
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കൂട്ടിനാരുമില്ലാതെ രോഗാവസ്ഥയില്‍ ദുബൈയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് പൗരന് തുണയായത് കെഎംസിസി വളണ്ടിയര്‍. താമസിക്കാന്‍ ഇടമില്ലാതെ റോഡരികില്‍ കിടന്നിരുന്ന ഇയാളെ ദുബൈ കെഎംസിസിയിലെ കമ്മ്യൂണിറ്റി പൊലീസ് വളണ്ടിയറായ നിസാര്‍ ഖാലിദ് എത്തിയാണ് റാഷിദിയ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് യുകെ മാഞ്ചസ്റ്റര്‍ സ്വദേശി 72 കാരനായ റൊണാള്‍ഡ് ഹാര്‍ളി ബര്‍ദുബൈയിലെ റോള സ്ട്രീറ്റില്‍ ടാക്സിയില്‍ വന്നിറങ്ങുന്നത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് നടക്കാനാവാത്ത വിധം കാലുകളില്‍ വൃണമുള്ള ഇയാള്‍ വീല്‍ചെയറിലാണ് ടാക്സിയിലെത്തിയത്. റൊണാള്‍ഡ് പറഞ്ഞ പ്രകാരമുള്ള അഡ്രസിലുള്ള കെട്ടിടത്തിലേക്ക് ടാക്സി ഡ്രൈവര്‍ എത്തിച്ചെങ്കിലും അവിടെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഒടുവില്‍ ടാക്സി ഡ്രൈവര്‍ തൊട്ടടുത്തുള്ള കഫ്റ്റീരിയക്ക് അടുത്ത് വീല്‍ ചെയറില്‍ ഇരുത്തി സ്ഥലം വിട്ടു. മണിക്കൂറുകളോളും ഒരാള്‍ വീല്‍ ചെയറില്‍ ഇരിക്കുന്നതു കണ്ട കഫ്റ്റീരിയ മാനേജര്‍ ഉനൈസ് കാര്യമന്വേഷിച്ചു. കൂട്ടാന്‍ ബന്ധു വരുമെന്ന് പറഞ്ഞെങ്കിലും രാത്രി ഏറെ വൈകിയും റൊണാള്‍ഡിനെ അന്വേഷിച്ച് ആരുമെത്തിയില്ല. രണ്ടാം ദിവസവും ഇത് തുടര്‍ന്ന്. ആരും വരുന്നില്ലെന്ന് മനസിലാക്കിയ കഫ്റ്റീരിയ ജീവനക്കാര്‍ ഭക്ഷണവും ബ്ലാങ്കറ്റും മറ്റും നല്കി ഇയാളെ സഹായിച്ചു. മൂന്നാം ദിവസവും ഇത് തുടര്‍ന്നപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും റൊണാള്‍ഡ് എവിടെയും പോവാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കള്‍ വരുമെന്ന് പറഞ്ഞ് വാശിപിടിച്ച് അവിടെ തന്നെയിരുന്നു. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് പരിസരത്തുള്ളവര്‍ കെഎംസിസി വളണ്ടിയര്‍ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ദുബൈ കോടതിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നിസാര്‍ ഖാലിദ് സ്ഥലത്തെത്തി റൊണാള്‍ഡിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനമൊരുക്കി. ദുബൈ ആംബുലന്‍സിന്റെ സഹായത്തോടെ റാഷിദിയ ആശുപത്രിയിലേക്ക് മാറ്റി.
നിസാര്‍ ഏറെ നേരം സംസാരിച്ച് കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം മാത്രമാണ് അവിടെ നിന്നും മാറാന്‍ റൊണാള്‍ഡ് തയാറായത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള റൊണാള്‍ഡിന് 90 ദിവസത്തെ വിസയുണ്ട്. ദുബൈയിലെ ഏതോ ഹോട്ടലില്‍ താമസിച്ചിരുന്ന റൊണാള്‍ഡിനെ ആരോരുമില്ലെന്നറിഞ്ഞതോടെ ഉപേക്ഷിച്ചതാവാമെന്നാണ് കരുതുന്നത്. അവധി ദിവസം കഴിഞ്ഞാല്‍ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട് റൊണാള്‍ഡിനെ നാട്ടിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിസാര്‍ ഖാലിദ് പറഞ്ഞു.