
അവധിക്കാല യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ സജ്ജമായി
കൂടുതല്‍ പ്രാദേശിക ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ലുലു ഗ്രൂപ്പ്; പുതിയ കരാര്‍ ഒപ്പുവച്ചു
അല്‍ഐന്‍: അല്‍ഐനിലെ അഡ്നോക് സെന്ററില്‍ ആരംഭിച്ച എമിറേറ്റ്സ് കാര്‍ഷിക സമ്മേളനത്തിലേക്കും പ്രദര്‍ശനത്തിലേക്കും വന്‍ ജനപ്രവാഹം. യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും നവീന ആശയങ്ങളും അടയാളപ്പെടുത്തുന്ന എമിറേറ്റ്സ് കാര്‍ഷിക പ്രദര്‍ശന സമ്മേളനത്തിലേക്ക് ഭരണാധികാരികളും കാര്‍ഷിക വിദഗ്ധരും നിക്ഷേപകരും വിദ്യാര്‍ഥികളുമടക്കം നിരവധി പേരാണ് എത്തുന്നത്. യുഎഇയിലെ ഏറ്റവും വലിയ കാര്‍ഷിക വിപണന,പ്രദര്‍ശന മേള വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആദ്യ ദിവസം ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്‍ ദഹഖ് അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും വിദ്യാര്‍ഥികളും ഭാഗമായി.
നാളെ സമാപിക്കുന്ന എക്സിബിഷനില്‍ വിവിധ മന്ത്രാലയങ്ങള്‍,മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികള്‍,യൂണിവേഴ്സിറ്റികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കാളികളായി. കാര്‍ഷിക വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും എക്സിബിഷന്റെ ഭാഗമായുണ്ട്. യുഎഇയിലെ ഏറ്റവും വലിയ കാര്‍ഷിക സമ്മേളനത്തില്‍ കൂടുതല്‍ പ്രാദേശിക ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ലുലു ഗ്രൂപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കും പിന്തുണ വ്യക്തമാക്കുന്ന പ്രദര്‍ശനമാണ് ലുലു ഗ്രൂപ്പിന്റേത്. യുഎഇയിലെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത ലഭ്യമാക്കുന്നതിനായി സമ്മേളനത്തി ല്‍ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സെന്ററുമായി ലുലു ഗ്രൂപ്പ് പുതിയ ധാരണാപത്രം ഒപ്പുവച്ചു. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹഖിന്റെ സാന്നിധ്യത്തില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ സെന്റര്‍ ഡയരക്ടര്‍ സുല്‍ത്താന്‍ സലാം അല്‍ ഷംസി,ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഷറഫ് അലി എംഎ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ലുലു സിഇഒ സെയ്ഫി രൂപാവാല,ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സലിം എംഎ പങ്കെടുത്തു. സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ അബുദാബിയിലെ വിദ്യാര്‍ത്ഥികളുടെ ഫാമില്‍ നിന്നുള്ള ഉത്പങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലുലു സ്റ്റോറുകളില്‍ കൂടുതല്‍ വിപണി സാധ്യത നല്‍കാനും ധാരണയായിട്ടുണ്ട്. ഇതു കൂടാതെ,യുഎഇയില്‍ നിന്നുള്ള കൂടുതല്‍ പ്രാദേശിക ഉത്പന്നങ്ങളും ലുലു അവതരിപ്പിച്ചു. ഓസ്ട്രിച്ച് ഒയാസിസ് എഗ്സ്,ഡേറ്റ്സ്,മാരിനേറ്റഡ് മീറ്റ്,ചിക്കന്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.