
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
ഷാര്‍ജ: നൂറ്റി അമ്പതിലേറെ മാമ്പഴ വൈവിധ്യങ്ങളുടെ മധുര കലവറയൊരുക്കി നാലാമത് ഖോര്ഫക്കാന് മാമ്പഴോത്സവത്തിന് പ്രൗഢ പരിസമാപ്തി. ‘മാമ്പഴം: നമ്മുടെ പഴം,നമ്മുടെ സമ്പത്ത്’ എന്ന പ്രമേയത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും ഖോര്ഫക്കാന് മുനിസിപ്പല്‍ കൗണ്‍സിലും ഖോര്ഫക്കാന് സിറ്റി മുനിസിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ത്രിദിന മാംഗോ ഫെസ്റ്റിവല്‍ ചരിത്ര വിജയമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇയില്‍ നിന്നും പുറത്തുനിന്നുമായി 20,000ത്തിലധികം സന്ദര്‍ശകരാണ് എക്സ്പോ കാണാനെത്തിയത്. ഇത്തവണ മാമ്പഴോത്സവത്തില്‍ 100% പങ്കാളിത്ത വര്‍ധനവും മൊത്തം വില്പനയില് ഒരു മില്യണ്‍ ദിര്‍ഹമിലധികം വരുമാനവും നേടിയിട്ടുണ്ട്.
നാല്പതിലധികം പ്രാദേശിക കര്‍ഷകരുടെയും നിരവധി കാര്‍ഷിക,വള കമ്പനികളുടെയും പങ്കാളിത്തവും മേളയെ ശ്രദ്ധേയമാക്കി. സഊദി അറേബ്യ, ഒമാന്‍,പാകിസ്ഥാന്,ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയുടെ അന്താരാഷ്ട്ര സാന്നിധ്യം അടയാളപ്പെടുത്തി. 150ലധികം പ്രീമിയം മാമ്പഴ ഇനങ്ങള്‍ ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഖോര്ഫക്കാനിന്റെയും കിഴക്കന്‍ മേഖലയിലെ മുന്‍നിര കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സവിശേഷ അനുഭവം സമ്മാനിച്ചു. പ്രാദേശിക,അന്തര്‍ദേശീയ പ്രദര്ശകര്ക്കൊപ്പം കുടില്‍ വ്യവസായകരുടെ വലിയ പങ്കാളിത്തവും മേളയെ ആകര്‍ഷിച്ചു. മാമ്പഴ കൃഷിയിലെയും കാര്‍ഷിക ബിസിനസ് നവീകരണത്തിലെയും മികച്ച രീതികളെ കുറിച്ചുള്ള അറിവ് പങ്കുവക്കാനുള്ള അവസരവും മേളയില്‍ ഒരുക്കിയിരുന്നു.
യുഎഇയിലെ മുന്‍നിര കാര്‍ഷിക, പൈതൃക പ്രമേയമുള്ള പരിപാടികളിലൊന്നായി മാമ്പഴോത്സവം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് എക്സ്പോ ഖോര്ഫക്കാന് ഡയരക്ടര്‍ ഖലീല്‍ മുഹമ്മദ് അല്‍മന്‍സൂരി പറഞ്ഞു.
മാമ്പഴോത്സവത്തിന്റെ കാഴ്ചപ്പാടിനെ സമഗ്രമായ പ്രവര്‍ത്തന പദ്ധതികളാക്കി മാറ്റാന്‍ കമ്മിറ്റി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചതായി മാമ്പഴോത്സവ ഏകോപന,തുടര്‍നടപടി കമ്മിറ്റി മേധാവി മുഹമ്മദ് അല്‍ ദര്‍മാക്കി പറഞ്ഞു.