സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
രണ്ടുദിനം അധ്യാപകര്‍ വിദ്യാര്‍ഥികളായി

അബുദാബി: അക്ഷരങ്ങള്‍ പഠിപ്പിച്ചും കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും പാട്ടുപാടിയും കൊച്ചു കുട്ടികള്‍ക്ക് മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്കിയ അധ്യാപകര്‍ കുട്ടികളായി മാറിയ അപൂര്‍വ നിമിഷങ്ങള്‍ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാക്ഷ്യം വഹിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴില്‍ നടന്നുവരുന്ന മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ദ്വിദിന അധ്യാപക പരിശീലനക്കളരിയാണ് ഈ വേറിട്ട കാഴ്ചയ്ക്ക് വേദിയായത്.
മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ ചെയര്മാന് എകെ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി അധ്യക്ഷനായി. സെക്രട്ടറി ബിജിത് കുമാര്‍ സ്വാഗതവും ഷാബിയ മേഖല കോര്‍ഡിനേറ്റര്‍ ഷൈനി ബാലചന്ദ്രന് നന്ദിയും പറഞ്ഞു. പരിശീലനത്തിന് മലയാളം മിഷന് റിസോഴ്സ് പേഴ്സണും എഴുത്തുകാരിയുമായ റാണി പികെ നേതൃത്വം നല്കി.
പരിശീലക നല്കിയ കേട്ടെഴുത്ത് തെറ്റാതെ എഴുതിയും ചൊല്ലിക്കൊടുക്കുത്ത കവിതകള്‍ ഏറ്റുചൊല്ലിയും പറഞ്ഞു കൊടുത്ത ചിതറിയ വാക്കുകള്‍ കോര്‍ത്തെടുത്ത് കവിതയും കഥയുമാക്കി മാറ്റിയും അവയെ ഇഷ്ടമുള്ള ശീലുകളില്‍ പാടിയും ബോര്‍ഡെഴുത്ത് വായിച്ചും പരസ്യ പോസ്റ്ററുകള്‍ നിര്‍മിച്ചും കൊച്ചു കൂട്ടങ്ങളായി മാറി പുതിയ ഭാഷാ പരിജ്ഞാനങ്ങള്ക്ക് വഴിതെളിയിക്കുകയായിരുന്നു അധ്യാപകര്‍. വേനലവധി ക്യാമ്പുകളിലെ കുസൃതിക്കുട്ടികളെപ്പോലെ മുതിര്‍ന്നവര്‍ മാറുന്ന മനോഹരമായ കാഴ്ചയായിരുന്നു അധ്യാപക പരിശീലന ക്യാമ്പില്‍ കണ്ടത്. പരിശീലനത്തില്‍ ആദ്യദിവസം 32 അധ്യാപകരും രണ്ടാം ദിവസം 77 അധ്യാപകരും പങ്കെടുത്തു.