
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള എമിറേറ്റ്സ് റോഡിലെ അല്‍ ബദിയ പാലത്തിലെ ഒരു പ്രധാന റോഡും ബന്ധിപ്പിക്കുന്ന റോഡും ഭാഗികമായി അടച്ചിടുമെന്ന് ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. ആഗസ്ത് 23 ശനിയാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ആഗസ്ത് 25 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയായിരിക്കും അടച്ചിടല്‍. ഈ കാലയളവില്‍, അല്‍ സിയൂഹ് സബര്‍ബ് ടണല്‍ വഴി മലിഹ ഈസ്റ്റേണ്‍ റോഡിലേക്കുള്ള ബദല്‍ പാതയിലേക്ക് ഗതാഗതം തിരിച്ചുവിടും. ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടച്ചിടല്‍. അസൗകര്യത്തില്‍ അധികൃതര്‍ ക്ഷമാപണം നടത്തുകയും സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ വാഹനമോടിക്കുന്നവരോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.