
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
ചെയര്മാന് അബ്ദുല്‍ ഹമീദ് മുഹമ്മദ് സഈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്
അബുദാബി: അബുദാബി ഔഖാഫ്,മൈനേഴ്സ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് അബ്ദുല്‍ ഹമീദ് മുഹമ്മദ് സഈദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍ നഖീല്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഔഖാഫ് ആസ്തികളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര സംരംഭങ്ങളുടെയും പദ്ധതികളുടെയും വികസനത്തിലേക്ക് അവയെ നയിക്കുകയും ചെയ്യുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തു. എന്‍ഡോവ്മെന്റുകളുടെ സാമ്പത്തികവും സാമൂഹികവുമായ സ്വാധീനം പരമാവധിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അതോറിറ്റിയുടെ പദ്ധതികള്‍ പ്രതിനിധി സംഘം ശൈഖ് ഹംദാന്‍ ബിന്‍ സായിദുമായി പങ്കുവച്ചു. ഇമാറാത്തി മൂല്യങ്ങളില്‍ വേരൂന്നിയ ദാനത്തിന്റെയും ഉദാരതയുടെയും ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും ഭാവി തലമുറകള്‍ക്ക് ഈ പാരമ്പര്യം കൈമാറുന്നതിലും അബുദാബി ഔഖാഫിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ വിവിധ മേഖലകള്‍ക്ക് വ്യക്തമായ പോസിറ്റീവ് ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
സമഗ്രവും സുസ്ഥിരവുമായ സാമൂഹിക, സാമ്പത്തിക വികസനത്തിന് ഔഖാഫ് മേഖലയുടെ സുപ്രധാന സംഭാവനയെ അംഗീകരിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള യുഎഇയുടെ വിവേകപൂര്‍ണമായ നേതൃത്വത്തിന്റെ താല്പര്യം ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പ്രതിനിധി സംഘത്തെ ധരിപ്പിച്ചു. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സംഭാവന നല്‍കുന്നതുമായ ഫലപ്രദമായ പദ്ധതികളും കമ്മ്യൂണിറ്റി സംരംഭങ്ങളും ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
യുഎഇ പ്രസിഡന്റ് ‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്’ എന്ന പ്രമേയത്തില്‍ ആരംഭിച്ച ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി 2025’ സംരംഭവുമായി ബന്ധപ്പെട്ടാണ് അബുദാബി ഔഖാഫിന്റെ പ്രവര്‍ത്തന പദ്ധതികളെന്ന് ഔഖാഫ് ആന്റ് മൈനേഴ്സ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് അഭിപ്രായപ്പെട്ടു. ദേശീയ മുന്‍ഗണനകള്‍ക്കും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും (എസ്ഡിജി) അനുസൃതമായി സാമ്പത്തിക വരുമാനത്തിനും സാമൂഹിക സ്വാധീനത്തിനും ഇടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന നൂതന നിക്ഷേപ തന്ത്രങ്ങള്‍ അതോറിറ്റി പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.