
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
സിനിമ നിരൂപണമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന സിനിമ വിലയിരുത്തലുകള്‍ പലപ്പോഴും പരിഹാസ്യമായി മാറുന്നതായി സംവിധായകന് ലിജു തോമസ് പറഞ്ഞു. എന്നാല്‍ മികച്ച നിരൂപണങ്ങള്‍ വരാറുമുണ്ട്. നല്ല നിരൂപണങ്ങളെ അംഗീകരിക്കുകയും തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍, ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടുകളില്‍ സിനിമയെ വിലയിരുത്തുന്നത് പലപ്പോഴും തമാശയായി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ അന്‍പോട് കണ്മണിയുടെ തിയേറ്റര്‍ റിലീസിങ്ങുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലിജു തോമസ്. അര്ജുന് അശോകന് നായകനായി അഭിനയിക്കുന്ന അന്‍പോട് കണ്മണിക്ക് നല്ല അഭിപ്രായം ലഭിച്ചിട്ടും തിയേറ്ററില്‍ ആളുകളെത്താത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
മോശം ഭാഷയില്‍ സിനിമ റിവ്യൂ നടത്തുന്നവരോട് മറുപടി പറയാന്‍ പോകാറില്ലെന്ന് നടന് അര്ജുന് അശോകന് പറഞ്ഞു. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ പോരായ്മകള്‍ കണ്ടെത്തി അടുത്ത സിനിമയില്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്. തിയേറ്ററില്‍ ഓടുന്ന സിനിമികള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കാനാവില്ല. സിനിമയുടെ പ്ലാനിങ് നടത്തേണ്ടത് പ്രൊഡക്ഷന്‍ വിഭാഗമാണെന്നും നല്ല കഥകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അര്ജുന് അശോകന് പറഞ്ഞു. അന്‍പോട് കണ്മണി സിനിമയുടെ സെറ്റിനായി നിര്‍മിച്ച വീട് ഭവനരഹിതനായ സുഹൃത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നത് സന്തോഷമുള്ള കാര്യമാണെന്ന് തിരക്കഥാകൃത്ത് അനീഷ് പറഞ്ഞു. നടന് നവാസ് വള്ളിക്കുന്ന്,നടി അനഘ,ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടര്‍ രാജന് വര്‍ക്കല എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.