
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബൈ കെഎംസിസി
ഗസ്സ: മേഖലയിലെ ഏറ്റവും ധീരനായ മാധ്യമ പ്രവര്ത്തകന് അനസ് അല്ഷരീഫിനെ ഇസ്രാഈല്‍ സേന ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഗസ്സ പിടിച്ചെടുക്കലും ഇസ്രാഈല്‍ സേനയുടെ നിയമവിരുദ്ധമായ അധിനിവേശവും കൃത്യതയോടും ധീരതയോടും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അനസിനെ വധിച്ചത്. അനസ് അടക്കം അല്‍ജസീറയുടെ നാല് ജീവനക്കാരെയാണ് ഞായറാഴ്ച കൊലപ്പെടുത്തിയത്. ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ട ആകെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 269 ആയി. ലേഖകന്‍ മുഹമ്മദ് ഖ്രീഖെ, ക്യാമറാമാന്മാരായ ഇബ്രാഹിം സഹര്‍, മോമെന്‍ അലിവ, ഇവരുടെ സഹായി മുഹമ്മദ് നൗഫല്‍ എന്നിവരാണ് അല്‍ഷിഫ ആശുപത്രിക്ക് പുറത്തുള്ള ഒരു മീഡിയ ടെന്റില്‍ ഇരിക്കുന്നതിനിടെ ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള നഗ്നമായ ലംഘനവും മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണവുമാണെന്ന് അല്‍ജസീറ പ്രസ്താവിച്ചു. സാധാരണക്കാരെ നിരന്തരം കൂട്ടക്കൊല ചെയ്യുകയും നിര്‍ബന്ധിത പട്ടിണിക്കിടുകയും ഫലസ്തീനികളെ ഇല്ലാതാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഗസ്സയില്‍ ഇസ്രാഈല്‍ സേന നടത്തുന്ന ക്രൂരതക്ക് പുറമെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം. അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതില്‍ അമ്പരന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) പറയുന്നു. വിശ്വസനീയമായ തെളിവുകളില്ലാതെ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇസ്രാഈലിന്റെ രീതി മാധ്യമ സ്വാതന്ത്ര്യത്തോടുള്ള അവരുടെ ഉദ്ദേശ്യത്തെയും ബഹുമാനത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും സിപിജെയുടെ റീജിയണല്‍ ഡയറക്ടര്‍ സാറ ഖുദ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സാധാരണക്കാരാണ്, അവരെ ഒരിക്കലും ലക്ഷ്യം വയ്ക്കരുത്. ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും ഖുദ കൂട്ടിച്ചേര്‍ത്തു.