
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള് മാറ്റിവെക്കല് ശസ്ത്രക്രിയ നടത്തി ബുര്ജീല് മെഡിക്കല് സിറ്റി
അബുദാബി: അമേരിക്കയുമായി പാര്ലമെന്ററി സഹകരണം ശക്തിപ്പെടുത്താന് യുഎഇ ഫെഡറല് നാഷണല് കൗണ്സിലും(എഫ്എന്സി) യുഎഇ എംബസിയും ധാരണ. അബുദാബി യുഎസ് എംബസിയിലെ പൊളിറ്റിക്കല് കൗണ്സിലര് ആനി സ്ലാക്കുമായി എഫ്എന്സി പ്രതിരോധ,ആഭ്യന്തര,വിദേശകാര്യ കമ്മിറ്റി ചെയര്മാന് ഡോ.അലി റാഷിദ് അല് നുഐമി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു പാര്ലമെന്റുകളും തമ്മിലുള്ള സഹകരണം കൂടുതല് ദൃഢമാക്കാന് തീരുമാനിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെയായി യുഎഇയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും ആഴത്തില് വേരൂന്നിയ നയതന്ത്ര പങ്കാളിത്തവും കൂടിക്കാഴ്ചയില് ഇരുരാഷ്ട്ര പ്രതിനിധികളും പങ്കുവച്ചു.
സമ്പദ്വ്യവസ്ഥ,നിക്ഷേപം,ഊര്ജം, പ്രതിരോധം,സുരക്ഷ എന്നിവയുള്പ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിന്റെ ദ്രുതഗതിയിലുള്ള വികസനവും ഇരു സൗഹൃദ രാജ്യങ്ങളുടെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങള്ക്കനുസൃതമായും പരസ്പര താല്പര്യങ്ങള് നിറവേറ്റുന്നതിലും തുടരുന്ന സഹകരണവും രാഷ്ട്രനേതാക്കള് പ്രത്യേകം എടുത്തുപറഞ്ഞു. മിഡിലീസ്റ്റിലും ആഗോളതലത്തിലുമുള്ള ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും പ്രാദേശിക, അന്തര്ദേശീയ തലങ്ങളില് വികസനം,സമാധാനം,സ്ഥിരത എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങളും ചര്ച്ചകളില് വിഷയീഭവിച്ചു.
ജനങ്ങള്ക്കിടയില് ധാരണയുടെ പാലങ്ങള് പണിയുന്നതിനും നയതന്ത്ര സംഭാഷണം വളര്ത്തുന്നതിനും നയതന്ത്രബന്ധം സജീവമാക്കുന്നതിലൂടെ പാര്ലമെന്ററി സഹകരണം വര്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. തങ്ങള്ക്ക് സ്വാധീനമുള്ള പ്രാദേശിക,അന്തര്ദേശീയ രാജ്യങ്ങളുമായി ഫലപ്രദമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ആഗോള സുരക്ഷയും സ്ഥിരതയും കൈവരിക്കാന് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ശ്രമങ്ങള്ക്ക് സംഭാവന നല്കുകയും ചെയ്യുന്ന കാര്യങ്ങളാണ് പ്രധാനമായും ചര്ച്ച ചെയ്തത്. എഫ്എന്സിയിലെ പ്രധാന അംഗങ്ങളും അമേരിക്കന് എംബസിയിലെ നിരവധി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില് പങ്കെടുത്തു.