സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: റെക്കോര്‍ഡ് വരുമാന നേട്ടത്തോടെ ദുബൈ സഫാരി പാര്‍ക്ക് വേനല്‍ക്കാലത്തേക്ക് ഔദ്യോഗികമായി അടച്ചു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിജയകരമായ സീസണായിരുന്നു ഇത്തവണത്തേതെന്ന് അധികൃതര്‍ പറഞ്ഞു. എട്ട് മാസത്തോളം നീണ്ടുനിന്ന പ്രദര്‍ശനത്തിന് അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16% വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 52,700ലധികം സഫാരി ടൂറുകള്‍ ഇത്തവണ നടത്തി. പാര്‍ക്കിന്റെ ഓഫറുകളില്‍ അതിയായ താല്പര്യം പ്രകടിപ്പിച്ച് വാരാന്ത്യങ്ങളിലും അവധിക്കാല ആഘോഷങ്ങളിലും തിരക്കേറിയ ജനക്കൂട്ടമായിരുന്നു.
ഈദുല്‍ ഇത്തിഹാദ് അവധിക്കാലം മാത്രം നാലു ദിവസത്തിനുള്ളില്‍ 43,000ത്തിലധികം സന്ദര്‍ശകരാണ് സഫാരി പാര്‍ക്കിലെത്തിയത്. ഇത് പുതിയ റെക്കോര്‍ഡാണ്. ഇത്തവണ ആറാം സീസണില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നിരവധി പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരുന്നത്. നൈറ്റ് സഫാരി ഉദ്ഘാടന ദിവസമാണ് വലിയ ജനക്കൂട്ടം ഒഴുകിയെത്തിയത്. ഈ മാസത്തില്‍ 17,000 സന്ദര്‍ശകര്‍ ആസ്വാദനത്തിനെത്തി. ലൈവ് അനിമല്‍ പ്രസന്റേഷന് ആയ എക്കോസ് ഓഫ് ദി വൈല്‍ഡും സന്ദര്‍ശകരെ ഹഠാദാകര്‍ഷിച്ചു. 80,000ത്തിലധികം പേരാണ് ഇത് കാണാനെത്തിയത്. വൈല്‍ഡ് ഫിയസ്റ്റ, വൈല്‍ഡ് ഇന്‍ ദി നൈറ്റ്,ഇഫ്താര്‍ ഇന്‍ ദി വൈല്‍ഡ് തുടങ്ങിയ പരിപാടികളിലേക്കും സന്ദര്‍ശക പ്രവാഹമായിരുന്നു.
പാര്‍ക്കിന്റെ ഇത്തവണത്തെ ശ്രദ്ധേയ പരിപാടിയായിരുന്ന കുഞ്ഞു കാണ്ടാമൃഗത്തിനുള്ള നാമകരണ കാമ്പയിന് വന്‍ വിജയമായി. 13,000ത്തിലധികം ആളുകള്‍ പാര്‍ക്കിലെ ഏറ്റവും പുതിയ കാണ്ടാമൃഗത്തിന് ഒനിക്സ് എന്ന് പേരിടാന്‍ വോട്ട് ചെയ്തു. എണ്ണത്തില്‍ മാത്രമല്ല,സ്വാധീനത്തില്‍ പോലും സീസണ് 6 തങ്ങള്‍ക്ക് പരിവര്‍ത്തനാത്മക അധ്യായമായി മാറിയെന്ന് ദുബൈ സഫാരി പാര്‍ക്ക് ഡയരക്ടര്‍ മുന അല്ഹജേരി പറഞ്ഞു. ഏഴാം സീസണിനായി പാര്‍ക്ക് ഒക്ടോബര്‍ 14ന് വീണ്ടും തുറക്കും. വന്യജീവി സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും പുതുമയുള്ള അനുഭവങ്ങളും പുതിയ ആകര്‍ഷണങ്ങളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.