
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
ദുബൈ: എമിറേറ്റ്സ് റോഡിലൂടെയുള്ള യാത്ര ഇനി സുഗമമാവും. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളില്‍ ഒന്നായ എമിറേറ്റ്സ് റോഡിലെ അറ്റകുറ്റപണികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. വിള്ളലുകളും കുഴികളും വേഗത്തില്‍ കണ്ടെത്താന്‍ വേണ്ടിയാണിത്. രാജ്യത്തെ സ്കൂളുകള്‍ വേനലവധി കഴിഞ്ഞ് തുറക്കുന്നതിന് മുമ്പ് തന്നെ റോഡ് പണി തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബൈ ആര്‍ടിഎ. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനുമായി അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള 14 കിലോമീറ്റര്‍ റോഡിന്റെ ഒരു ഭാഗം ആര്‍ടിഎ ടീമുകള്‍ കണ്ടെത്തിയിരുന്നു. ഗതാഗത ശൃംഖലയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് റോഡ് തകരാറുകള്‍ തിരിച്ചറിയാന്‍ ലേസര്‍ ബീം സാങ്കേതികവിദ്യ സഹായിക്കുന്നതായി ആര്‍ടിഎയിലെ റോഡ്സ് ആന്‍ഡ് ഫെസിലിറ്റി മെയിന്റനന്‍സ് ഡയറക്ടര്‍ അബ്ദുല്ല ലൂത്ത പറഞ്ഞു. ഈ റോഡിലൂടെയുള്ള വര്‍ധിച്ച തോതിലുള്ള ലോറി ഗതാഗതം കാരണം പാതയില്‍ തകരാറുകള്‍ ഉണ്ടെന്ന് ഡാറ്റ കാണിക്കുന്നു. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് രണ്ട് ദിശകളിലായി അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോറികളുടെ സഞ്ചാരം കാരണം വ്യത്യസ്ത എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകള്‍ക്ക് ഉള്‍ഭാഗത്തെ റോഡുകളേക്കാള്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. 2023ല്‍ ആദ്യമായി പുറത്തിറക്കിയ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളുടെയും ലേസര്‍ സ്കാനിംഗ് കഴിവുകളുടെയും സഹായത്തോടെ 1 മില്ലീമീറ്റര്‍ വരെ ചെറിയ വിള്ളലുകള്‍ കണ്ടെത്താന്‍ കഴിയും. റോഡ് ഉപരിതലം സ്കാന്‍ ചെയ്ത് തല്‍ക്ഷണം വിള്ളലുകള്‍ കണ്ടെത്തി ലേസര്‍ പട്രോളിംഗ് പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യ ഇടപെടലില്ലാതെ എഐ അല്‍ഗോരിതങ്ങള്‍ പിടിച്ചെടുത്ത ഡാറ്റ തത്സമയം പ്രോസസ്സ് ചെയ്യുന്നു. വിള്ളലിന്റെ വീതി, ആഴം, സ്ഥാനം തുടങ്ങിയ വിവിധ പാരാമീറ്ററുകള്‍ വിശകലനം ചെയ്യുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ വിള്ളലുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കാനും ആര്‍ടിഎ ലക്ഷ്യമിടുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ റോഡ് യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാനാവുമെന്നും ലൂത്ത കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക അപകടരഹിത ദിന കാമ്പയിന് കീഴില്‍ ആഗസ്ത് 25ന് വാഹനമോടിക്കുന്നവര്‍ അപകടങ്ങള്‍ ഒഴിവാക്കുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവരുടെ ലൈസന്‍സില്‍ നിന്ന് നാല് ബ്ലാക്ക് പോയിന്റുകള്‍ നീക്കം ചെയ്യാനും കഴിയും. ഇ611 എന്നറിയപ്പെടുന്ന എമിറേറ്റ്സ് റോഡ് 110 കിലോമീറ്റര്‍ നീളമുള്ളതാണ്. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളിലെ വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡിലേക്കും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കും ഉള്ള ഒരു പ്രധാന ബദല്‍ റൂട്ടാണിത്. സെന്‍ട്രല്‍ ദുബൈയിലൂടെ പോകാതെ തന്നെ അബുദാബിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവും. ഷാര്‍ജയിലെ അല്‍ ബദീ ഇന്റര്ചേഞ്ചിനെയും ഉമ്മുല്‍ ഖുവൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ ദൂരത്തില്‍ പാതകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തും. ഇത് റൂട്ടിന്റെ ശേഷി മണിക്കൂറില്‍ 9,000 വാഹനങ്ങളായി ഉയര്‍ത്തും. മണിക്കൂറില്‍ 13,200 വാഹനങ്ങള്‍ക്ക് ഉപകരിക്കുംവിധം ആറ് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ എമിറേറ്റ്സ് റോഡിലെ ഇന്റര്‍ചേഞ്ച് നമ്പര്‍ 7 നവീകരിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ പണി സപ്തംബറില്‍ ആരംഭിക്കും. രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.