
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: സെപ്തംബറില്‍ യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സജ്ജീകരിച്ച ഹെല്പ് ഡെസ്കില്‍ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ച ദുബൈ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആദരം നല്കി. യുഎഇ പൊതുമാപ്പ് കാലയളവില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ സംഘടനാ വളണ്ടിയര്‍മാര്‍ നിസ്വാര്‍ത്ഥ സേവനമാണ് അവരവരുടെ ഹെല്‍പ്പ് ഡെസ്കിലൂടെ നിര്‍വഹിച്ചത്. മുവ്വായിരത്തിലധികം ആളുകളെ നാട്ടിലേക്ക് അയക്കാനും നിരവധി പേര്‍ക്ക് യുഎഇയില്‍ തന്നെ തുടരുന്നതിന് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും ഹെല്‍പ്പ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് തിരിക്കുന്നവരില്‍ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100 ഓളം പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ ദുബൈ കെഎംസിസി ഹെല്‍പ്പ് ഡെസ്കിലൂടെ ഏര്‍പ്പാട് ചെയ്തു കൊടുത്തു.
കോണ്‍സുലേറ്റ് ഹാളില്‍ നടന്ന ആദരം ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന് വളണ്ടിയര്‍മാര്‍ക്ക് പ്രശംസാപത്രം കൈമാറി. പൊതുമാപ്പ് കാലയളവില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനത്തിന് വളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. അഡ്വ.സാജിദ് അബൂബക്കര്‍,മുഹമ്മദ് അഷ്റഫ് വെമ്മരത്തില്‍,ഹംസ നടുവണ്ണൂര്‍,ദുബൈ കെഎംസിസി വിമന്‍സ് വിങ് പ്രസിഡന്റ് സഫിയ മൊയ്ദീന്,ട്രഷറര്‍ നജ്മ സാജിദ്,ഷാജിത ഫൈസല്‍ എന്നിവര്‍ പ്രശംസാപത്രം ഏറ്റുവാങ്ങി.