
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
കൊച്ചി : കളമശ്ശേരിയെ ഹൈവേയിലൂടെയല്ലാതെ ആലുവയുമായി ബന്ധിപ്പിക്കുന്ന എൻ എ ഡി റോഡ് ഡിഫെൻസിന്റെ അധികാരപരിധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും പൊതുജനങ്ങളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. അപ്പോളോക്കു പുറകിലൂടെ കളമശ്ശേരി റെയിൽവേ സ്റ്റേഷന് മുൻപിലൂടെ പോകുന്ന അധികം തിരക്കില്ലാത്ത ഈ റോഡിന്റെ വശങ്ങളിൽ കാലാകാലങ്ങളായി മാലിന്യ കൂമ്പാരങ്ങളാണ്. പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങളാണെങ്കിലും തെർമോക്കോൾ, അപ്പോൾസ്റ്ററി, ബെഡ്ഡുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാം ചാക്കുകെട്ടുകളിലടക്കം കൊണ്ട് തള്ളിയിരിക്കുന്നതു കാണാം. കാൽനടക്കാർക്ക് മൂക്ക് പൊത്തിയല്ലാതെ ഇത് വഴി കടന്നുപോകാനാവില്ല.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ ഈ മാലിന്യക്കെട്ടുകളെല്ലാം റോഡിലേക്ക് പരന്നു കിടക്കുകയാണ്. കൊച്ചിയിൽ ഏതു പകർച്ചവ്യാധി വന്നാലും പെട്ടെന്ന് പടരുന്ന സ്ഥലമാണ് കളമശ്ശേരി എന്നുള്ളത് ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്. ആലുവ പെരിയാറിൽ നിന്നും കൊച്ചി നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ്ലൈൻ ഇതുവഴി പോകുന്നുണ്ട്. പൈപ്പ്ലൈൻ റോഡിലൂടെ വരുമ്പോൾ ദൂരക്കാഴ്ചയിൽ പ്രധാന റോഡിന്റെ വശങ്ങൾ വർണ്ണപ്പകിട്ടാർന്ന പ്ലാസ്റ്റിക് കൊണ്ട് വാർത്തു വെച്ചിരിക്കുന്നതായി തോന്നും. അത്രത്തോളം ഭയാനകമായിട്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് വീണു കിടക്കുന്നത്.
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് മറ്റു നഗരങ്ങൾക്കൊക്കെ ഒരു വലിയ പാഠമാണ്. ആളുകൾ അറിഞ്ഞും അറിയാതെയും വഴിയിൽ തള്ളുന്ന മാലിന്യം മാരകവിപത്തുകളുടെ വിത്തുകളാണ്. കൊച്ചിയിലും ആമയിഴഞ്ചാൻ തോടിനു സമാനമായ തോടുകളുണ്ട്. തേവരയിൽ നിന്നും പനമ്പിള്ളി നഗർ, കടവന്ത്ര, കലൂർ, എളമക്കര വഴി പേരണ്ടൂരിലെത്തുന്ന കനാലും നഗര മധ്യത്തിലൂടെ പോകുന്ന മുല്ലശ്ശേരി കനാലും തന്നെ ഇതിൽ പ്രധാനം. തേവര മുതൽ വടുതല വരെയുള്ള 22 റെയിൽവേ തുരങ്കങ്ങൾ സമയാസമയങ്ങളിൽ വൃത്തിയാക്കിയില്ലെങ്കിൽ അപകടസാധ്യതക്കു ആക്കം കൂട്ടിയേക്കാമെന്നും വിമർശനമുണ്ട്. സൗത്ത് റയിൽവേ സ്റ്റേഷൻ -കെ എസ് ആർ ടി സി പരിസരത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം റെയിൽവേ തുരങ്കങ്ങൾ ആണെന്നായിരുന്നു കോർപ്പറേഷന്റെ വാദം. തോടുകൾക്കുമേലുള്ള കയ്യേറ്റങ്ങൾ അവയുടെ വീതി കുറയാനും ഒഴുക്ക് തടസ്സപ്പെടുത്താനും കാരണമാണ്. ഭക്ഷണശാലകളിലെയും സ്ഥാപനങ്ങളുടെയും മാത്രമല്ല അറവുശാലകളുടെ അവശിഷ്ടങ്ങൾ പോലും നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിട്ടുണ്ട് ഈ തോടുകൾ. പൊതുജനങ്ങളെ ബോധവാന്മാരാക്കാനും മാലിന്യം നീക്കം ചെയ്തു അവ നിക്ഷേപിക്കാൻ വേണ്ട ആധുനിക സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും ബന്ധപ്പെട്ടവർ നടപടിയെടുക്കേണ്ടതുണ്ട്.