
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
മത്സരങ്ങള്‍,അവാര്‍ഡുകള്‍,വിനോദ,കായിക പരിപാടികള്‍ എന്നിവ സമന്വയിപ്പിച്ചാണ് ആഘോഷം
അബുദാബി: പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യുഎഇയിലുടനീളം പത്തു സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്കായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ‘നമ്മുടെ തൊഴിലാളികള്‍ക്കൊപ്പം ഈദ് സന്തോഷവും’ എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയം;ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ ഷിപ്പ്,കസ്റ്റംസ്,പോര്‍ട്ട്സ് സെക്യൂരിറ്റി,അബുദാബി, ദുബൈ,ഷാര്‍ജ പൊലീസ് എന്നിവയുടെ ജനറല്‍ കമാന്‍ഡുകള്‍,രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ‘തൊഴിലാളിപ്പെരുന്നാള്’ ആഘോഷങ്ങള്‍.
അബുദാബി പോര്‍ട്ട്സ് ഗ്രൂപ്പ്,ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്,അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി,ദുബൈ സിവില്‍ ഡിഫന്‍സ്,ദുബൈ ലേബര്‍ അഫയേഴ്സ് പെര്‍മനന്റ് കമ്മിറ്റി,ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി,ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി,ഷാര്‍ജയുടെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്റ് അതോറിറ്റി,നാഷണല്‍ ആംബുലന്‍സ്,ദുബൈ കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ്,റാസല്‍ഖൈമ സാമ്പത്തിക മേഖല എന്നിവരും ആഘോഷങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.
തങ്ങളുടെ തൊഴിലാളികളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ താല്പര്യമുള്ള സ്വകാര്യ മേഖലയിലെ കമ്പനികളെയും തൊഴില്‍ താമസ സൗകര്യങ്ങളെയും മന്ത്രാലയം ക്ഷണിച്ചു. രാജ്യവ്യാപക മായി ആഘോഷം നടക്കുന്ന 10 സ്ഥലങ്ങളില്‍ അതത് സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും.’സമൂഹത്തില്‍ സഹകരണവും സന്തോഷവും വര്‍ധിപ്പിക്കുന്നതിനും ദേശീയ ആഘോഷങ്ങളിലും പൊതു അവധി ദിവസങ്ങളിലും തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമായാണ് തൊഴിലാളികള്‍ക്കായി പെരുന്നാള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുഎഇയുടെ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ശിലയായും രാജ്യത്തിന്റെ തൊഴില്‍ വിപണിയുടെ അവിഭാജ്യ ഘടകമായും തങ്ങള്‍ തൊഴിലാളികളെ കാണുന്നുവെന്ന് മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹ്സിന് അലി അല്‍ നാസി പറഞ്ഞു. സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മൂല്യങ്ങള്‍ ഉറപ്പിക്കുന്നതിനായി,തൊഴിലാളികളുമായി വീണ്ടും ബന്ധപ്പെടാന്‍ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നതായി തൊഴില്‍ സംരക്ഷണത്തിനായുള്ള ആക്ടിങ് അസി.അണ്ടര്‍സെക്രട്ടറി ദലാല്‍ അല്‍ഷെഹി വ്യക്തമാക്കി. തൊഴിലാളി സംതൃപ്തിയും ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങളുടെ പങ്ക് ശ്രദ്ധേയമാണ്.
ഇത് തൊഴില്‍ വിപണിയില്‍ കൂടുതല്‍ ഊര്‍ജം നല്‍കും. കൂടാതെ,തൊഴില്‍ വിപണിയില്‍ യുഎഇയുടെ മാനുഷികവും സാമൂഹികവുമായ ഇടപെടല്‍ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തൊഴിലാളികള്‍ക്കായി മത്സരങ്ങള്‍,അവാര്‍ഡുകള്‍,വിനോദ കായിക ടൂര്‍ണമെന്റുകള്‍,തുടങ്ങി വ്യത്യസ്ഥമായ വിനോദപരിപാടികളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.