
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മലയാളികളടക്കം നിരവധി പേര് പിടിയില്‍; പണമിടപാടില്‍ ജാഗ്രത വേണം
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബാങ്കും ആഭ്യന്തര വകുപ്പും നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍,മണി എക്സ്ചേഞ്ചുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സ്ഥാപനങ്ങളില്‍ ഊര്‍ജിത പരിശോധന നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ കേസുകളില്‍ നിയമാനുസൃത നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തതായും വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കള്ളപ്പണമിടപാട് നടത്തുന്നവരുടെ കേന്ദ്രങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളി ഉള്‍പ്പെടെ പിടിയിലായതായാണ് അറിവ്. സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷാ സംവിധാനമാണ് കുവൈത്തിലുള്ളത്. ഇതുസംബന്ധിച്ചുള്ള അന്താരാഷ്ട്ര നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളാണ് കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ദീര്‍ഘകാല (രണ്ടുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ) തടവ് ശിക്ഷയും വലിയ തുക പിഴയുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിനുള്ള ശിക്ഷ. പണത്തിന്റെ തോതനുസരിച്ചാണ് ശിക്ഷാ കാലയാളവും പിഴ പരിധിയും നിശ്ചയിക്കുക.
മദ്യം,മയക്കു മരുന്ന്,ആയുധങ്ങള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ അനധികൃതമായി കുവൈത്തിലെത്തിക്കുന്നതിന് പണമിടപാട് നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റമാണ്. ഇത്തരം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ലോബി പണമിടപാടിന് സാധാരണക്കാരെ ഉപയോഗപ്പെടുത്തുന്നതായി അറിവായിട്ടുണ്ട്. ചെറിയ തുക പ്രതിഫലം നല്കി വ്യക്തികളെ കൊണ്ട് പണമയപ്പിക്കാറാണ് ഇവര്‍ ചെയ്യുന്നത്. ഉല്‍പ്പന്നം കുവൈത്തിലെത്തി പിടിക്കപ്പെട്ടാല്‍ പണമിടപാട് നടത്തിയത് കാരണം ശിക്ഷിക്കപ്പെടുക ഒന്നുമറിയാത്ത സാധാരണക്കാരാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഒരു മലയാളി പ്രവാസിയെ പൊലീസ് ഈയിടെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. കുവൈത്തില്‍ മദ്യം ഇറക്കുമതി ചെയ്യുന്ന കേസില്‍ ഇയാള്‍ പ്രതിയാണെന്നാണ് വ്യക്തമാകുന്നത്. ചെറിയ തുക പ്രതിഫലം വാങ്ങി മറ്റുള്ളവര്‍ക്ക് വേണ്ടി ഇയാള്‍ പണമയക്കാറുണ്ടായിരുന്നത്രെ.
സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് ചെയ്യുന്ന സാമ്പത്തിക ഇടപാടിന്റെ ഉത്തരവാദിത്വം അതത് വ്യക്തിക്കാണ്. ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് വേണ്ടിയും പരിചിതമല്ലാത്ത അക്കൗണ്ടിലേക്കും പണമയക്കരുത്. എല്ലാതരത്തിലുമുള്ള പണമിടപാടുകളിലും സുതാര്യതയും സൂക്ഷ്മതയും പുലര്‍ത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയുമാണ് നിയമക്കുരുക്കില്‍ അകപ്പെടാതിരിക്കാനുള്ളപോംവഴി.