
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
യുഎഇ രാഷ്ട്രത്തലവന് ശൈഖ് മുഹമ്മദ് ബിനു സായിദ് അല്‍ നഹ്യാന് 2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക ഭദ്രതയിലൂടെയാണ് നമ്മള് മനുഷ്യരുടെ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതും ഐക്യം പൂവണിയുന്നതും. സമൂഹ നിര്‍മിതിയിലൂടെ മാത്രമാണ് മനുഷ്യരുടെ വികാസവും രാഷ്ട്രത്തിന്റെ വികസനവും യാഥാര്‍ത്ഥ്യമാവുന്നത്. ആണും പെണ്ണും ചേര്‍ന്ന് കുടുംബം രൂപപ്പെടുന്നു. കുടുംബങ്ങളിലൂടെ സമൂഹം ഉണ്ടാകുന്നു. അതായത് വ്യക്തികളുടെ ഐക്യരൂപമാണ് സമൂഹം. സമൂഹത്തിന്റെ കെട്ടുറപ്പിന് ഓരോ വ്യക്തിയും ശക്തി പകരേണ്ടിയിരിക്കുന്നു. ഓരോര്ത്തരും ഓരോ വകകളില്‍ ഉത്തരവാദിത്വമുള്ളവരെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ ഒരംഗമെന്ന നിലയില്ഓരോ വ്യക്തിയും സാമൂഹിക സ്പന്ദനങ്ങള്‍ അറിയുകയും സമൂഹത്തിന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും ഭാഗഭാക്കാവുകയും ഇണങ്ങിച്ചേരുകയും വേണം. നബി (സ്വ) പറയുന്നു: സത്യവിശ്വാസി ഇണങ്ങിച്ചേരുന്നവനാണ്, ഇണങ്ങാത്തവനിലും ഇണക്കപ്പെടാത്തവനിലും നന്മയില്ല.
നാമെല്ലാവരും ഒരൊറ്റ സമൂഹമാണ്. ഒരു കെട്ടിടം പോലെയാണ്. അതിലെ ഭാഗങ്ങള്‍ പരസ്പരം ശക്തി പകരുന്നതാണ്. നബി (സ്വ) പറഞ്ഞത് പോലെ നാം ഒരു ശരീരമാണ്. ആ ശരീരത്തിലെ ഒരു അവയവത്തിന് രോഗം വന്നാല്‍ മറ്റു ശരീരഭാഗങ്ങളും പനിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്യും. ഓരോ വ്യക്തിയും സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് നന്മകള് മാത്രം ആഗ്രഹിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടണം. സ്വന്തത്തിന് ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂര്‍ണ സത്യവിശ്വാസി ആകില്ലെന്നാണ് പ്രവാചക പാഠം.
നാം ചെയ്യുന്ന ഓരോ നന്മയും സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് കൂടി അതിന്റെ ഉപകാര ഫലങ്ങള്‍ കിട്ടുന്നെന്ന് ഉറപ്പുവരുത്തണം. ഏവരും പരസ്പരം സ്നേഹത്തിലും സേവനത്തിലും കഴിഞ്ഞുകൂടണം. സമൂഹപുരോഗതിക്കായി മുന്നിറങ്ങുകയും വേണം. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ അന്യോന്യം സഹായിക്കാനാണ് അല്ലാഹു കല്പ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ ഓരോ അംഗങ്ങളും മതചിട്ടകളും ധാര്‍മിക ബോധവും പാലിച്ചുക്കൊണ്ട് ഓരോ രംഗത്തും ജ്വലിക്കണം. പഠിക്കാനും നൂതനാശയങ്ങള്‍ വികസിപ്പിക്കാനും ക്രിയാത്മകമായി ഇടപെടാനും ആവണം. സാമൂഹിക ജീവി എന്ന നിലയില്‍ സ്വന്തം മതം,വീട്,കുടുംബം,തൊഴിലിടം,നാട് എന്നിങ്ങനെയുള്ള വിവിധ ഉത്തരവാദിത്തങ്ങള്‍ യഥാവിധി നിറവേറ്റാനാകണം. കാലങ്ങളിങ്ങനെ കഴിഞ്ഞുപോവും. ചെയ്തുതീര്‍ക്കാനുള്ളത് ചെയ്തേ തീരൂ.
സമൂഹത്തിലെ അടിസ്ഥാന ശിലയാണ് കുടുംബം. കുടുംബങ്ങള്‍ സുസ്ഥിരതയും ഭദ്രതയും കൈവരിച്ചാലേ സമൂഹം മെച്ചപ്പെടുകയുള്ളൂ. സ്നേഹവും ഭക്തിയും മൂല്യബോധവും മതപാഠങ്ങളും പ്രഥമമായി സ്വകുടുംബത്തില്‍ നടപ്പിലാക്കണം. അത് തലമുറകളിലായി സമൂഹത്തിന് ഓജസ്സ് പകരും. വിദ്യാഭ്യാസവും ചിന്താശേഷിയും സ്വഭാവമഹിമയും കുടുംബാംഗങ്ങളില്‍ ഉറപ്പുവരുത്തണം. അത് സാമൂഹിക ഉന്നതിക്ക് നിദാനമാകും. കുടുംബത്തില്‍ തന്നെ മാതാപിതാക്കളോട് നന്മയുള്ളവരാകണം. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങള്‍ ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന് വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യ പ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്നു പോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യുരുത്. ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള് അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം: ‘രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയണമേ’ (സൂറത്തുല്‍ ഇസ്റാഅ് 23, 24). കുടുംബക്കാരോട് ബന്ധം നിലനിര്‍ത്തണം. അവരിലെ അവശരെയും ബലഹീനരെയും സഹായിക്കണം. കുടുംബക്കാര്‍ക്ക് അവരുടെ കടപ്പാടുകള്‍ ചെയ്തുതീര്‍ക്കാനാണ് അല്ലാഹുവിന്റെ കല്പന (സൂറത്തു റൂം 38). അയല്‍വാസികളോടും കടമകളുണ്ട്. അയല്‍വാസികളോട് ഉദാത്ത സമീപനം ചെയ്യുമ്പോഴാണ് സത്യവിശ്വാസം പൂര്ണമാവുന്നതെന്നാണ് നബി (സ്വ) പറഞ്ഞത്.
സുശക്തമായ സമൂഹം അതിലെ അംഗങ്ങളുടെ പ്രയത്നഫലങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. നാം ഓരോര്ത്തരും സമൂഹത്തിന്റെ നന്മകള്ക്കായ വ്യക്തിമുദ്രകള്‍ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യങ്ങളും നൈപുണ്യത്തോടെ പരിപൂര്‍ണമായി ചെയ്തുതീര്‍ക്കണം. ഒരു കാര്യം ചെയ്യുമ്പോള്‍ പരിപൂര്‍ണതയോടെ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും (ഹദീസ് ത്വബ്റാനി 897). നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും അല്ലാഹു നിരീക്ഷിക്കുന്നുവെന്ന ബോധം വേണം. ഉത്തരവാദിത്തങ്ങളെ അവഗണിക്കരുത്. സമയം പാഴാക്കരുത്.
പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തും. നെഗറ്റീവ് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഭദ്രതയില്‍ വിള്ളല്‍ വീഴ്ത്തും. നാം സല്‍സ്വഭാവങ്ങളും മൂല്യങ്ങളും ശീലങ്ങളും പതിവാക്കണം. അന്ത്യനാളില്‍ നബി (സ്വ)ക്ക് ഇഷ്ടപ്പെട്ടവരും ഏറ്റവും അടുത്തിരിക്കുന്നവരും സ്വല്സ്വഭാവികളായിരിക്കും. സമൂഹത്തെ ബാധിക്കുന്ന വെല്ലുവിളികളെ യുക്തമായി നേരിടാന്‍ വ്യക്തികള്‍ തയ്യാറാകണം. അങ്ങനെ അവയെ ശുഭാപ്തിയോടെ നേട്ടങ്ങളായി പരുവപ്പെടുത്തണം. നബി (സ്വ) പറയുന്നു: ജനം നശിക്കട്ടെ എന്നൊരാള്‍ പറഞ്ഞാല്‍ അയാള്‍ തന്നെയായിരിക്കും അവരിലെ ഏറ്റവും നശിച്ചവന്. നല്ല ഭാവിക്ക് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ ഉറച്ച ചുവടുകള്‍ വെച്ച് മുന്നേറൂ.