
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: എസ്എസ്എല്‍സി വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നാട്ടിലും പ്രവാസലോകത്തുമുള്ള പരീക്ഷ വിജയികള്‍. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് നേടുന്ന വിജയത്തിന് മധുരം കൂടും. അബുദാബി മോഡല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹാനിയ അസ്മര്‍ അത്തരമൊരു നേട്ടത്തിലാണ്. ജന്മനാ കേള്‍വിശക്തിയും സംസാര ശേഷയുമില്ലാതിരുന്ന ഹാനിയ സാധാരണ കുട്ടികള്‍ക്കൊപ്പം പഠിച്ചാണ് ഉന്നത വിജയം നേടിയത്. കേരള സിലബസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേട്ടത്തിനൊപ്പം മദ്രസാ പഠനത്തിലും പത്താം ക്ലാസ് ടോപ് പ്ലസ് വിജയം നേടി അധ്യാപകരെയും മാതാപിതാക്കളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ മിടുക്കി.
ജനിച്ച് കുറച്ച് മാസങ്ങള്‍ കൊണ്ട് തന്നെ മകളുടെ പ്രതികരണമില്ലായ്മ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ഏഴാം മാസം മകള്‍ക്ക് കേള്‍വിശക്തിയും സംസാര ശേഷിയുമില്ലെന്ന് തിരിച്ചറിഞ്ഞ വടകര കോട്ടപ്പള്ളി സ്വദേശിയായ അസ്മറും ഭാര്യ മന്‍സൂറയും ഡോക്ടറെ സമീപിച്ചു. നാട്ടിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സകള്‍ക്കായാണ് മൈസൂരിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് തുടര്‍ന്ന് നടന്ന പരിശീലനത്തിലൂടെ കേള്‍വി ശക്തിയില്ലാത്ത ഹാനിയ പതുക്കെ സംസാരിക്കാന്‍ തുടങ്ങി. ഓരോ അക്ഷരങ്ങളും സംസാരിച്ച് പഠിച്ചെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വന്നു. മാതാവ് മന്‍സൂറയുടെ നിരന്തരമായ പരിശ്രമലൂടെ അക്ഷരസ്ഫുടതയോടെ അതിമനോഹരമായി സംസാരിക്കാന്‍ അവള്‍ക്ക് സാധിച്ചു. ഇതിനിടെ കേള്‍വി ശക്തിയില്ലാതിരുന്നിട്ടും സര്‍ക്കാര്‍ സ്കൂളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം ഹാനിയ പഠിച്ചു തുടങ്ങി. സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ പാടെ അവഗണിച്ചു. നാട്ടിലെ സര്‍ക്കാര്‍ ചേര്‍ത്ത് സാധാരണ കുട്ടിയായി അവള് വളരണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിശ്ചയദാര്‍ഡ്യമാണ് ഇന്ന് കാണുന്ന ഉന്നത വിജയത്തിലേക്ക് അവളെ എത്തിച്ചതും. വ്യക്തതയോടെ സംസാരിച്ചു തുടങ്ങിയ ഹാനിയയുടെ കേള്‍വിക്കുറവിനെ മറികടക്കാനായിരുന്നു മാതാപിതാക്കളുടെ അുത്ത ശ്രമം. 5 വയസ് കഴിഞ്ഞതു കൊണ്ടു തന്നെ കേരള സര്‍ക്കാറിന്റെ ശ്രുതിതരംഗം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായും ശ്രമിച്ചു. പക്ഷെ ഫലം കണ്ടില്ല. തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവു വരുന്ന ശസ്ത്രക്രിയ സ്വന്തം പ്രയത്നത്താല്‍ നടത്തി.
8 വയസുള്ളപ്പോഴാണ് ഹാനിയ അബുദാബിയലെത്തുന്നത്. അബുദാബി മോഡല്‍ സ്കൂളിലെത്തിയ അവള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ച പിന്തുണ ചെറുതായിരുന്നില്ല. നാട്ടിലെ സാധാരണ സ്കൂളില്‍ പഠിച്ചു വന്ന ഹാനിയയ്ക്ക് അബുദാബിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബുദ്ധിമുട്ടാകുമെന്നും തോന്നിയെങ്കിലും, അവള് അത് നിസാരമായി മറികടന്നു. സ്കൂളില്‍ നിന്നും ലഭിച്ച പിന്തുണയോടെ അവള് പഠനത്തില്‍ മുന്നേറി. തുടര്‍ന്ന് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത് അബുദാബിയിലെ മഫ്റഖ് ആശുപത്രിയില്‍ നിന്നാണ്. കോക്ലിയര്‍ ഇംപ്ലാന്റേഷനു വേണ്ടി വലിയ ആനുകൂല്യങ്ങള്‍ നല്കി അബുദാബി സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്കിയ പിന്തുണയെ സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് ഈ കുടുബം. തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന സര്‍ക്കാറിനോടുള്ള സ്നേഹവും ദൈവത്തോടുള്ള നന്ദിയും ഇവരുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
പഠിച്ച് കംപ്യൂട്ടര്‍ പ്രൊഫഷണല്‍ ആവണമെന്നാണ് ഹാനിയയുടെ മോഹം. കൂട്ടായി മാതാപിതാക്കളും മൂന്ന് സഹോദരങ്ങളുമുണ്ട്. ഫുള്‍ എപ്ലസ് നേട്ടത്തില്‍ അഭിമാനിക്കുമ്പോഴും തങ്ങളേക്കാള്‍ മനോഹരമായി മകള്‍ സംസാരിക്കുന്നതിലെ സന്തോഷവും മാതാപിതാക്കള്‍ മറച്ചു വെച്ചില്ല. പഠനത്തിലെ മികവിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഹാനിയ മുന്‍പന്തിയില്‍ തന്നെയാണ്. പെയിന്റിംഗിലും കാലിഗ്രാഫിയിലും, ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനും അവള് കാണിക്കുന്ന താല്പര്യത്തിനൊപ്പം നില്‍ക്കുകയാണ് മാതാപിതാക്കള്‍.