
അമേരിക്കന്‍ ഭീഷണിക്കെതിരെ പുതിയ വാതില്‍ തുറന്ന് ഇന്ത്യ-റഷ്യ-ചൈന ധാരണ
ലോകത്തെ ഒരു രാഷ്ട്രത്തിനും ഏര്‍പ്പെടുത്താത്ത ഇരട്ടി താരിഫ് ചുമത്തി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന അമേരിക്കക്കെതിരെ പുതിയ സഖ്യം രൂപപ്പെടുന്നു. പുതിയ വാണിജ്യ യുദ്ധം മുറുകുന്ന സാഹചര്യത്തില്‍ ഇന്ത്യയും റഷ്യയും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍ ലോകത്ത് മറ്റൊരു ശക്തമായ കൂട്ടുകെട്ടാണ് രൂപപ്പെടുന്നത്. ഒരു ഘട്ടത്തില്‍ മൈ ഫ്രണ്ട് എന്ന് വാഴ്ത്തി ഡോണാള്‍ഡ് ട്രംപിനെ നരേന്ദ്രമോദി വാഴ്ത്തുകയും അതിന് സ്വന്തം പാര്ട്ടിക്കാര് ഏറ്റുപാടുകയും ചെയ്തപ്പോള്‍ ആരും അത്ര കരുതിയില്ല ട്രംപ് ഇന്ത്യയെ ഇങ്ങനെ ചതിക്കുമെന്ന്. മോദി-ട്രംപ് കൂട്ടുകെട്ടിനെ സംഘ്പരിവാര്‍ ശക്തികള്‍ ഏറെ ആഘോഷിച്ചിരുന്നു. അതിന് കാരണവുമുണ്ട്. ഇന്ത്യയുടെ ആദ്യകാല പ്രധാനമന്ത്രിമാരായ നെഹ്റുവും ഇന്ദിരാഗാന്ധിയും സോവിയറ്റ് യൂണിയനുമായി ഗാഢമായ ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യ ആണവശക്തിയായി മാറിയതും പ്രതിരോധ മേഖല ശക്തിപ്പെടുത്തിയതും അന്നത്തെ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെയായിരുന്നു. അക്കാലത്ത് ഇന്ത്യക്ക് മികച്ച ആയുധങ്ങള്‍ നല്കി റഷ്യ സഹായിച്ചിരുന്നു. പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന ആ ബന്ധത്തെ ഇല്ലായ്മ ചെയ്യും വിധമായിരുന്നു മോദി-ട്രംപ് കൂട്ടുകെട്ട് രൂപപ്പെട്ട് വന്നത്. എന്നാല്‍ റഷ്യയുമായുള്ള ഉറച്ച ബന്ധം പെട്ടെന്ന് തകരുന്നതായിരുന്നില്ല. ഇന്ത്യയുടെ ഉറ്റ മിത്രമായി അവതരിപ്പിക്കപ്പെട്ട ട്രംപ് പൊടുന്നനെയാണ് വ്യാപാര യുദ്ധം തുടങ്ങുന്നതും ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതും. ഇത് ഇന്ത്യന്‍ വിപണിയെ ചെറുതായൊന്നുമല്ല ബാധിച്ചിരിക്കുന്നത്. യുഎസിലെക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചതോടെ ഇന്ത്യന്‍ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കയറ്റുമതി മേഖലയില്‍ മരവിപ്പുണ്ടായി. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പുതിയ പ്രതീക്ഷയുയര്‍ത്തി മോദിയുടെ ചൈന സന്ദര്‍ശനവും പുടിനുമായുള്ള കൂടിക്കാഴ്ചയും നടക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം പുടിന് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാഹചര്യവും ഉയര്‍ന്നുവരുന്നുണ്ട്. ട്രംപ് ഇപ്പോള്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തുന്ന ഭീഷണിക്ക് പിറകില്‍ റഷ്യയുമായുള്ള പ്രത്യേക വാണിജ്യ ബന്ധമാണ്. മാത്രമല്ല, ഉക്രൈന് യുദ്ധത്തില്‍ റഷ്യയെ ഒറ്റിക്കൊടുക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇതൊക്കെയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കയറ്റുമതിക്ക് ആദ്യം 25 ശതമാനം തീരുവയും പിന്നീട് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തത്. ട്രംപുമായി ആദ്യഘട്ടത്തില്‍ തന്നെ വ്യാപാര യുദ്ധം നേരിട്ട് നടത്തുന്ന ചൈനക്കുമേല്‍ പോലും 50 ശതമാനം തീരുവ ഇല്ലെന്നതാണ് ശ്രദ്ധേയം. റഷ്യയില്‍ നിന്നും ഇന്ത്യ കുറഞ്ഞ വിലക്ക് ക്രുഡ് ഓയില്‍ വാങ്ങുന്നതാണ് അമേരിക്കയെ ഏറെ ചൊടിപ്പിച്ചത്. ഇക്കാര്യം അമേരിക്ക തുറന്ന് പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യ വഴങ്ങിയില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഇതെല്ലാം നടക്കുമ്പോള്‍ തന്നെ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വളരുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 69 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യയുടെ എണ്ണ മൂന്നിലൊന്ന് വാങ്ങുന്നത് ഇന്ത്യയാണ്. കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിനാല്‍ ഇന്ത്യ 17 ബില്യണ്‍ ഡോളറിന്റെ അധികവരുമാനമുണ്ടാക്കി. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്മാറിയപ്പോഴാണ് ഇന്ത്യ ആ സാഹചര്യം ഉപയോഗപ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ ഇറക്കുമതിയുടെ 45 ശതമാനവും റഷ്യയില്‍ നിന്നാണ്. ഇക്കാരണത്താല്‍ ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങള്‍ മികച്ച രീതിയില്‍ വിദേശ വിപണിയില്‍ വില്പന നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനും കഴിഞ്ഞു. കൂടാതെ ഇന്ത്യയുടെ ആയുധ ശേഖരണവും അധികവും റഷ്യയില്‍ നിന്നായിരുന്നു. ഇതിനിടയില്‍ ഫ്രാന്‍സ്, ഇസ്രാഈല്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ആയുധം വാങ്ങാന്‍ തുടങ്ങിയിരുന്നുവെങ്കിലും റഷ്യയുടെ പങ്കാളിത്തം തുടര്‍ന്നിരുന്നു. റഷ്യയുമായി ഇന്ത്യ വ്യാപാരം ചെയ്യരുതെന്ന് പറയുന്ന അമേരിക്ക റഷ്യയുമായി കഴിയാവുന്ന മേഖലയിലൊക്കെ കച്ചവടം നടത്തുന്നുണ്ട്. അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള പുതിയ കൂട്ടുകെട്ട് അമേരിക്കന്‍ ഭീഷണിയും ഏകാധിപത്യ പ്രവണതയെയും ശക്തമായി തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഈ ചുവടുമാറ്റം ലോകത്ത് ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തും.