
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മുഹമ്മദ് നബി (സ്വ) ഒറ്റ രാത്രിയില്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് നടത്തിയ രാത്രി സഞ്ചാരവും (ഇസ്റാഅ്) ശേഷം ഏഴ് ആകാശങ്ങള്ക്കപ്പുറത്തേക്കുള്ള ആരോഹണവും (മിഅ്റാജ്) അത്ഭുത കാഴ്ചകള്‍ സമ്മാനിച്ച അവിശ്വസനീയ പ്രയാണങ്ങളാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള ഈ വിസ്മയ പ്രയാണങ്ങളെപ്പറ്റി നബി (സ്വ) വിവരിക്കുമ്പോഴാണ് ജനം അറിയുന്നത്. പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. സത്യസന്ദേശത്തിന്റെ പ്രചാരണത്തിനായി അന്ത്യപ്രവാചകരായി നിയോഗിതരായ നബി(സ്വ) സത്യത്തിനു വേണ്ടി നിലക്കൊണ്ടവരായിരുന്നു. നബി (സ്വ)യുടെ സത്യസന്ധത അല്ലാഹു തന്നെ ശപഥം ചെയ്ത് വിവരിക്കുന്നുണ്ട്: നിപതിക്കുന്ന നക്ഷത്രം തന്നെ സത്യം. നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുര്‍മാര്‍ഗിയാവുകയോ ചെയ്തിട്ടില്ല. ദിവ്യസന്ദേശമായി കിട്ടുന്ന വഹ്യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല.(സൂറത്തുന്നജ്മ് 1,2,3,4). ഒരു കാര്യം കൂട്ടലോ കുറച്ചിലോ കൂടാതെ സന്മാര്ഗ ദര്‍ശനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചവരായിരുന്നു നബി (സ്വ). നബി(സ്വ) ഈ പ്രയാണങ്ങളില്‍ കണ്ട കാണാക്കാഴ്ചകളെല്ലാം സ്വയം ഉള്‍ക്കൊള്ളുകയായിരുന്നു. ആ ദൃശ്യം അവിടത്തെ ഹൃദയം വ്യാജമാക്കിയിട്ടില്ല(സൂറത്തുന്നജ്മ് 11).
ഈ യാത്രകള്‍ സത്യസന്ദേശത്തിന്റെയും സാക്ഷാത്ക്കാരത്തിന്റേതുമായിരുന്നു. രാപ്രയാണത്തിന്റെ കാര്യം ജനങ്ങളോട് പറഞ്ഞപ്പോള്‍ അവരത് അവിശ്വസിക്കുമെന്ന് നബി(സ്വ)ക്ക് അറിയാമായിരുന്നു(ഹദീസ് അഹ്മദ് 282). നേരിട്ടുള്ള ബോധ്യങ്ങളെ മാത്രം നേരെന്ന് നിര്വചിക്കുന്നവരായിരുന്നു അന്നത്തെ മക്കാ സമൂഹം. നബി(സ്വ)യെ ചെറുപ്പത്തില്‍ സത്യസന്ധനെന്നും വിശ്വസ്തനെന്നും ഓമനപ്പേരിട്ടു വിളിച്ച അവര്‍ക്ക് നബി (സ്വ)യുടെ സത്യസന്ധത നന്നേ ബോധ്യമായിരുന്നു. എന്നാല്‍ അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഈ പ്രയാണം അവരാരും വിശ്വസിച്ചില്ല.
എന്നാല്‍ എന്നും സത്യത്തിന്റെ സുകൃതസ്വരൂപം തന്നെയായിരുന്നു പ്രവാചകര്‍ (സ്വ). ആ സത്യസന്ധത അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. അല്ലാഹുവിനേക്കാള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നവരായി ആരുണ്ട് (സൂറത്തുന്നിസാഅ് 87). സൂറത്തുന്നജ്മ് മൂന്നാം സൂക്തത്തില്‍ പ്രസ്താവിക്കപ്പെട്ട പ്രകാരം നബി (സ്വ) തന്നിഷ്ട പ്രകാരം ഒന്നും ഉരുവിടുകയില്ലയെന്ന് അല്ലാഹു തീര്ച്ചപ്പെടുത്തിയതാണല്ലൊ. നബി (സ്വ)യുടെ വിളിയാളങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അല്ലാഹു കല്‍പ്പിച്ചതാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ,അല്ലാഹുവിനും റസൂലിനും ഉത്തരം ചെയ്യുക. നിങ്ങളെ സജീവരാക്കാനുള്ള സല്‍പന്ഥാവിലേക്ക് വിളിക്കുമ്പോള്‍(സൂറത്തുല്‍ അന്‍ഫാല്‍ 24). മാത്രമല്ല സ്വന്തത്തില്‍ നേര് മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്ന് നബി (സ്വ) തറപ്പിച്ചുപറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്മദ് 651).
നബി (സ്വ) തങ്ങള്‍ വലിയ സത്യമാണ്. ലോകത്തിന് സത്യസന്ധത പഠിപ്പിച്ച പ്രവാചകരുമാണ്. നബി (സ്വ) പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും ഇഷ്ടപ്പെടുന്നുവെങ്കില്‍, വിശ്വസിച്ചേല്‍പ്പിച്ച സൂക്ഷിപ്പുബാധ്യതകള് അര്‍ഹര്‍ക്ക് ചെയ്തുകൊടുക്കുക. സംസാരത്തില്‍ സത്യസന്ധത പുലര്‍ത്തുക. അബ്ദുല്ലാഹി ബിനു സലം(റ) പറഞ്ഞത് ഇങ്ങനെ: ഞാന്‍ നബി (സ്വ) യുടെ മുഖം കണ്ടപ്പോള്‍ എനിക്ക് മനസിലായി ഇതൊരു കളവ് പറയുന്നയാളുടെ മുഖമല്ലെന്ന്. പ്രവാചകന്മാര്ക്കെല്ലാവര്ക്കും അല്ലാഹു സത്യസന്ധതാ വിശേഷം പ്രധാനമായും നല്‍കിയിട്ടുണ്ട്. അവരുടെ പൂര്‍ത്തീകരണമാണ് അന്ത്യദൂതരായ മുഹമ്മദ് നബി (സ്വ).
ഇസ്റാഇന്റെ കാര്യത്തില്‍ നബി (സ്വ)യെ അവിശ്വസിച്ചയാളുകള് നേരെ അബൂബക്കര്‍ സിദ്ദീഖിന്റെ(റ) അടുത്തേക്ക് പോയി പറഞ്ഞു: താങ്കളുടെ സഹചാരി ഇന്നലെ രാത്രി അത്ഭുതപ്രയാണം നടത്തിയെന്ന് വാദിക്കുന്നു. താങ്കളെന്ത് പറയുന്നു? സിദ്ദീഖ്(റ) പറഞ്ഞു: നബി (സ്വ) അങ്ങനെ പറഞ്ഞുവോ? അവര്‍: അതെ എന്നു മറുമൊഴി നല്കി. അപ്പോള്‍ സിദ്ദീഖ് (റ) പറഞ്ഞ മറുപടി ഏവരെയും പിടിച്ചുകുലുക്കുന്നതായിരുന്നു: നബി (സ്വ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണ്. അതിനേക്കാള്‍ അവിശ്വസനീയമായത് നബി (സ്വ) പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. പ്രഭാതത്തിലോ പ്രദോഷത്തിലോ ആകാശ വിശേഷങ്ങള്‍ വന്നുപറഞ്ഞാലും ഞാന്‍ വിശ്വസിക്കും. നബി (സ്വ)യെ വിശ്വസിച്ച അബൂബക്കര്‍ സിദ്ദീഖിനെ(റ) അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ സൂറത്തുസ്സുമര്‍ 16ാം സൂക്തത്തില്‍ പ്രശംസിച്ചു പറഞ്ഞത് ഇപ്രകാരമാണ്: സ്വഹാബികളെല്ലാം നബി (സ്വ) പറഞ്ഞതെന്തും വിശ്വസിക്കുന്നവരായിരുന്നു.
ഇസ്റാഅ് മിഅ്റാജ് പ്രയാണങ്ങള്‍ നല്കുന്ന സന്ദേശം സത്യം പറയുന്നതിന്റെയും സത്യമാക്കി വിശ്വസിക്കുന്നതിന്റെയും ആദര്‍ശങ്ങളാണ്. നമ്മുടെ നിത്യജീവിതത്തില്‍ കൊണ്ടുനടക്കേണ്ട സ്വഭാവമാണ് സത്യസന്ധത. ആ സ്വഭാവം മനസിന് ശുദ്ധീകരണം നടത്തുകയും സമാധാനം നല്‍കുകയും ചെയ്യും. സത്യസന്ധത സമാധാനമാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്.മക്കളോട് സത്യം പറഞ്ഞ് ശീലിപ്പിക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്ന നാം സത്യത്തിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.
മിഅ്റാജ് യാത്രയില്‍ നബി(സ്വ) ഒരു കാഴ്ച കാണുന്നു. ഒരാളുടെ വായയുടെ രണ്ടു ഭാഗങ്ങളും മൂക്കും കണ്ണുകളും പിരടിയിലേക്ക് വലിച്ചുകീറപ്പെടുന്ന ദാരുണ കാഴ്ച. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇയാള്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങി ഒരു കളവ് പറയും,ആ കളവ് പരന്ന് പരന്ന് ലോകമാകെ എത്തും. അങ്ങനെയുള്ള ആളാണ് ഇയാള്‍’ എന്നാണ് ഉത്തരം ളഭിച്ചത്. പലരെയും പറ്റിയുള്ള കളവ് ജീവിതകാലം മുഴുവനും അവരെ ദുഖത്തിലാഴ്ത്തും. ചിലരെ പ്രതിസന്ധിയിലാക്കും. ചിലര്‍ക്കെതിരെ വ്യാജ പ്രചാരണങ്ങളായി മാനഹാനി വരുത്തും. കളവ് പരാജയം തന്നെയാണ്. സത്യസന്ധതയാണ് വിജയം. സത്യസാക്ഷികള്ക്കാണ് അല്ലാഹു സ്വര്‍ഗം ഒരുക്കിയിരിക്കുന്നത്.