
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈ സൗത്തിലെ റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ നൂതന മഴവെള്ള ഡ്രെയിനേജ് നിര്‍മിക്കും. ദുബായ് സൗത്തിന്റെ ഡ്രെയിനേജ് ശൃംഖലയെ എക്സ്പോ റോഡ് വഴി ദുബൈ മുനിസിപ്പാലിറ്റിയുടെ തുരങ്ക സംവിധാനവുമായി ബന്ധിപ്പിക്കുന്ന പുതിയ ദ്വിതീയ മഴവെള്ള തുരങ്ക നിര്‍മാണത്തിനും കരാര്‍ ഒപ്പുവച്ചു.. കൊടുങ്കാറ്റിലൂടെ കുത്തിയൊലിക്കുന്ന വെള്ളത്തെയും ഉപരിതല നീരൊഴുക്കിനെയും മികച്ച രീതിയില്‍ കടത്തിവിടുന്നതിനും വെള്ളപ്പൊക്ക സാധ്യതകള്‍ കുറയ്ക്കുന്നതിനും റോഡുകള്‍,കെട്ടിടങ്ങള്‍,പൊതു ആസ്തികള്‍ എന്നിവ സംരക്ഷിക്കുന്നതിനും പദ്ധതി സഹായകമാകും. അതോടൊപ്പം
ആത്യന്തിക സുരക്ഷിതത്വം നല്‍കാനും സുസ്ഥിരമായ നഗരപരിസ്ഥിതി നിലനിര്‍ത്താനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതി ഗുണം ചെയ്യും. പമ്പിങ് സ്റ്റേഷനുകളുടെ നിര്‍മാണ,പ്രവര്‍ത്തന ചിലവുകള്‍ 20 ശതമാനം കുറയ്ക്കുകയും സെക്കന്റില്‍ ഏകദേശം നാലു ക്യുബിക് മീറ്റര്‍ പരമാവധി ഫ്ളോ റേറ്റ് ശേഷിയുള്ള ആഴമേറിയ തുരങ്ക അടിസ്ഥാന സൗകര്യങ്ങളുടെ രൂപകല്പനയും നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതും നഗര പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതുമായ എമിറേറ്റിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്ന ബൃഹത്തായ ‘തസ്രീഫ്’ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
നേരത്തെ ദുബൈ മുനിസിപ്പാലിറ്റി എക്സ്പോ സിറ്റി,എയര്‍പോര്‍ട്ട് ഡിസ്ട്രിക്ട് എന്നിവയുള്‍പ്പെടെ അല്‍ മക്തൂം സിറ്റി പ്രദേശത്ത് ഭൂഗര്‍ഭജലവും മഴവെള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്ന ആഴത്തിലുള്ള തുരങ്കങ്ങള്‍ വിജയകരമായി യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ദുബൈ എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനം, പ്രത്യേകിച്ച് മഴവെള്ള ഡ്രെയിനേജ് മുനിസിപ്പാലിറ്റിയുടെ പ്രധാന മുന്‍ഗണനാ പദ്ധതിയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ മര്വാന് അഹമ്മദ് ബിന്‍ ഗാലിറ്റ പറഞ്ഞു. ഉപരിതല ജല സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഞങ്ങളുടെ സംയോജിത സമീപനത്തെ തെളിയിക്കുന്നതാണ് പുതിയ പദ്ധതി. കൂടാതെ ആഴത്തിലുള്ള തുരങ്കങ്ങളുടെ ഏകീകൃത ശൃംഖലയിലൂടെ എമിറേറ്റിന്റെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തസ്രീഫ് പ്രോഗ്രാമിനു കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതും കാര്യക്ഷമവുമായ സംരംഭമാണിത്. അടുത്ത 100 വര്‍ഷത്തേക്ക് മഴവെള്ള ഡ്രെയിനേജ് ശൃംഖലകള്‍ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മര്വാന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ദുബൈ മുനിസിപ്പാലിറ്റി നേതൃത്വം നല്കുന്ന 30 ബില്യണ്‍ ദിര്‍ഹമിന്റെ ദീര്‍ഘകാല മഴവെള്ള ഡ്രെയിനേജ് വികസന പദ്ധതിയാണ് തസ്രീഫ് പദ്ധതി. 2033 ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ പദ്ധതി എമിറേറ്റിന്റെ എല്ലാ മേഖലകളിലേക്കും കവറേജ് വ്യാപിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം മഴവെള്ളം കൈകാര്യം ചെയ്യുന്നതിനായി നെറ്റ്വര്‍ക്കിന്റെ ഡ്രെയിനേജ് ശേഷി 700 ശതമാനം വര്‍ധിപ്പിക്കും.