
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
അബുദാബി: സെപ്തംബര്‍ 7ന് പൂര്‍ണചന്ദ്രഗ്രഹണ സമയത്തി ഗ്രഹണ നമസ്കാരം നടത്തണമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഗ്രഹണ നമസ്കാരം നടത്താന്‍ ബാധ്യസ്ഥരായ എല്ലാ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. യുഎഇയുടെ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ്, സകാത്ത് ജനറല്‍ അതോറിറ്റി സെപ്തംബര്‍ 7 ന് വൈകുന്നേരം ഗ്രഹണ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശിച്ചു. രാത്രി 8.27 ന് ആരംഭിച്ച് രാത്രി 10.12 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും രാത്രി 11.57 ന് അവസാനിക്കുകയും ചെയ്യുന്ന ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഇത്. ഗ്രഹണം ഭാഗികമായോ പൂര്‍ണ്ണമായോ ആകട്ടെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരു പോലെ നമസ്കാരം ശുപാര്‍ശ ചെയ്യുന്നതായും കൗണ്‍സില്‍ അറിയിച്ചു. ഗ്രഹണം 82 മിനിറ്റ് ദൈര്‍ഘ്യവും ആഗോള ദൃശ്യപരതയുള്ളതുമാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ് ചന്ദ്രഗ്രഹണം. പ്രത്യേക ഗ്ലാസുകളോ ഫില്‍ട്ടറുകളോ പോലുള്ള ദൃശ്യ സംരക്ഷണം ആവശ്യമില്ല.