
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
80,000 ദുരിതബാധിതര്‍ക്ക് ആശ്വാസമാകും
ദുബൈ: ഭൂകമ്പം വിതച്ച തീരാദുരിതത്തിന്റെ പ്രയാസം പേറുന്ന മ്യാന്മര് ജനതയ്ക്ക് ദുബൈ ഹ്യൂമാനിറ്റേറിയന്റെ 167 മെട്രിക് ടണ്ണിന്റെ സഹായ ഹസ്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് അവശ്യ സഹായ സാമഗ്രികള്‍ അടങ്ങിയ കപ്പല്‍ അയച്ചത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറുമായി (യുഎന്‍എച്ച്സിആര്‍) സഹകരിച്ച് സഹായമെത്തിക്കുന്ന ദുബൈയുടെ കപ്പല്‍ യാങ്കോണിലേക്കായി ജബല്‍ അലി തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. ഏകദേശം 80,000 ദുരിതബാധിതരെ സഹായിക്കാനുള്ള ടാര്‍പോളിനുകള്‍,അടുക്കള സെറ്റുകള്‍,സോളാര്‍ ലാമ്പുകള്‍,ബക്കറ്റുകള്‍ തുടങ്ങിയ 167 മെട്രിക് ടണ്ണിലധികം അവശ്യ ദുരിതാശ്വാസ വസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
തങ്ങള്‍ സൗകര്യമൊരുക്കുന്ന ഓരോ ഷിപ്പ്മെന്റും സാധനങ്ങള്‍ മാത്രമല്ല,ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശംകൂടി പകര്‍ന്നുനല്‍കുന്നതാണെന്ന് ദുബൈ ഹ്യൂമാനിറ്റേറിയന്‍ സിഇഒയും ബോര്‍ഡ് അംഗവുമായ ഗ്യൂസെപ്പെ സാബ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ എത്ര വേഗത്തില്‍ പ്രതികരിക്കുന്നുവന്നതു മാത്രമല്ല, ആവശ്യമുള്ള സമൂഹങ്ങള്‍ക്കൊപ്പം എത്രത്തോളം സ്ഥിരതയോടെ നിലകൊള്ളുന്നു എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍ വഴിയുള്ള രണ്ട് കപ്പല്‍ സഹായങ്ങളില്‍ ആദ്യത്തേതാണിത്. കഴിഞ്ഞ മാസം രണ്ടു വിമാനങ്ങളിലായി മ്യാന്മര് ജനതയ്ക്ക് സഹായമെത്തിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടു കപ്പലുകളിലായുള്ള മാനുഷിക സഹായം. കടല്‍,വായു മാര്‍ഗങ്ങളിലൂടെയുള്ള സഹായവും ഏകോപനം പ്രത്യാശയും സംരക്ഷണവും പ്രായോഗിക പിന്തുണയും നല്കുന്ന ദുബൈ ഹ്യൂമാനിറ്റേറിയന്റെ നിലപാടുകളും തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പല്‍മാര്‍ഗം സഹായമെത്തിക്കുന്നതിന്റെ ചിലവുകള്‍ ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഇംപാക്റ്റ് ഫണ്ട് (ജിഎച്ച്ഐഎഫ്) പൂര്‍ണമായും വഹിച്ചു. അന്താരാഷ്ട്ര ദുരിതാശ്വാസ പങ്കാളികള്‍ക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന മാനുഷിക ആവശ്യങ്ങള്‍ക്കനുസൃതമായി അവരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കാന്‍ ഇത് പ്രാപ്തമാക്കിയിട്ടുണ്ട്.
മേഖലയിലുടനീളവും ആഗോളതലത്തിലും അടിയന്തര പ്രതികരണ ശ്രമങ്ങളില്‍ സഹായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കുന്നതിലും സുഗമമാക്കുന്നതിലും യുഎഇയുടെ മുന്‍നിര മാനുഷിക പങ്കിനെ സീനിയര്‍ ഉപദേഷ്ടാവും യുഎന്‍എച്ച്സിആര്‍ പ്രതിനിധിയുമായ ഡോ.ഖാലിദ് ഖലീഫ പ്രശംസിച്ചു. ദുബൈയില്‍ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മാനുഷിക ശേഖരണങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ബാധിതബാധിത സമൂഹങ്ങള്‍ക്ക് പുനര്‍ജീവന്‍ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘വിനാശകരമായ ഭൂകമ്പം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും മ്യാന്മറിലെ സമൂഹങ്ങള്‍ ഇപ്പോഴും കഠിനമായ ദുരിതങ്ങളിലാണ് കഴിയുന്നത്. അപര്യാപ്തമായ പാര്‍പ്പിടങ്ങള്‍, തിങ്ങിനിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകള്‍,തകര്‍ന്ന ജലവിതരണ സംവിധാനങ്ങള്‍,പരിമിതമായ ശുചിത്വ സേവനങ്ങള്‍ എന്നിവ കാരണം അവര്‍ ഏറെ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് അടിയന്തിരമായി സഹായം ആവശ്യമാണ്. ദുബൈ ഹ്യൂമാനിറ്റേറിയന്റെ ഈ വലിയ സഹായത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ദുരന്തം അതിജീവിച്ചവരെ സഹായിക്കുന്നതിന് അവശ്യ ദുരിതാശ്വാസ വസ്തുക്കള്‍ അയയ്ക്കുന്നത് യുഎന്‍എച്ച്സിആര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.