 
 പഴയ മോഡല്‍ പാസ്പോര്‍ട്ടിന് വിട; ഡിജിറ്റല്‍ ചിപ്പോടെഇ-പാസ്പോര്‍ട്ട് സംവിധാനം ആരംഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഇ-പാസ്പോര്‍ട്ട് മാത്രമേ ലഭിക്കൂ. ഒക്ടോബര്‍ 28 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആഗോളതലത്തില്‍ നടപ്പാക്കിയ ഇ-പാസ്പോര്‍ട്ട് സംവിധാനം ദുബൈയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെയും സേവനങ്ങളിലേക്കും വ്യാപിപ്പിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് ശിവന് അറിയിച്ചു. പാസ്പോര്‍ട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഒരു ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തിയതാണ് ഈ പുതിയ സംവിധാനത്തിന്റെ മുഖ്യ സവിശേഷത. അതിലൂടെ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലും കൂടുതല്‍ സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന രംഗത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സാങ്കേതിക പുരോഗതിയെന്ന നിലയിലാണ് ഇ-പാസ്പോര്‍ട്ട് കണക്കാക്കുന്നത്. അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്ന ഈ സംവിധാനത്തില്‍, അപേക്ഷകര്‍ക്ക് അവരുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ രണ്ട് മിനിറ്റില്‍ താഴെ സമയം മതിയാകുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. പഴയ പാസ്പോര്‍ട്ട് നമ്പര്‍ നല്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതോടെ അപേക്ഷാ പ്രക്രിയ അവസാനിക്കും എന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സ് എ. അമര്‍നാഥ് അറിയിച്ചു. ഇനിമുതല്‍ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ പുതുക്കിയ ജിപിഎസ്.പി 2.0 (Global Passport Seva Programme 2.0) പ്ലാറ്റ്ഫോം വഴിയാകും അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രേഖകള്‍ നേരിട്ട് അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതോടെ ബി.എല്‍.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം കുറയും. സേവനദാതാക്കളുടെ സഹായത്തോടെ ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പഴയ അപേക്ഷ നിലനിര്‍ത്താനോ, അല്ലെങ്കില്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വീണ്ടും പൂരിപ്പിക്കാനോ കോണ്‍സുലേറ്റ് ഇളവ് നല്‍കിയിട്ടുണ്ട്. പഴയ അപേക്ഷയില്‍ തുടരുന്നവര്‍ക്ക് കടലാസ് പാസ്പോര്‍ട്ട് ലഭിക്കുമ്പോള്‍, പുതുക്കിയ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കുന്നവര്‍ക്ക് ഇ-പാസ്പോര്‍ട്ട് ലഭിക്കും. ഇന്ത്യന്‍ പൗരന്മാരുടെ യാത്രാ സുരക്ഷയും ഡിജിറ്റല്‍ സൗകര്യവും ഉറപ്പാക്കുന്നതിലേക്കുള്ള വലിയ ചുവടുവെപ്പായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.