
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
മസ്കത്ത്: തൊഴില്‍ കോണ്‍ട്രാക്ട് കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായത് കെഎംസിസി. പ്രശ്ന സങ്കീര്‍ണമായ പ്രദേശത്ത് നിന്നും നാട്ടിലെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയും സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കെഎംസിസിയുടെ കാരുണ്യത്തിന്റെ കരങ്ങളാണ് പിഞ്ച് കുഞ്ഞടക്കമുള്ള ഈ കുടുംബത്തെ രക്ഷിക്കാനെത്തിയത്. പതിനൊന്ന് വര്‍ഷമായി യമനില്‍ കഴിഞ്ഞ മലയാളി കുടുംബം സുരക്ഷിതമായ കഴിഞ്ഞ ദിവസം മസ്കത്തിലെത്തി, ഇന്ന് നാട്ടിലേക്ക് മടങ്ങി. ഇവരുടെ തൊഴില്‍ കോണ്‍ട്രാക്ട് അവസാനിച്ചിരുന്നു. യാത്രാരേഖകള്‍ ലഭിക്കാത്തതിനാല്‍ കൈകുഞ്ഞടക്കം എട്ട് അംഗങ്ങളുള്ള സംഘത്തിന് നാട്ടിലേക്ക് തിരിക്കാനായില്ല. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഒമാന്‍ മസ്കത്ത് റൂവി കെഎംസിസി, സഊദി റിയാദ് കെഎംസിസി എന്നിവയുടെ സംയുക്ത ശ്രമ ഫലമായി റിയാദ് ഇന്ത്യന്‍ എംബസിയാണ് ഇവര്‍ക്ക് എമര്‍ജന്‍സി പാസ് നല്‍കിയത്. തെക്കന്‍ യമനിലെ ഏതനില് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇടുക്കി സ്വദേശിനിയായ അഞ്ജനയാണ് കൈകുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയത്. പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്ന്നാണിത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19ന് ജനിച്ച മകന് ലിയോ ലിയാമിന് പാസ്പോര്‍ട്ട് എടുക്കാനും ഇതുവരെ സാധിച്ചിരുന്നില്ല. നിലവില്‍ യമനില്‍ ഇന്ത്യന്‍ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു ദുരിതത്തിന് കാരണം. മുമ്പ് ജിബൂട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന യമനിലെ ഇന്ത്യന്‍ എംബസി ഇപ്പോള്‍ യമനിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിശ്ചലമാണ്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി സനായില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക കേന്ദ്രവും അടച്ചുപൂട്ടി. എമര്‍ജെന്‍സി പാസ്പോര്‍ട്ട് നേടുന്നതിന് കുടുംബം നാട്ടില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധിപേരെ സമീപിച്ചിരുന്നു. അഞ്ജനയുടെ ഭര്‍ത്താവിന്റെ പാസ്പോര്‍ട്ട് കാലാവധിയുള്ളതായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കൂടെക്കൂട്ടാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലായി. ഇതേതുടര്‍ന്ന് അനൂപ്, അഞ്ജന, ലിബിന്, ലിന്‍സി, ലിയോ ലിയാമിന്, ജാസ്മിന്, ആരോണ്‍, ഡിയോന്‍ എന്നിവരടങ്ങുന്ന എട്ട് പേരുടെ യാത്ര പ്രതിസന്ധിയിലായി. സഊദി കെഎംസിസി നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിയാദ് കെഎംസിസി കണ്ണുര്‍ ജില്ല വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഇര്‍ഷാദ് കായലിന്റെ പേരില്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണുന്നതിനുവേണ്ടി അധികാരപ്പെടുത്തി കോണ്‍സുലേറ്റില്‍ നിന്ന് കുടുംബം വക്കാലത്ത് ഇഷ്യു ചെയ്യിപ്പിച്ചു. അത് പ്രകാരം അദ്ദേഹത്തിന്റെ അപേക്ഷയിലാണ് അഞ്ജനക്കും കുഞ്ഞിനും റിയാദിലെ ഇന്ത്യന്‍ എംബസി എമര്‍ജെന്‍സി പാസ്പോര്‍ട്ട് അനുവദിച്ചു നല്‍കിയത്. ഒമാന്‍ റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, സഊദി കെഎംസിസി നേതാവ് ഷാജി ആലപ്പുഴ, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് യു.പി മുസ്തഫ, റിയാദ് കെഎംസിസി കണ്ണൂര്‍ ജില്ല വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഇര്‍ഷാദ് കായക്കൂല്‍ എന്നിവരുടെ ശ്രമഫലമായാണ് എമര്‍ജന്‍സി പാസ്പോര്‍ട്ട് ലഭിച്ചത്. ഇത്തരം വിഷയങ്ങളില്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം വിലമതിക്കാനാവാത്തതാണെന്ന് മുസ്തഫ കായക്കൂല്‍ പറഞ്ഞു. യമന്‍ അധികൃതരുടെ സഹായത്താല്‍ ഇവര്‍ നാട്ടിലേക്ക് പോകാന്‍ ആദ്യം ഒരു ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താല്‍ക്കാലിക യാത്രാ പാസ്സ് നിര്‍മിച്ചു നല്കാന് യമന്‍ അധികൃതര്‍ ശ്രമിച്ചങ്കിലും വിമാനത്താവളത്തില്‍ അധികൃതര്‍ താല്‍ക്കാലിക പാസ്സുമായി യാത്ര അനുവദിച്ചില്ല. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയിലേക്ക് അയക്കാന്‍ നിര്‍വാഹമില്ലെന്ന് വിമാന അധികൃതര്‍ നിലപാട് എടുത്തതോടെ അന്ന് യാത്ര മുടങ്ങി. പിന്നീട് കെഎംസിസി ഇടപെടലില്‍ ഞായറാഴ്ച ഇഷ്യു ചെയ്ത് കിട്ടിയ എമര്‍ജെന്‍സി പാസ്പോര്‍ട്ട് ഉപയോഗിച്ച് ബസ് മാര്‍ഗം യമനില്‍ എത്തിച്ചു നല്കി. അവിടെ നിന്നും കഴിഞ്ഞ ദിവസം മസ്കത്തിലെത്തി. സംഘം ഇന്ന നാട്ടിലേക്ക് മടങ്ങി. യമനില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളെ മസ്കത്തില് റൂവി കെഎംസിസി നേതാക്കളായ റഫീഖ് ശ്രീകണ്ഠാപുരം, മുഹമ്മദ് വാണിമേല്‍, അമീര്‍ കാവന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.