
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
ഫുജൈറ: യുഎഇയിലും അറബ് ലോകത്തും ആദ്യമായി ആവിഷ്കരിച്ച ‘മ്യൂസിക്കല്‍ റോഡ്’ ഫുജൈറയില്‍ ശ്രദ്ധേയമാവുന്നു. ശൈഖ് ഖലീഫ സ്ട്രീറ്റില്‍ കാര്‍ വീലുകള്‍ പ്ലേ ചെയ്യുന്നത് ബീഥോവന്റെ ഒമ്പതാം സിംഫണിയില്‍ നിന്നുള്ള മെലഡികളാണ്. ഫുജൈറ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ കോടതിക്ക് മുമ്പായി ശൈഖ് ഖലീഫ സ്ട്രീറ്റില്‍ 750 മീറ്റര്‍ ദൂരത്തിലാണ് ‘മ്യൂസിക്കല്‍ സ്ട്രീറ്റ്’ സംവിധാനിച്ചിട്ടുള്ളത്. പൊതുയിടങ്ങളില്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങളുമായി സംഗീതത്തെ സമന്വയിപ്പിക്കുന്നതിനുമുള്ള ഫുജൈറ ഫൈന്‍ ആര്‍ട്സ് അക്കാദമിഅക്കാദമിയുടെ സംരംഭങ്ങളുടെ ഭാഗമായാണ് ഈ നൂതന പദ്ധതി ആരംഭിച്ചത്. താമസക്കാരും സന്ദര്‍ശകരും ഇതില്‍ ആവേശഭരിതരാണ്. പതിവ് യാത്രയെ അപ്രതീക്ഷിതമായ ഒരു കലാനുഭവമാക്കി മാറ്റുന്നുവെന്ന് അവര്‍ അത്ഭുതത്തോടെയാണ് ആസ്വദിക്കുന്നത്. ‘ഡ്രൈവിങ് നടത്തുമ്പോഴും അസാധാരണമായ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു സാര്‍വത്രിക ഭാഷയാണ് സംഗീതമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഫുജൈറ ഫൈന്‍ ആര്‍ട്സ് അക്കാദമി ഡയരക്ടര്‍ ജനറല്‍ അലി ഉബൈദ് അല്‍ ഹഫിതി പറഞ്ഞു.ഈ പദ്ധതി കലയെ ജീവിതവുമായി ബന്ധിപ്പിക്കുകയും എമിറേറ്റിന്റെ എല്ലാ കോണുകളിലും പ്രത്യേകിച്ച് കലാ മേഖലകളില്‍ സൗന്ദര്യവും സര്‍ഗാത്മകതയും പ്രചരിപ്പിക്കുകയെന്ന അക്കാദമിയുടെ ദൗത്യം തുടരുമെന്നും അല്‍ ഹഫിതി കൂട്ടിച്ചേര്‍ത്തു.