
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉദ്ഘാടനം ചെയ്തു
ദുബൈ: രാജ്യത്തിന്റെ ഭാവി ഭാസുരമാക്കാനുള്ള ധൈഷണിക നേതൃത്വത്തിന്റെ സംരംഭമായ ‘യുഎഇ ഫ്യൂച്ചര്‍ 50’ എക്സ്പോക്ക് ദുബൈയില്‍ പ്രൗഢ തുടക്കം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. സംരംഭകരെ ശാക്തീകരിക്കുന്നതിനും ഭാവി കേന്ദ്രീകൃത മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന സാമ്പത്തിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഇത്തരം പരിപാടികളെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവത്കരണം നടപ്പാക്കുന്നതിലും ഭാവിയെ ലക്ഷ്യംവച്ചുള്ള വ്യവസായങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ പുതിയ സംരംഭകര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവി ഇമാറാത്തി കമ്പനികളും അവയു ടെ പദ്ധതികളും പ്രദര്‍ശിപ്പിക്കുന്ന പരിപാടി ഗവണ്മെന്റ് ഡെവലപ്മെന്റും ഫ്യൂച്ചര്‍ ഓഫീസും സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ദേശീയ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്ന 15 ഭാവി കേന്ദ്രീകൃത സാമ്പത്തിക മേഖലകളിലായി ഇമാറാത്തി സംരംഭകര്‍ ആരംഭിച്ച 50 സ്റ്റാര്‍ട്ടപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ദേശീയ സ്റ്റാര്‍ട്ടപ്പും ഇന്നൊവേഷന് ലാന്റ്സ്കേപ്പും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘റിയാദ’ പദ്ധതിയുടെ ഭാഗമാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഫിന്‍ടെക്,ഹെല്‍ത്ത്ടെക്,എഡ്ടെക്,എച്ച്ആര്‍ ടെക്,ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ടെക്,സ്പേസ്,സൈബര്‍ സുരക്ഷ,സുസ്ഥിരത,പുനരുപയോഗ ഊര്‍ജം,സ്മാര്‍ട്ട് മൊബിലിറ്റി,അഡ്വാന്‍സ്ഡ്,ക്രിയേറ്റീവ് ഇന്ഡസ്ട്രികള്,ലീഗല്‍ ടെക്,ഷെയറിങ് ഇക്കോണമി തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളാണ് ‘ഫ്യൂച്ചര്‍ 50’യില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍ വകുപ്പുകളുടെ സഹമന്ത്രി ഉഹൂദ് ബിന്ത് ഖല്ഫാന് അല്‍ റൂമി,ഗവണ്മെന്റ് വികസന,ഭാവികാര്യങ്ങളുടെ സഹമന്ത്രി ഉഹൂദ് ബിന്ത് ഖല്ഫാന് അല്‍ റൂമി എന്നിവരും പങ്കെടുത്തു.