
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
ആവേശത്തിര തീര്‍ത്ത് പ്രഖ്യാപന സംഗമം :: ഒന്നാം വാര്‍ഷികാഘോഷം ഒക്ടോ. 3,4,5 തിയ്യതികളില്‍ അബുദാബിയില്‍
അബുദാബി: ന്യൂനപക്ഷ പിന്നാക്ക സമൂഹത്തെ അക്ഷര വിപ്ലവത്തിലൂടെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചന്ദ്രികയുടെ നവനൂറ്റാണ്ടിലെ നവോത്ഥാനമാണ് ‘ഗള്‍ഫ്’ ചന്ദ്രികയെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷം ‘ദി കേരള വൈബി’ന്റെ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മലയാള ഭാഷാ പരിജ്ഞാനമില്ലാത്ത ഒരു സമുദായത്തെ തൊണ്ണൂറ് വര്‍ഷങ്ങള്‍ കൊണ്ട് അക്ഷരനഭസിലെ അതുല്യ പ്രതിഭകളാക്കി വളര്‍ത്തിയത് ചന്ദ്രികയാണ്. സമുദായത്തോട് നിരന്തരമായി സംവദിച്ചാണ് ചന്ദ്രിക ഈ നവോത്ഥാനം സാധ്യമാക്കിയത്. പുതിയ കാലത്തെ ഡിജിറ്റല്‍ വിപ്ലവത്തില്‍ ഈ ദൗത്യം അഭംഗുരമായി തുടരുകയാണ് ‘ഗള്‍ഫ് ചന്ദ്രിക’. നവതലമുറ സോഷ്യല്‍ മീഡിയകളുടെ സ്പന്ദനങ്ങള്ക്കൊപ്പമാണ് ജീവിക്കുന്നത്. ഇത്തരം സങ്കേതങ്ങളില്‍ മിന്നിമറയുന്നതെല്ലാം സത്യമല്ലെന്ന് നാം തിരിച്ചറിയണം. ഇവിടെയാണ് ഗള്‍ഫ് ചന്ദ്രികയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഒമ്പത് പതിറ്റാണ്ടിന്റെ പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ നേരായ വാര്‍ത്തകളെയും കാഴ്ചകളെയും ‘ഗള്‍ഫ് ചന്ദ്രിക’ അനുദിനം അനുവാചകരിലെത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സംരംഭത്തിന് പ്രവാസ ലോകം കരുത്തുറ്റ പിന്‍ബലം നല്‍കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം വാര്‍ഷികാഘോഷ പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. ഒക്ടോബര്‍ 3,4,5 തിയ്യതികളിലായി മീഡിയ കോണ്‍ഫാബ്,മീറ്റ് ദ ലേഡീസ് ലെജന്റ്സ്,എജ്യു എക്സ്പോ,ട്രേഡ് ഫെസ്റ്റ്,സബ്ജക്ട് ടോക്ക്,കലാഗാല,ബിസിനസ് കോണ്‍ക്ലേവ്,ഫുഡ് സ്ട്രീറ്റ് തുടങ്ങിയ പരിപാടികളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വാര്‍ഷികാഘോഷം നടക്കുമെന്നും നീണ്ട കരഘോഷത്തിനിടയില് അഡ്വ.പിഎംഎ സലാം പ്രഖ്യാപിച്ചു. ലോകത്തെ സംഭവ വികാസങ്ങള്‍ നിമിഷ നേരം കൊണ്ട് ആളുകളിലേക്ക് എത്തിക്കുന്ന ഗള്‍ഫ് ചന്ദ്രിക കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് പിന്ബലമേകാന് ഗള്‍ഫ് ചന്ദ്രികയെ സജീവമായി നിലനിര്‍ത്തേണ്ടത് പ്രവര്‍ത്തകരുടെ ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി വൈസ് ചെയര്മാന് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായി. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ജനറല്‍ കണ്‍വീനറുമായ ഷുക്കൂറലി കല്ലുങ്ങല്‍ സ്വാഗതം പറഞ്ഞു. ആക്ടിങ് ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുസ്സലാം ആമുഖം അവതരിപ്പിച്ചു.
യുഎഇ കെഎംസിസി ട്രഷററും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി കണ്‍വീനറുമായ നിസാര്‍ തളങ്കര,ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി,അബുദാബി ഐഐസി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗങ്ങളായ എംപിഎം റഷീദ്,റിയാസ് ചേലേരി, റാസല്‍ഖൈമ കെഎംസിസി പ്രസിഡന്റ് റസാക് ചെനക്കല്‍,ഫുജൈറ കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂര്‍,ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ടി.വി അബ്ദുസ്സമദ്,അബുദാബി കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി,അജ്മാന് കെഎംസിസി സെക്രട്ടറി റഷീദ് എരമംഗലം,അല്‍ഐന്‍ കെഎംസിസി ട്രഷറര്‍ തസ്വീര് പ്രസംഗിച്ചു. അബുദാബി കെഎംസിസി ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലകടപ്പുറം നന്ദി പറഞ്ഞു. സ്വാലിഹ് വാഫി ഖിറാഅത്ത് നടത്തി. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു.