
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഫുജൈറ: പ്രഥമ ഫുജൈറ അന്താരാഷ്ട്ര സാഹസിക ടൂറിസം സമ്മേളനം ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ നടക്കും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖിയുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പങ്കാളിത്തത്തോടെ ഫുജൈറ അഡ്വഞ്ചര്‍ സെന്റ ര്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. എമിറേറ്റിനെ സാഹസിക വിനോദ സഞ്ചാരത്തിനും സുസ്ഥിര ഇക്കോ ടൂറിസത്തിനും വേണ്ടിയുള്ള ആഗോള കേന്ദ്രമായി ഫുജൈറയെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് ഫുജൈറ അഡ്വഞ്ചര്‍ സെന്റര്‍ ഡയരക്ടറും ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ അമര്‍ സെയ്ന് എഡ്ഡിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നേതൃത്വത്തില്‍ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖിയുടെ പിന്തുണയോടെ നടക്കുന്ന സമ്മേളനം സാഹസിക ടൂറിസം മേഖലയില്‍ എമിറേറ്റിന്റെ സ്വാഭാവിക സാധ്യതകളും അതുല്യമായ ഘടകങ്ങളും അടയാളപ്പെടുത്തും. ആഗോള ടൂറിസം ഭൂപടത്തില്‍ ഫുജൈറയുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും ഇതോടെ സുപ്രധാന ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര സഹകരണത്തിനായി പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും എമിറേറ്റില്‍ സുസ്ഥിര വികസനം വര്‍ധിപ്പിക്കുന്നതിനും പുതിയ നിക്ഷേപ,ടൂറിസം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ആഗോള വേദിയാണ് സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദിത്ത ടൂറിസം രീതികള്‍ വളര്‍ത്തിയെടുക്കുന്നതിനൊപ്പം പ്രകൃതിക്കും സാഹസിക അനുഭവങ്ങള്‍ക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനമായി എമിറേറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫുജൈറ സര്‍ക്കാരിന്റെ സമര്‍പ്പണത്തെ ഇത് അടിവരയിടുന്നു. ടൂറിസം,സാഹസിക കായിക വിനോദങ്ങള്‍,പരിസ്ഥിതി സംരക്ഷണം,സുസ്ഥിരത എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര വിദഗ്ധര്‍,തന്ത്രജ്ഞര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികള്‍ക്കും സാഹസികത ആഗ്രഹിക്കുന്നവര്‍ക്കും പ്രധാന ഇടം എന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സുസ്ഥിര ടൂറിസം വികസനം,സാഹസിക ടൂറിസത്തിലെ നവീകരണം,പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയങ്ങള്‍. പങ്കെടുക്കുന്നവര്‍ പ്രാദേശിക,ആഗോള വെല്ലുവിളികളും ഈ മേഖലയിലെ അവസരങ്ങളും പങ്കുവക്കും. ഫുജൈറയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതിദത്ത,വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സമ്മേളന അജണ്ടയിലുണ്ട്.