
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ജീവിത വഴിയില്‍ നന്മയുടെ വിളക്കുമരമായിരുന്ന മനുഷ്യന് വിട പറഞ്ഞിരിക്കുന്നു. ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ ‘ഈസക്ക’ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്ന കെ മുഹമ്മദ് ഈസ ഇനി അദ്ദേഹം ചെയ്ത നന്മയുടേയും പരത്തിയ പ്രകാശത്തിന്റേയും പേരിലായിരിക്കും അറിയപ്പെടുക.
അപ്രതീക്ഷിതമായൊരു ഞെട്ടലിലേക്കാണ് ഖത്തര്‍ മലയാളികള്‍ ഇന്നലെ രാവിലെ ഉണര്‍ന്നെണീറ്റത്. ന്യൂമോണിയ ബാധിച്ച് ഹമദ് മെഡിക്കല്‍ സെന്ററില്‍ ഈസക്ക ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു എന്ന വിവരം അദ്ദേഹവുമായി വളരെ അടുത്തവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പൊതുസമൂഹം ഇക്കാര്യം അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നേരിയ തണുപ്പിനോടൊപ്പം കടന്നുവന്ന വാര്‍ത്തയെ ഞെട്ടലോടെയല്ലാതെ ആര്‍ക്കും സ്വീകരിക്കാനായില്ല.
ഈസക്കയുടെ പരസഹായത്തിന്റെ എത്രയെങ്കിലും കഥകള്‍ ഖത്തറിലുള്ള മലയാളി ഭൂരിപക്ഷത്തിനും അറിയുന്നതായിരിക്കും.
2017 ഡിസംബര്‍ മാസത്തിലാണ് കരുണ ഖത്തര്‍ കോഴിക്കോട്ടെ തെരുവ് ഗായകന് ബാബു ഭായിയേയും കുടുംബത്തെയും ദോഹയില്‍ എത്തിച്ചു വ്യത്യസ്തമായൊരു സംഗീത പരിപാടി ‘വോയിസ് ഓഫ് സ്ട്രീറ്റ്’ നടത്തിയത്. ആ പരിപാടിയുടെ സംഘാടക സമിതി ചെയര്മാന് ഞാനായിരുന്നു. അന്ന് പരിപാടി തുടങ്ങാനിരിക്കവേ ഐ. സി.സി അശോക ഹാളില്‍ വേദിയുടെ പിറകിലേക്ക് വന്ന ഈസക്ക ബാബു ഭായിയുടെ കുടുംബത്തിന് ഒരു വന്‍ തുക ഏല്പിച്ചു. പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ സംഘാടകര്‍ വിട്ടുപോയിരുന്നു. എന്നാല്‍ അതിലൊട്ടും പരിഭവം കാണിക്കാതെ പാട്ട് മുഴുവന്‍ കേട്ടാണ് അദ്ദേഹമന്ന് തിരിച്ചു പോയത്.
യൗവ്വനത്തിന്റെ തുടക്കത്തില്‍ ഖത്തറിലേക്ക് കപ്പല്‍ കയറിയ ഈസക്ക നാല്പത് വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതമാണ് നയിച്ചത്. താന്‍ മരിക്കുന്ന ഇടമേതാണോ അവിടെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം താനേറെ സ്നേഹിച്ച ഖത്തറില്‍ തന്നെയായി!
എല്ലാവരോടും സ്നേഹവും കരുണയും കാണിക്കാനും സഹജീവി സ്നേഹം വാക്കുകൊണ്ടല്ല പ്രവര്‍ത്തിയില്‍ തെളിയിക്കാനും ഈസക്കയെ സഹായിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു. ലാളിത്യവും എളിമയും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ഖത്തറിലെ ഇന്ത്യക്കാര്‍ക്കിടയിലെ ഏറ്റവും ഉയര്ന്നവരോടും തനിക്കറിയാവുന്നവരിലെ ഏറ്റവും താഴ്ന്നവരോടും അദ്ദേഹം ഒരേ ലാളിത്യത്തോടെ പെരുമാറി. മലയാളികളില്‍ പലരേയും പേരെടുത്ത് വിളിച്ച് സംസാരിക്കാനുള്ള ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ പരിചയപ്പെടുന്ന ആരും അദ്ദേഹത്തെ മറക്കില്ല, അദ്ദേഹവും.
ഊര്‍ജ്ജസ്വലതയായിരുന്നു ഈസക്കയുടെ പ്രധാന പ്രത്യേകത. തന്റെ സ്ഥാപനത്തിലെ ഇരുന്നൂറോളം വരുന്ന ജീവനക്കാരോട് തൊഴില്‍ രംഗത്ത് കാര്‍ക്കശ്യം പുലര്‍ത്തിയാലും മാനുഷികതയുടെ നേരത്ത് തണല്‍ വിരിച്ചിരുന്നു. കുടുംബാംഗങ്ങളെ പോലെ അദ്ദേഹം തന്റെ ജീവനക്കാരോടും പെരുമാറി. അതുകൊണ്ടുതന്നെയാണ് സ്നേഹവും തിരുത്തലുമെല്ലാം ഒരേ സമയം അവര്‍ക്ക് സമ്മാനിച്ചത്.
2017ല്‍ ഈസക്കയുടെ അലി ഇന്റര്‍നാഷണലിലെ രണ്ട് ജീവനക്കാര്‍ വാഹനാപകടത്തില്‍ മരിക്കുകയുണ്ടായി. അവരുടെ കുടുംബങ്ങളുടെ അവസ്ഥ അറിഞ്ഞ അദ്ദേഹം അലി ഇന്റര്‍നാഷണല്‍ ഉള്ളിടത്തോളം കാലം രണ്ട് ജീവനക്കാരുടെയും ശമ്പളം അവരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചു.
ഖത്തറില്‍ മാത്രം വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകളുടെ വില്പന ശാലകളും ഷോറൂമുകളും ഹോട്ടലുകളും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങളാണ് അലി ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന് കീഴിലുള്ളത്. ജീവനക്കാരുടെ ശമ്പളം അവസാന പ്രവര്‍ത്തി ദിവസത്തിന് മുമ്പ് കൊടുത്തിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.
ഖത്തറിലെ പ്രവാസി സമൂഹത്തിലെന്നതു പോലെ സ്വദേശികള്‍ക്കിടയിലും ഈസക്ക തന്റെ ഇടം നേടിയെടുത്തിരുന്നു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ്, കായിക രംഗങ്ങളിലെ പ്രമുഖരുമായെല്ലാം അദ്ദേഹത്തിന് ശക്തമായ ബന്ധം നിലനിന്നിരുന്നു.
മുസ്ലിം ലീഗിനോടും മാപ്പിളപ്പാട്ടിനോടും ഹൃദയം ചേര്‍ത്തുവെച്ച ഈസക്ക സംഗീതവും കാല്പന്ത് കളിയും തന്റെ ഉയിരായി കണ്ടിരുന്നു. മാപ്പിളപ്പാട്ടുകളും നാഗൂര് ഹനീഫയുടെ തമിഴ് ഗാനങ്ങളും ആലപിക്കാറുള്ള ഈസക്ക യാതൊരു വിവേചനവുമില്ലാതെ കലാ- കായിക- സാംസ്ക്കാരിക രംഗത്തെ പ്രമുഖരെയെല്ലാം ഖത്തറിലെത്തിച്ച് പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കിയിരുന്നു.
ഈസക്ക ഹാജരുള്ള പരിപാടികളിലെല്ലാം അദ്ദേഹം ഒരു പാട്ടെങ്കിലും പാടിയിരുന്നു. പാടാന്‍ ഈസക്കയും കേള്‍ക്കാന്‍ ആസ്വാദകരും ആഗ്രഹിച്ചിരുന്ന നിരവധി ഗാനങ്ങളുണ്ട് ഈ പട്ടികയില്‍.
ഡിസംബറില്‍ അല്‍ വക്രയിലെ ഡിപിഎസ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഗ്രാമഫോണ്‍ ഖത്തര്‍ സ്മരണാഞ്ജലി സീസണ് 3ലാണ് അദ്ദേഹം അവസാനമായി ഗാനം ആലപിച്ചത്.
പാടുക മാത്രമല്ല പാട്ടിനേയും പാട്ടുകാരേയും കുറിച്ച് ആഴത്തിലുള്ള അറിവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. അസുഖ ബാധിതനായിരുന്ന മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ പീര്‍ മുഹമ്മദിനെ ഖത്തറിലെത്തിച്ച് ആദരിക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അനര്ഘമുത്തുമാലയെന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു. വി എം കുട്ടി, എരഞ്ഞോളി മൂസ,എസ്. ചിത്ര, എസ്. പി ബാലസുബ്രമണ്യം, പി ജയജന്ദ്രൻ, എം. ജയചന്ദ്രൻ, കണ്ണൂര്‍ ശരീഫ്, വിളയില്‍ ഫസീല, രഹന, വിദ്യാധരൻ മാസ്റ്റർ, ഓ എം കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ തുടങ്ങി ഈസക്കയ്ക്കായി എത്തിയ ഗായകരും ഗാന സംവിധായകരും പാട്ടെഴുത്തുകാരും നിരവധി. അനേകം ഹിറ്റ് ഗാനങ്ങൾ രചിച്ച പ്രശസ്ത കവി പി.ടി അബദുറഹിമാനെയും ‘ബദ്രീങ്ങളെ പെറ്റ നാടുകാണാൻ’ എന്ന പാട്ടെഴുതിയ കവി പ്രേംസൂരത്ത് ഉൾപ്പടെ ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തകരേയും ആദ്യമായി ഗൾഫിൽ കൊണ്ടു പോയത് ഈസക്കയാണ്. അവശ കലാകാരന്മാരെ കണ്ടെത്തി അവരെ സഹായിക്കാനും ഈസക്ക ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് ആസ്ഥാനമാക്കി ‘ആശ’ എന്ന ഒരു കൂട്ടായ്മക്ക് രൂപംനൽകി. ‘ആശ’യുടെ ദീർഘകാലത്തെ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ഏവർക്കും മാതൃകയാണ്. അനശ്വര ഗായകൻ ബാബുരാജിന്റെ കുടുംബത്തിന് 2013-ൽ സ്വന്തമായി ഒരു വീട് വെച്ചു നൽകിയതും ഈസക്കയാണ്. റംലാബീഗം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ അവർക്ക് അത്താണിയായതും ഈസക്കയുടെ നേതൃത്വത്തിലുള്ള ‘ആശ’യായിരുന്നു. ഓരോ വർഷവും നാലു വീതം അവശ കലാകാരൻമാരെ തെരഞ്ഞെടുത്ത് എട്ടുവർഷം തുടർച്ചയായി സഹായ ഹസ്തവും ‘ആശ’ നൽകി.
1921-ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ തുടർന്ന് പൊള്ളാച്ചിയിലേക്ക് ചേക്കേറിയ കുടുംബത്തിൽ പിറന്നതിനാൽ ഈസക്കയുടെ തമിഴ് ബന്ധം ശക്തമാണ്. പത്താം ക്ലാസ് വരെ തമിഴ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ഡിഗ്രി പഠനവും തമിഴ്നാട്ടിൽ നിന്ന് തന്നെ.
തമിഴ് ഭക്തിഗാനങ്ങളുടെ ആശാൻ നാഗൂർ ഹനീഫയുടെ കടുത്ത ‘ഫാനാ’യ ഈസക്കക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ മിക്കവയും മന:പ്പാഠമാണ്. ഹനീഫ തമിഴിൽ പാടിയ പത്തു പാട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതേ ഈണത്തിൽ പാടി, ഒരാൽബം ഈസക്ക പുറത്തിറക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. മോയിൻകുട്ടി വൈദ്യർ, പുലിക്കോട്ടിൽ സ്മാരക കേന്ദ്രങ്ങളുടെ മുന്നേറ്റത്തിന് മുന്നിൽ നടന്നവരിൽ പ്രധാനി ആയ ഈസക്ക ദുബായ് കേന്ദ്രമായ ‘ഇശൽമാല’,
‘മാപ്പിള സോംഗ് ലവേഴ്സ് അസോസിയേഷൻ’, ‘കേരള മാപ്പിള കലാ അക്കാദമി’, തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചു കലാരംഗത്ത് നിറഞ്ഞു നിന്നു.