
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: നഗരത്തില്‍ അതിരാവിലെയും സയാഹ്നങ്ങളിലും റോളര്‍ സ്കേറ്റിങ് പരിശീലിക്കുന്ന ഒരുകൂട്ടം മലയാളികളെ നിങ്ങള്‍ ക്കു കാണാം. പാര്‍ക്കുകളിലും നടപ്പാതകളിലും ഇവര്‍ വിസ്മയ പ്രകടനങ്ങള്‍ കൊണ്ട് ആരെയും അതിശയിപ്പിക്കുകയാണ്. പ്രവാസ ലോകത്തെ തിരക്കുകളും ജോലി സമ്മര്ദങ്ങളുമൊന്നും അലട്ടാതെ ഇവര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി നമുക്കു ചുറ്റും അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുകയാണ്. ലോകം മുഴുവന്‍ വീടിനുള്ളിലേക്ക് ചുരുങ്ങിയ കോവിഡ് കാലത്താണ് വ്യത്യസ്തമായ ഒരു ഗെയിം എന്ന നിലയില്‍ റോളര്‍ സ്കേറ്റിങ് അരങ്ങുവാഴുന്നത്. പിന്നീടത് പ്രൊഫഷണല്‍ രീതിയിലേക്ക് മാറി. ചെറിയ ചെറിയ കൂട്ടായ്മകളായി അവ രൂപപ്പെട്ടു.
അങ്ങനെയാണ് ‘ഫ്രീഡം വീല്‍’ അബുദാബിയില്‍ പിറവിയെടുക്കുന്നത്. 2020ല്‍ ആരംഭിച്ച കൂട്ടായ്മയില്‍ ഇന്ന് 25 ലേറെ അംഗങ്ങളുണ്ട്. 25 മുതല്‍ 58 വയസു വരെയുള്ളവര്‍ പ്രായ വ്യത്യാസം മറന്ന് പരിശീലനത്തില്‍ സജീവമാണ്. നാട്ടില്‍ നിന്നകന്ന് പ്രവാസ ലോകത്ത് ജീവിക്കുന്ന ഇവര്‍ക്ക് ഈ കൂട്ടായ്മയും സൗഹൃദവും നല്കുന്ന ആശ്വാസവും സന്തോഷവും ചെറുതല്ലെന്ന് കൂട്ടായ്മയെ നയിക്കുന്ന നൗഷാദ് ചെമ്മുക്കന്‍ പറയുന്നു. റോളര്‍ സ്കേറ്റിങ്ങില്‍ പരിശീലനത്തില്‍ മകളും സജീവമായി പങ്കെടുക്കാറുണ്ട്. സ്കേറ്റിങ്ങിന്റെ ആവേശത്തില്‍ പ്രായം ഓര്ക്കാറേയില്ലെന്നാണ് 58 വയസുകാരനായ സുബൈര്‍ പറയുന്നത്. സ്ത്രീകളും ഈ കൂട്ടായ്മയിലുണ്ട്. സ്കേറ്റിങ് ജനകീയമാക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അലി കോട്ടക്കല്‍ പറയുന്നു. ഒറ്റയ്ക്കും കൂട്ടംചേര്‍ന്നും റോളര്‍ സ്കേറ്റിംഗ് ചെയ്യുന്നവരെ അബുദാബിയില്‍ കാണാം. എന്നാല്‍ കൂട്ടായ്മ രൂപീകരിച്ച് പ്രൊഫഷണല്‍ രീതിയില്‍ സ്കേറ്റിങ് ചെയ്യുന്ന മലയാളികള്‍ അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ മത്സരങ്ങളിലുള്‍പ്പെടെ നിരവധി വേദികളില്‍ ഈ കൂട്ടായ്മ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രായപരിധിയനുസരിച്ച് 5 കിലോ മീറ്റര്‍,10 കിലോ മീറ്റര്‍ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിലും വിജയം വരിക്കാനുള്ള അതിതീവ്ര പരിശീലനത്തിലാണ് കൂട്ടായ്മ. കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടാത്ത കായിക വിനോദമാണിത്. അതുകൊണ്ട് തന്നെ കേരളത്തില്‍ റോളര്‍ സ്കേറ്റിങ് ജനകീയമാക്കുകയാണ് ഫ്രീഡം വീലിന്റെ ലക്ഷ്യം. കോഴിക്കോട് കേന്ദ്രീകരിച്ച് സ്കേറ്റിംഗ് അക്കാദമി ആരംഭിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. മുടങ്ങാതെ നടക്കുന്ന പരിശീലനത്തിനായി താമസ സ്ഥലത്തു നിന്നും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തുന്നവരും കൂട്ടത്തിലുണ്ട്. മറുനാട്ടിലും കൂട്ടായ്മയിലൂടെ വേറിട്ട കയ്യൊപ്പ് ചാര്‍ത്തുകയാണ് ഫ്രീഡം വീല്‍’.