
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
ടെല്‍അവീവ്: ഗസ്സയില്‍ സമ്പൂര്‍ണ അധിനിവേശത്തിലൂടെ ഹമാസിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇസ്രാഈല്‍ സെക്യൂരിറ്റി ഏജന്‍സി മുന്‍ മേധാവി ആമി അയലോണ്‍ പറഞ്ഞു. ഒരു ഫലസ്തീന് രാഷ്ട്രം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇസ്രാഈലില്‍ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ എന്ന് അയലോണ്‍ പ്രസ്താവിച്ചതായി ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഇസ്രാഈല്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, യുദ്ധത്തെ എതിര്‍ക്കുന്ന ഇസ്രാഈലി വംശജരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നീക്കം രാജ്യത്തിന് സുരക്ഷ നല്‍കില്ലെന്നും പകരം കൂടുതല്‍ അപകടത്തിലാക്കുമെന്നും പറഞ്ഞു. 22 മാസത്തെ ഇസ്രാഈലി ബോംബാക്രമണത്തിന് ശേഷം ഗസ്സയെ പിടിച്ചെടുക്കുന്നതിലൂടെ ഹമാസിന് അന്ത്യം കുറിക്കുമെന്ന് പറയുന്നവര്‍ക്ക് അധിനിവേശം എന്താണെന്നോ ഫലസ്തീന് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കുന്നത് എന്താണെന്നോ മനസ്സിലാകുന്നില്ലെന്ന് അയലോണ്‍ വാദിച്ചു. യഹ്യ സിന്‍വാര്‍, സഹോദരന് മുഹമ്മദ് സിന്‍വാര്‍, ഇസ്മായില്‍ ഹനിയെ എന്നിവരുള്‍പ്പെടെയുള്ള ഹമാസ് നേതാക്കളെ വധിച്ചുകൊണ്ട് ഹമാസ് ഇനി ഒരു ഭീഷണിയല്ലെന്ന് ഇസ്രാഈല്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഹമാസ് പ്രതിനിധാനം ചെയ്ത വിശ്വാസങ്ങള്‍ക്ക് അറുതി വരുത്തിയില്ല. സൈനിക ശക്തി ഉപയോഗിച്ച് പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല. പകരം ഫലസ്തീനികള്‍ക്ക് ഒരു മികച്ച ചക്രവാളം അവതരിപ്പിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ഇസ്രാഈല്‍ സുരക്ഷിതമായിരിക്കില്ല-ആമി അയലോണ്‍ കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ നെതന്യാഹുവില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എഴുതിയ തുറന്ന കത്തില്‍ ഒപ്പിട്ട 550 പേരില്‍ ഒരാളാണ് അയലോണ്‍. ഇസ്രാഈലിന്റെ നടപടികള്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന് സമ്മതിച്ചു. ഇപ്പോള്‍ ഇസ്രാഈല്‍ സൈന്യം ഗസ്സയുടെ ഏകദേശം 75 ശതമാനം പ്രദേശവും നിയന്ത്രിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ഗസ്സയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും തെക്കുള്ള ഒരു ചെറിയ പ്രദേശത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 40,000ത്തിലധികം ആളുകള്‍ തിങ്ങി താമസിക്കുന്നു. ഈ സാഹചര്യത്തില്‍ ആസൂത്രിത ആക്രമണമുണ്ടായാല്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു ദശലക്ഷം ആളുകളെ കൂടി തെക്കോട്ട് ഓടിക്കാന്‍ സാധ്യതയുണ്ട്. ഇസ്രാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ അധിനിവേശ ലക്ഷ്യവും ഗസ്സയില്‍ യുദ്ധം നടത്തുന്നതും ഇസ്രാഈലിനുള്ളില്‍ ആഭ്യന്തര ഭിന്നതകള്‍ക്ക് കാരണമാകുമെന്നും അയലോണ്‍ പറഞ്ഞു.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ല. കാരണം അവര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇസ്രാഈലില്‍ അടുത്തിടെ നടത്തിയ സര്‍വേകള്‍ കാണിക്കുന്നത് ഗസ്സയിലെ ബന്ദികളെ തിരികെ കൊണ്ടുവന്ന് യുദ്ധം അവസാനിപ്പിക്കാന്‍ കുറഞ്ഞത് 70 ശതമാനം ആളുകളും ആഗ്രഹിക്കുന്നുവെന്നാണ്. ഹമാസിന്റെ കസ്റ്റഡിയില്‍ ഇപ്പോള്‍ 50 ബന്ദികളുണ്ട്. ഗസ്സയില്‍ ഒരാളെ കൊല്ലുന്നത് പലരുടെയും ജീവന് രക്ഷിക്കാനുള്ള ഒരു മാര്‍ഗമാണെന്ന് ഇനി വാദിക്കാന്‍ കഴിയില്ലെന്നും അയലോണ്‍ പറഞ്ഞു.