
അമേരിക്കന്‍ ഭീഷണിക്കെതിരെ പുതിയ വാതില്‍ തുറന്ന് ഇന്ത്യ-റഷ്യ-ചൈന ധാരണ
അബുദാബി: യുഎഇ സെപ്തംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡീഡലിന് ലിറ്ററിന് 2.66 ദിര്‍ഹം, പെട്രോള്‍ സൂപ്പര്‍ 98: ലിറ്റര്‍ 2.70, സ്പെഷ്യല്‍ 95: ലിറ്റര്‍ 2.58, ഇപ്ലസ് 91: ലിറ്റര്‍ 2.51 എന്നിങ്ങനെയാണ് ഇന്ന് മുതല്‍ പ്രാബല്യത്തിലുള്ള വില. പെട്രോള്‍ വില നേരിയ തോതില്‍ വര്‍ധിച്ചപ്പോള്‍ ഡീസല്‍ വില കുറഞ്ഞു. വിപണിയിലെ അസ്ഥിരത, ആശങ്കകള്‍, യുഎസ് താരിഫ് എന്നിവ കാരണം എണ്ണ വിലയില്‍ സ്ഥിരതയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
റഷ്യയില്‍ നിന്നുള്ള വിതരണ അനിശ്ചിതത്വവും ഇന്ത്യ അടക്കമുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളും കാരണമാണ് പെട്രോളിന് നേരിയ വര്‍ധനവുണ്ടായത്. അതേസമയം ഡീസല്‍ വില കുറയുമെന്ന് അധികൃതര്‍ പറഞ്ഞു. ആഗസ്ത് മാസത്തില്‍ പെട്രോള്‍ വില കുറയുകയാണുണ്ടായത്. ഈ വര്‍ഷം ഇതുവരെ, മൂന്ന് വ്യത്യസ്ത മാസങ്ങളില്‍ പെട്രോള്‍ വില ഉയര്‍ന്നു. ഇന്ന് മുതല്‍ പെട്രോള്‍ വില ലിറ്ററിന് 0.3 ശതമാനം വര്‍ധിച്ച് സൂപ്പര്‍ 98: ദിര്‍ഹം 2.70 ആണ് ഇത് കഴിഞ്ഞ മാസം 2.69 ആയിരുന്നു. സ്പെഷ്യല്‍ 95: ദിര്‍ഹം 2.58ഉം ആഗസ്തില്‍ 2.57 ആയിരുന്നു. ഇ പ്ലസ് 2.50ല്‍ നിന്നും ഈ മാസം 2.51 ആയി ഉയര്‍ന്നു. ഡീസല്‍: ദിര്‍ഹം 2.66 ആയി കുറഞ്ഞു. ആഗസ്തില്‍ ഇത് 2.78 ദിര്‍ഹമായിരുന്നു. 4.3 ശതമാനം കുറവ്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എണ്ണ വിലയെ ബാധിക്കുന്നുണ്ട്. റഷ്യയും ഉക്രെയ്നും യുദ്ധത്തിനിടയില്‍ എണ്ണ ശേഖരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇത് റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നാശനഷ്ടമുണ്ടാക്കി. കൂടാതെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തതിന് ശിക്ഷയായി യുഎസ് ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇരട്ടിയാക്കി. ദക്ഷിണേഷ്യന്‍ രാജ്യത്ത് നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിയുടെ മൊത്തം ലെവി 50 ശതമാനമായി. ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം, ഡിമാന്‍ഡ് ആശങ്കകള്‍, മന്ദഗതിയിലുള്ള ആഗോള സമ്പദ്വ്യവസ്ഥ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയുടെ വളര്‍ച്ചാ നിരക്ക് എന്നിവ ഈ വര്‍ഷത്തെ എണ്ണവിലയെ ബാധിച്ചു. അതേസമയം, സഊദി അറേബ്യയും റഷ്യയും നയിക്കുന്ന സഖ്യം കോവിഡ് സമയത്ത് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവുകള്‍ പിന്‍വലിക്കുന്നത് തുടരുന്നതിനാല്‍, സെപ്തംബറില്‍ എണ്ണ ഉല്പാദനം പ്രതിദിനം 547,000 ബാരല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനിച്ചിട്ടുണ്ട്. ഇത് തീരുമാനിക്കാന്‍ ഒപെക് അംഗരാജ്യങ്ങള്‍ സെപ്റ്റംബര്‍ 7 ന് യോഗം ചേരും.