
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ:ഹൃദയസ്പര്‍ശിയായ വരികളിലൂടെയും മധുരിതമായ ശബ്ദത്തിലൂടെയും സൂഫി ഖവാലിയില്‍ ആത്മീയതയും പ്രണയഭാവങ്ങളും അനുഭവേദ്യമാക്കുന്ന അനുഗൃഹീത കലാകാരന് ഉസ്താദ് കെഎച്ച് താനൂര്‍ യുഎഇയിലെ സംഗീത സദസുകളെ ഭക്തിനിര്ഭരമാക്കുന്നു. നിരവധി ഖവാലി ഗാനങ്ങള്‍ രചിച്ചും ഈണം പകര്‍ന്നും ആലപിച്ചും സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭ, പ്രവാസ ലോകത്തെ ഈദ് ആഘോഷങ്ങളില്‍ പങ്കാളിയായി ആരാധകരെ ആനന്ദിപ്പിക്കുകയാണ്. 13ാം വയസില്‍ സംഗീത ലോകത്ത് കാലെടുത്തുവച്ച താനൂരിലെ ഹനീഫ എന്ന ‘കെഎച്ച് താനൂര്‍’ ഇന്ന് കേരളത്തിലെ സൂഫി ഖവാലി വേദികളിലെ പ്രിയങ്കരനാണ്. ഗായകന്,സംഗീതജ്ഞന്, ഹാര്‍മോണിസ്റ്റ്,രചയിതാവ് ഇങ്ങനെ സര്‍ഗാത്മക യാത്രയുടെ എല്ലാ മേഖലകളിലും താനൂര്‍ നിറഞ്ഞുനില്ക്കുന്നു.
‘ആവതുണ്ടാവും കാലം….അല്ലലില്ലാത്ത നേരം’, ‘നിന്നെ കാണാത്ത കണ്ണ് കണ്ണല്ല…’, ‘അദമിയായ കൂട്ടിനുള്ളില്‍…’ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിക്കുകയും സംഗീതം പകരുകയും ചെയ്തത് ഉസ്താദ് കെഎച്ച് ആണെന്ന് പലര്‍ക്കും അറിയില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് കെഎച്ച് എഴുതി ആലപിച്ച ‘മണ്ണില്‍ പൊതിഞ്ഞൊരു മുത്ത്….മറയാതെ ഖല്ബിനകത്ത്… ‘മായാതെ ഞങ്ങളിലുള്ളം ഉള്ളവരെ….മന്നവര്‍ ശിഹാബ് തങ്ങള്‍ സയ്യിദരെ…’ എന്ന് തുടങ്ങുന്ന ഗാനം കേരളം ഒന്നടങ്കം ഏറ്റെടുക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയതുമാണ്. ആലാപനത്തിലൂടെ ആത്മീയ ഉണര്‍വ് നല്‍കാനും ഓരോ വരികളിലൂടെയും ആത്മാവ് സ്പര്‍ശിക്കുന്ന സന്ദേശങ്ങള്‍ കൈമാറാനുമുള്ള ഈ കലാകാരന്റെ കഴിവ് അപാരമാണ്.
താന്‍ സ്വായത്തമാക്കിയ അറിവ് കേവലം സാഹിത്യപരമല്ലെന്നും ആത്മീയമായ ഉള്‍ക്കാഴ്ചയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആത്മീയ ഗുരു ഹബീബ് ഷാ പെരുവയലിന്റെ ശിക്ഷണമാണ് രചനകള്‍ക്ക് പിന്നിലെ പ്രധാന പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഗൃഹാന്തര മെഹ്ഫില്‍ വേദികളില്‍ വിവിധ എമിറേറ്റുകളില്‍ താനൂര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു. സൂഫി ഖവാലിയുടെ ശൈലിയില്‍ മാത്രം ഒതുങ്ങാതെ,അതിന്റെ ആത്മസത്തയും ഭാവങ്ങളുടെ ആഴവുമാണ് താനൂരിന്റെ സംഗീതത്തെ വേറിട്ടു നിര്‍ത്തുന്നത്.
സൂഫി കലാമിന്റെ സന്ദേശം കൂടുതല്‍ ഹൃദയങ്ങളിലേക്ക് എത്തിക്കാനും ആത്മീയമായ അനുഭവം നല്‍കാനും ഈ ഹ്രസ്വ സന്ദര്‍ശനം അദ്ദേഹം ലക്ഷ്യമാകുന്നു. ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ട് ഉസ്താദ് അന്‍വര്‍ അലി ഖാന്,ടിപി ആലിക്കുട്ടി ഗുരുക്കള്‍,ആലപ്പി ഷെരീഫ് തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ കലാ രംഗത്തെ, പ്രധാന ഗുരുനാഥന്മാര്. ഡോ.അന്‍വര്‍ അമീന്റെ സാന്നിധ്യത്തില്‍ ഡോ.അബ്ദുസ്സലാമും ഷംസുദ്ദീന് നെല്ലറയും ചേര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദുബൈയില്‍ ആദരിച്ചു. അക്ബര്‍ ഷാ,നിഥിലേഷ്,നാസര്‍ പങ്കെടുത്തു.