ദുബൈയില്‍ കാസറക്കോടന് പെരുമ അലയടിച്ചു; ‘ഹല കാസ്രോഡ്’ ഗ്രാന്റ് ഫെസ്റ്റ് ചരിത്രം തീര്‍ത്തു

മതേതര ഭാരതത്തിനായി നിലകൊള്ളണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ: ഇമാറാത്തിന്റെ ഒരുമയുടെ മണ്ണില്‍ കാസറക്കോടന് പെരുമയുടെ അലകള്‍ പ്രവാസ ചക്രവാളത്തില്‍ മഴവില്ലിന് വര്‍ണങ്ങള്‍ തീര്‍ത്തു.
പതിനായിരങ്ങള്‍ സാക്ഷ്യം വഹിച്ച അവിസ്മരണീയ മുഹൂര്‍ത്തത്തില്‍, ദുബൈ കെഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സിറ്റി ഗോള്‍ഡ് ഹലാ കാസറകോട് ഗ്രാന്‍ഡ് ഫെസ്റ്റ് 2025’ യുഎഇയിലെ പ്രവാസി സംഗമ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു. ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന കാസറകോട് ജില്ലക്കാരുടെ ആഗോള സംഗമം, ജില്ലയുടെ സാംസ്കാരിക തനിമയും പ്രവാസി കൂട്ടായ്മയുടെ ശക്തിയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വിളിച്ചോതുന്നതായി. ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെഎംസിസി നടത്തുന്നത് തുല്യതയില്ലാത്ത കാരുണ്യ സേവനങ്ങളാണെന്നും, അത് മറ്റാര്‍ക്കും അത്ര ലളിതമായി ചെയ്യാന്‍ സാധിക്കാത്തതാണെന്നും തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. മതേതരത്വവും ഭരണഘടനയും സംരക്ഷിച്ചുകൊണ്ട് വേണം നാം മുന്നേറാന്‍. കേരളത്തില്‍ ഇന്ന് ഒരു ഭരണത്തിന്റെ അഭാവമുണ്ട്. ആധുനിക എ.ഐ. ടെക്നോളജി പഠിച്ച യുവതീ യുവാക്കളെ പോലും കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പുതിയ തലമുറ കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കാസറകോടിന്റെയും പ്രവാസലോകത്തെയും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. വ്യവസായ പ്രമുഖനും, സാമൂഹ്യപ്രവര്‍ത്തകനുമായ ഖാദര്‍ തെരുവത്തിന് ലെഗസി ലെജന്‍ഡ് അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എം.എ. യൂസഫലി സമ്മാനിച്ചു. പ്രമുഖ വ്യവസായിയും യുഎഇ കെഎംസിസി ദേശീയ ഉപദേശക സമിതി ചെയര്‍മാനുമായ ശംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ധീന്‍ യൂണിറ്റി അംബാസഡര്‍ അവാര്‍ഡും വ്യവസായിയും ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കരയ്ക്ക് ഹ്യുമാനിറ്റി ക്രൗണ്‍ അവാര്‍ഡും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് സമ്മാനിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ എം.എ. യൂസഫലി, യുഎഇ ഭരണാധികാരികള്‍ ഒരുക്കിത്തന്ന സവിശേഷമായ സാമൂഹിക സാഹചര്യങ്ങളാണ് കേരളത്തിലെ വീടുകളില്‍ ഐശ്വര്യത്തിനും അശ്രയത്തിനും കാരണമായതെന്ന് പറഞ്ഞു. പ്രവാസികള്‍ സ്വന്തം കുടുംബത്തെ മാത്രമല്ല പോറ്റുന്നത്, അവര്‍ രാജ്യത്തെക്കൂടി പോറ്റുന്നവരാണ്. കാരണം, നാട്ടിലെ ഏത് നന്മയിലും ഒരു ഗള്‍ഫ് പ്രവാസിയുടെ സംഭാവനയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാരുണ്യത്തിന്റെ പര്യായമാണ് കെഎംസിസി എന്ന് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് കാസറകോട് ജില്ലാ കെഎംസിസി ആവിഷ്കരിച്ച മാതൃകാപരമായ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ലോകം ഏറ്റെടുത്തുവെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ കൂട്ടായ്മയുടെ ശക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെഎംസിസി കാസറകോട് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ സലാം, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, അഡ്വ. ഹാരിസ് ബീരാന് എംപി, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി എ.അബദുറഹിമാന്‍, ട്രഷറര്‍ പി. എം മുനീര്‍ ഹാജി, എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്, നിസാര്‍ തളങ്കര്, ഡോ അന്‍വര്‍ അമീന്, അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്സല് മെട്ടമ്മല്‍, കരീം സിറ്റിഗോള്‍ഡ്, ലത്തീഫ് ഉപ്പള ഗേറ്റ്, പി.എ സല്മാന് ഇബ്രാഹിം, ഡോ.അബൂബക്കര്‍ കുറ്റികോല്‍, ഷാഫി നാലപ്പാട്, ബഷീര്‍ കിന്നിങ്കര് എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ നന്ദി പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച ഫെസ്റ്റില്‍ മാജിക് ഷോ, ഗെയിമുകള്‍, മെഹന്തി ഫെസ്റ്റ്, ഒപ്പന, കോല്‍ക്കളി എന്നിവയും, തുടര്‍ന്ന് കണ്ണൂര്‍ ഷെരീഫ് നയിച്ച ഇശല്‍ വിരുന്നും അരങ്ങേറി.