിലാണ് സ്റ്റേഷന് സ്ഥിതി ചെയ്യുക.
രണ്ട് പ്രധാന റൂട്ടുകളാണ് ബ്ലൂ ലൈനിലുള്ളത്. അല്‍ ജദ്ദാഫിലെ ഗ്രീന്‍ ലൈനിലെ ക്രീക്ക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റി,ദുബൈ ക്രീക്ക് ഹാര്‍ബര്‍,റാസല്‍ ഖോര്‍ എന്നിവയിലൂടെ കടന്നുപോകുന്നതാണ് ആദ്യ റൂട്ട്. ഭൂഗര്‍ഭ ഇന്റര്‍ചേഞ്ച് സ്റ്റേഷന് ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ സിറ്റി 1ല്‍ എത്തുന്നു. ഇന്റര്‍നാഷണല്‍ സിറ്റി 2,3 എന്നിവയിലേക്ക് റൂട്ട് തുടരും. ദുബൈ സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി വരെയും നീളുന്നതാണിത്. 21 കിലോമീറ്റര്‍ നീളമുള്ള ഈ റൂട്ടില്‍ ആകെ 10 സ്റ്റേഷനുകളാണുള്ളത്. രണ്ടാമത്തെ റൂട്ട് അല്‍ റാഷിദിയയിലെ റെഡ് ലൈനിലെ സെന്റര്‍ പോയിന്റ് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇത് മിര്‍ദിഫ്,അല്‍ വര്‍ഖ എന്നിവയിലൂടെ കടന്നുപോകുന്നു. ഇന്റര്‍നാഷണല്‍ സിറ്റി 1 ഇന്റര്‍ചേഞ്ച് സ്റ്റേഷനിലാണ് ഇത് അവസാനിക്കുന്നത്.
ഈ റൂട്ടിന് 9 കിലോമീറ്റര്‍ നീളവും നാലു സ്റ്റേഷനുകളുമാണുള്ളത്. അല്‍ റുവായ 3ല്‍ ഒരു മെട്രോ ഡിപ്പോയുടെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.