
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
ദുബൈ: യുഎഇയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15 ന് തുറക്കും. ഗ്ലോബല്‍ വില്ലേജ് അതിന്റെ നാഴികക്കല്ലായ 30-ാം സീസണ് ആഘോഷിക്കും ഈ വര്‍ഷം. 2025 ഒക്ടോബര്‍ 15 മുതല്‍ 2026 മെയ് 10 വരെ അതിന്റെ ഗേറ്റുകള്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് ഭേദിച്ച 10.5 ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്തു. ഇത്തവണ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ പതിപ്പായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര പവലിയനുകള്‍, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങള്‍, ഷോപ്പിംഗ്, റൈഡുകള്‍, തത്സമയ വിനോദം എന്നിവയുടെ ലോകമേള ഇവിടെ ആസ്വദിക്കാം. പ്രവേശന ടിക്കറ്റിന്റെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പ്രവേശന നിരക്ക് 25 ദിര്‍ഹമായിരുന്നു. 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും ദൃഢനിശ്ചയമുള്ളവര്ക്കും സൗജന്യ പ്രവേശനം. കഴിഞ്ഞ സീസണില്‍ 40,000 ഷോകള്‍, 200ലധികം ഡൈനിംഗ് ഓപ്ഷനുകള്‍, ഏകദേശം 200 റൈഡുകള്‍, ആകര്ഷണങ്ങള് എന്നിവയുള്‍പ്പെടെ 30ാം പതിപ്പ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് കരുതുന്നു. പാര്‍ക്കിന്റെ വ്യാപാരമുദ്രയായ ഏഴ് പുതുവത്സര കൗണ്ട്ഡൗണുകള്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ട് പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. 1996ല്‍ ദുബൈ ക്രീക്കില്‍ ഒരുപിടി പവലിയനുകളുമായി ആരംഭിച്ച ഗ്ലോബല്‍ വില്ലേജ്, രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആകര്‍ഷണങ്ങളിലൊന്നായി വളര്‍ന്നു. പരമ്പരാഗത കരകൗശല വസ്തുക്കള്‍, പാചകരീതികള്‍, സാംസ്കാരിക പ്രകടനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിലൂടെ അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന 30 തീം പവലിയനുകള്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നു. കൊടും ചൂടുള്ള വേനല്‍ക്കാലത്ത് വില്ലേജ് അടച്ചിടും.
കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ വെളിപ്പെടുത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.