
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഇന്റര്‍നാഷണല്‍ ഫിലാന്ത്രോപിക് കൗണ്‍സിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്
അബുദാബി: ഗസ്സയില്‍ യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് യുഎഇ നല്കുന്ന മാനുഷിക സഹായങ്ങള്‍ എടുത്തുകാണിക്കുന്ന ഡോക്യുമെന്ററി ചിത്രം ‘ഹോപ്പ് റിമൈന്‍സ്’ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സില്‍ പുറത്തിറക്കി. യുഎഇയില്‍ നിന്ന് സഹായം ലഭിച്ച ആയിരക്കണക്കിന് ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ജീവിത കഥകളാണ് ചിത്രം പറയുന്നത്. തങ്ങളുടെ സഹോദരങ്ങളായ പലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതില്‍ രാജ്യത്തിന്റെ ചരിത്രപരമായ മാനുഷിക പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ഡോക്യുമെന്ററി. ആഗോള ഡിസ്കവറി ചാനലിലൂടെയാണ് ഡോക്യുമെന്ററിയുടെ ആദ്യം പ്രദര്‍ശനം നടത്തിയത്. ഗസ്സയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെ നേതൃത്വത്തിന്റെ നിരന്തര സഹകരണത്തിന്റെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണകൂടിയാണ് ഈ ഹ്രസ്വ ചിത്രം.
കഴിഞ്ഞ നവംബറിലെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ മുതല്‍ ഗസ്സക്ക് നല്കിയ മൊത്തം മാനുഷിക സഹായത്തിന്റെ 42% യുഎഇയുടെ സംഭാവനകളാണ്. ഇത് ഏകദേശം 828 മില്യണ്‍ ഡോളര്‍ വരും. യുഎഇ എന്ന രാഷ്ട്രത്തെയും ഇവിടത്തെ ജനങ്ങളെയും താമസക്കാരെയും നിര്‍വചിക്കുന്ന ഉദാരതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഡോക്യുമെന്ററി എടുത്തുപറയുന്നു. യുഎഇ സഹായങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളില്‍ നിന്നുള്ള നേരിട്ടുള്ള വിവരണങ്ങള്‍ ഉള്‍പ്പെട്ട ഡോക്യുമെന്ററിയില്‍ സഹായ പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളുമുണ്ട്. അതുല്യവും അഭൂതപൂര്‍വവുമായ പ്രവര്‍ത്തനങ്ങളിലൂടെ സഹായവും കരുതലും ലഭിച്ച പലരുടെയും ആരോഗ്യത്തിലും മാനസിക ക്ഷേമത്തിലുമുണ്ടായ മാറ്റങ്ങളും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. യുദ്ധസമയത്ത് തങ്ങള്‍ അനുഭവിച്ച പ്രയാസകരമായ സാഹചര്യങ്ങളും ഇതേതുടര്‍ന്ന് ഉടലെടുത്ത നിരാശയും തുടര്‍ന്ന് പ്രത്യാശയുടെ പുനരുജ്ജീവനവും ഗുണഭോക്താക്കള്‍ ഡോക്യുമെന്ററിയിലൂടെ വിശദീകരിക്കുന്നു. ഇതെല്ലാം വ്യക്തിപരമായ അനുഭവത്തെ കഥപറച്ചിലുമായി സമന്വയിപ്പിക്കുന്ന ആഖ്യാന ശൈലിയിലൂടെയാണ് അവതരിപ്പിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സിലിന്റെ അന്താരാഷ്ട്ര,ദേശീയ പതിപ്പുകളില്‍ അറബിയിലും ഇംഗ്ലീഷിലും അതോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ദേശീയ ടെലിവിഷന്‍ ചാനലുകളിലും ഈ മാസം മുഴുവന്‍ ‘ഹോപ്പ് റിമെയ്ന്‍സ്’ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ട്.മാനുഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുഎഇ സംഘടനകളുടെ സഹായങ്ങള്‍ എടുത്തുകാണിക്കാനുള്ള കൗണ്‍സിലിന്റെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഈ ചിത്രം. ലോകമെമ്പാടുമുള്ള സഹോദരങ്ങളോടും സുഹൃത്തുക്കളോടും സാഹോദര്യത്തിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ രാജ്യത്തിന്റെ മാനുഷിക സന്ദേശം എത്തിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഇതില്‍ അടിവരയിടുന്നു.
കഴിഞ്ഞ വര്‍ഷം, യുഎഇ,ഈജിപ്ത്,ഗസ്സ മുനമ്പ് എന്നിവിടങ്ങളിലെ ഇമാറാത്തി സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ദുരിതാശ്വാസ,മാനുഷിക സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സന്നദ്ധസേവനം ചെയ്യുന്നവരെയും പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററികളുടെ പരമ്പരയായ ‘ഓണ്‍ ദി ഫ്രണ്ട്ലൈന്’ ഫിലാന്ത്രോപിക് കൗണ്‍സില്‍ ആരംഭിച്ചിരുന്നു.